Sections

ഊരാളുങ്കൽ സൊസൈറ്റിയുടെ മാറ്റർ ലാബിന് ആയിരത്തോളം അംഗീകൃത ടെസ്റ്റുകൾ നടത്താനുള്ള എൻഎബിഎൽ അക്രഡിറ്റേഷൻ

Sunday, Dec 08, 2024
Reported By Admin
Mater Lab facility with advanced equipment and technicians conducting material tests for NABL-accred

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) യുടെ സംരംഭമായ മാറ്റർ ലാബിന് ആയിരത്തോളം അംഗീകൃത ടെസ്റ്റുകൾ നടത്താനുള്ള നാഷണൽ അക്രഡിറ്റേഷൻ ബോഡി ഫോർ ലബോറട്ടറീസിൻറെ (എൻഎബിഎൽ) അംഗീകാരം ലഭിച്ചു.

നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ നിരവധി അംഗീകൃത മെറ്റീരിയൽ ടെസ്റ്റിംഗ് സേവനങ്ങൾ കാര്യക്ഷമതയോടെ ലഭ്യമാക്കുവാൻ ഇപ്പോൾ മാറ്റർ ലാബിന് കഴിയും. 2022-ൽ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ പരിശോധനാ ലബോറട്ടറിയായ മാറ്റർ ലാബിന് നടത്താൻ കഴിയുന്ന അംഗീകൃത ടെസ്റ്റുകളുടെ എണ്ണം 100-ൽ നിന്ന് 1000 ത്തോളമായി വർധിച്ചു.

സിവിൽ എൻജിനീയറിംഗിൻറെ അടിത്തറയാണ് മെറ്റീരിയൽ ടെസ്റ്റിംഗ്. നിർമാണങ്ങളുടെ ശക്തിയും ദീർഘായുസും ഉറപ്പാക്കുന്ന നിർണായക പ്രക്രിയയാണ് മെറ്റീരിയൽ ടെസ്റ്റിംഗ്. ഐഎസ്ഒ 17025:2017 നിലവാരത്തിലുള്ള എൻഎബിഎൽ അംഗീകൃത ടെസ്റ്റിംഗ് ലബോറട്ടറി ആയ മാറ്റർ ലാബിൽ നിക്ഷ്പക്ഷത, രഹസ്യാത്മകത, സമഗ്രത എന്നിവയ്ക്ക് പ്രധാന്യം നൽകിയാണ് റിപ്പോർട്ടുകൾ തയാറാക്കുന്നത്.

നിർമാണങ്ങളുടെ സമഗ്രത, ഈട്, സുരക്ഷ എന്നിവ ഉറപ്പാക്കുന്നത് മെറ്റീരിയൽ ടെസ്റ്റിംഗിലൂടെയാണ്. കോൺക്രീറ്റ് വിശകലനം ചെയ്യുന്നത് മുതൽ മണ്ണിൻറെ ഗുണങ്ങൾ വിലയിരുത്തുന്നത് വരെ, നിർമാണത്തിൻറെ ഓരോ ഘട്ടത്തിലും കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ട്.

നൂറു ടെസ്റ്റുകളിൽ നിന്ന് ഇപ്പോൾ ആയിരത്തോളം അംഗീകൃത ടെസ്റ്റുകളായി മാറ്റർ ലാബിൻറെ സാധ്യതകൾ വിപുലീകരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടന്ന് യുഎൽസിസിഎസ് മാറ്റർ ലാബ് ജനറൽ മാനേജർ ഫ്രെഡി സോമൻ പറഞ്ഞു. ഇത് ഞങ്ങളുടെ വൈദഗ്ധ്യത്തിൻറെയും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡിൻറെയും പ്രതിഫലനമാണ്. ഞങ്ങളുടെ കഴിവുകൾക്കുള്ള അംഗീകാരമായി ലഭിച്ച ഈ അക്രഡിറ്റേഷനിൽ എൻഎബിഎലിനോട് നന്ദി പറയുന്നു. ഈ അംഗീകാരത്തിലൂടെ ഉപയോക്താക്കളുടെ പ്രൊജക്റ്റുകളെ പിന്തുണയ്ക്കാമെന്നും അവരുടെ സങ്കേതിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മണ്ണ്, പാറ, സിമൻറ്, ഫ്ളൈ ആഷ്, സ്റ്റീൽ, വെള്ളം, കോൺക്രീറ്റ്, കൽപ്പണിക്കുള്ള ബ്ലോക്കുകൾ, കളിമൺ റൂഫ് ടൈലുകൾ, തടി, പ്ലൈവുഡ്, സെറാമിക് ടൈലുകൾ, ടൈൽ പശകൾ, പ്രകൃതി ദത്ത കല്ലുകളായ ഗ്രാനൈറ്റ്, മാർബിൾ എന്നിവയും ജിയോ ടെക്സ്റ്റൈൽസ്, തെർമോ പ്ലാസ്റ്റിക് പൈപ്പുകളും ഫിറ്റിംഗുകളും, ജലവിതരണത്തിനുള്ള ഹൈ-ഡെൻസിറ്റി പോളി എഥിലീൻ പൈപ്പുകൾ, ബിറ്റുമെൻ തുടങ്ങിയവ ലാബിൽ പരിശോധിക്കാം. കോൺക്രീറ്റ്, അസ്ഫാൾട്ട് മിക്സ് ഡിസൈനുകൾ, കോൺക്രീറ്റ് ഡ്യൂറബിലിറ്റി ടെസ്റ്റുകൾ, മണ്ണ് പരിശോധന, കോൺക്രീറ്റ് ഘടനകളുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവയ്ക്കൊപ്പം പ്രത്യേക ഫീൽഡ് ടെസ്റ്റുകളും ഇവിടെ നടത്താനാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.