Sections

വിഴിഞ്ഞം തുറമുഖത്തിൻറെ സമഗ്ര മാസ്റ്റർ പ്ലാൻ അവസാന ഘട്ടത്തിൽ: മന്ത്രി പി രാജീവ്

Tuesday, Jul 30, 2024
Reported By Admin
Conclave on Continuing Investments

നിക്ഷേപക കോൺക്ലേവിൽ വ്യവസായ മന്ത്രി നിക്ഷേപകരുമായി സംവദിച്ചു


കൊച്ചി: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻറെ സാധ്യതകൾ വിവിധ മേഖലകൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് അറിയിച്ചു. നിർമ്മാണ മേഖല, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിഴിഞ്ഞത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മാസ്റ്റർ പ്ലാൻ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനും (കെഎസ്ഐഡിസി) സംയുക്തമായി സംഘടിപ്പിച്ച കോൺക്ലേവിൽ നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് അഞ്ച് കോടിയിലിധികം രൂപ നിക്ഷേപിച്ച 282 നിക്ഷേപകർക്കായാണ് കോൺക്ലേവ് നടത്തിയത്.

സോളാർ മേഖലയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുകയുടെ 25 ശതമാനം സർക്കാർ തിരികെ നൽകുന്നുണ്ടെന്നും 2023 ലെ വ്യാവസായിക നയത്തിൽ കണ്ടെത്തിയ മുൻഗണനാ മേഖലകൾക്ക് പരമാവധി 25 ലക്ഷം രൂപ ഇൻസെൻറീവ് നൽകുമെന്നും മന്ത്രി പറഞ്ഞു. 12 മുൻഗണനാ മേഖലകളെ കേന്ദ്രീകരിച്ച് റൗണ്ട് ടേബിൾ പരമ്പരകൾ നടത്തുമെന്ന് ഓരോ മേഖലയിലേയും പ്രശ്നങ്ങൾ പരാമർശിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. റോബോട്ടിക്സ് പരമ്പരയിലെ ആദ്യത്തേത് ഓഗസ്റ്റ് 24 ന് കൊച്ചിയിൽ നടക്കും. നിക്ഷേപകരും ഗവേഷകരും സ്റ്റാർട്ടപ്പുകളും ഇൻറർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിളിൽ ഇടംപിടിക്കും.

വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന നിക്ഷേപകർ കെഎസ്ഐഡിസി സംരംഭങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും സംരംഭങ്ങൾ തുടങ്ങുന്നതിൽ സർക്കാരിൻറെ പിന്തുണയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

Conclave on Continuing Investments
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കെഎസ്ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച കോൺക്ലേവിൽ വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപകരുമായി സംവദിക്കുന്നു. ഫിക്കി കോ-ചെയർമാൻ (കേരള സ്റ്റേറ്റ് കൗൺസിൽ) ദീപക് അസ്വാനി, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി എന്നിവർ സമീപം.

തുടർന്ന് നടന്ന സെഷനിൽ കേരളത്തിൽ നിന്നുള്ള മുൻനിര സംരംഭങ്ങളെ പ്രതിനിധീകരിച്ച് വ്യവസായ പ്രമുഖർ അനുഭവങ്ങൾ പങ്കിടുകയും നിക്ഷേപകരുമായി സംവദിക്കുകയും ചെയ്തു.

സംരംഭങ്ങളിൽ സാങ്കേതികവിദ്യ ഉൾക്കൊള്ളുകയും അതിൻറെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സിന്തൈറ്റ് ഡയറക്ടർ അജു ജേക്കബ്ബ് പറഞ്ഞു. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്ന കേരളത്തിൽ അതിനോടു ചേർന്നു നിൽക്കുന്ന നിക്ഷേപങ്ങൾക്കാണ് സാധ്യത. ഉത്പന്നങ്ങൾക്ക് ആഗോള നിലവാരം ഉറപ്പാക്കുകയും നിരന്തരം ഗുണനിലവാരം മെച്ചപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സബ്സിഡിയെ മാത്രം പ്രതീക്ഷിച്ച് സംരംഭങ്ങൾ ആരംഭിക്കരുതെന്നും സർക്കാരിൽ നിന്ന് ലഭിക്കുന്ന സബ്സിഡിയെ സംരംഭത്തിനുള്ള അധിക സഹായമെന്ന നിലയിലാണ് കാണേണ്ടതെന്നും കെഎസ്ഐഡിസി ഡയറക്ടറും വികെസി ഗ്രൂപ്പ് എംഡിയുമായ വികെസി റസാക്ക് പറഞ്ഞു. വികെസി ഗ്രൂപ്പ് രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ ബിസിനസ് ചെയ്യുന്നുണ്ട്. എന്നാൽ ബിസിനസിന് ഏറ്റവും മാന്യതയും അർഹിക്കുന്ന പിന്തുണയും നൽകുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്പന്നങ്ങൾ ഫലപ്രദമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് ഒരു സംരംഭത്തിൽ ഏറ്റവും പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യമെന്ന് വിഎൻജി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു അഭിപ്രായപ്പെട്ടു. ഒരു സംരംഭകൻ ഏറ്റവും ചെറിയ രീതിയിലുള്ള സംരംഭങ്ങൾക്ക് മാത്രമേ ആദ്യം തുടക്കമിടാവൂ. പിന്നീട് വിപണിയിൽ നിന്നുള്ള പിന്തുണയ്ക്കനുസരിച്ച് നിക്ഷേപവും സംരംഭത്തിൻറെ വലുപ്പവും കൂട്ടാം. ഒരു സംരംഭത്തെ മുന്നോട്ടു നയിക്കുന്നത് തന്ത്രപരമായ സമീപനങ്ങളും തീരുമാനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികൾ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്ന് ബൈഫ ഡ്രഗ് ലബോറട്ടറീസ് സിഇഒയും എംഡിയുമായ അജയ് ജോർജ് വർഗീസ് ചൂണ്ടിക്കാട്ടി. സംരംഭം മുന്നോട്ടു കൊണ്ടുപോകുമ്പോൾ നേരിടുന്ന പല പ്രശ്നങ്ങളും പുതിയ ആശയങ്ങളിലേക്കും സമ്പ്രദായങ്ങളിലേക്കും വഴിതിരിച്ചു വിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.