Sections

കൊടുത്താല്‍ പണി കൊല്ലത്ത് മാത്രമല്ല ലണ്ടനിലും കിട്ടും

Thursday, Jan 20, 2022
Reported By Admin
residency

യുബിഎസിന് 20.4 മില്യണ്‍ പൗണ്ട് വായ്പയാണ് തിരിച്ചടയ്ക്കാനുള്ളത്


കൊടുത്താല്‍ പണി കൊല്ലത്ത് മാത്രമല്ല ലണ്ടനിലും കിട്ടുമെന്നാണ് കിങ്ഫിഷര്‍ രാജാവ് വിജയ് മല്ല്യയുടെ അനുഭവം തെളിയിക്കുന്നത്. ബ്രിട്ടനിലെ ആഡംബര വീടും കിങ്ഫിഷര്‍ രാജാവ് വിജയ് മല്ല്യക്ക് നഷ്ടമായേക്കും. സ്വിസ് ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ആണ് വിജയ് മല്ല്യ നടപടി നേരിടുന്നത്.

യുബിഎസ് ബാങ്കുമായി നിലനില്‍ക്കുന്ന വര്‍ഷങ്ങള്‍ ആയുള്ള കേസിന് സ്റ്റേ അനുവദിക്കാന്‍ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതാണ് വിജയ് മല്ല്യക്ക് തിരിച്ചടിയായത്. ഇതോടെ ലണ്ടനിലെ ആഡംബര വസതിയില്‍ ഇനി മല്യക്ക് തുടരാന്‍ ആയേക്കില്ല. 

ലണ്ടനിലെ റീജന്റ്സ് പാര്‍ക്കിന് അഭിമുഖമായാണ് വിജയ് മല്യയുടെ കിടിലന്‍ ആഡംബര വീട്. കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ആഡംബര ബ്ലംഗ്ലാവാണിത്. മല്യയുടെ 95 വയസ്സുള്ള അമ്മ ലളിതയാണ് ഈ ബംഗ്ലാവ് കൈവശം വച്ചിരിക്കുന്നത്.

യുബിഎസിന് 20.4 മില്യണ്‍ പൗണ്ട് വായ്പയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. ഇതിനായി മല്യ കുടുംബത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ അര്‍ത്ഥല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കുടിശ്ശിക ഈടാക്കുന്നതിനായി വീടിന്റെ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോയേക്കും. 

വായ്പ തിരിച്ചടക്കാനും ലണ്ടനിലെ വീട്ടില്‍ തുടരാനുമായി 2020 ഏപ്രില്‍ വരെ വിജയ് മല്യക്ക് സമയം അനുവദിച്ചിരുന്നു. പിന്നീട് കൊവിഡ് മൂലം നിയമനടപടികളില്‍ തടസമുണ്ടായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഇനി വിജയ് മല്ല്യയ്ക്ക് കഴിഞ്ഞേക്കില്ല. 

എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന് 10,000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചയ്ക്കാതെ മുങ്ങിയ വിജയ് മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി ബാങ്കുകള്‍ കുടിശ്ശിക ഈടാക്കുന്നുണ്ട്. മുബൈയിലെ കിംങ് ഫിഷര്‍ ഹൗസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിറ്റിരുന്നു. 150 കോടി രൂപ മൂല്യം നിശ്ചയിച്ചിരുന്ന വസ്തു 58 കോടി രൂപയ്ക്കാണ് വിറ്റത്. ഒരു കാലത്ത് കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമായിരുന്നു ഇത്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.