- Trending Now:
സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി 'മിഷൻ 2030' എന്ന പേരിൽ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2030 ആകുമ്പോഴേക്കും സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിനായുള്ള ഈ മാസ്റ്റർ പ്ലാൻ അടുത്ത വർഷത്തോടെ തയാറാക്കും. അഡ്വഞ്ചർ, വെൽനെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്. സർക്കാർ - സ്വകാര്യ മേഖലയിലെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര മേഖലയെ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി 'കേരളത്തിലെ വിനോദ സഞ്ചാര മേഖല' എന്ന വിഷയത്തിൽ മാസ്കോട്ട് ഹോട്ടലിൽ നടന്ന സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി പശ്ചാത്തല വികസന പദ്ധതികൾ ആവിഷ്കരിക്കും. മൂന്നാറിൽ കേബിൾ കാർ സർവീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ ഉപദേശകസമിതി കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ടൂറിസം മാറ്റത്തിന്റെ പാതയിലാണ്. കോവിഡിനു മുൻപുള്ള സാമ്പ്രദായിക രീതികളിൽ നിന്നും ടൂറിസം പുതിയ വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ്, ടൂറിസം മേഖലയെ തളർത്തിയപ്പോൾ ഡൈൻ ഇൻ കാർ പ്രോഗ്രാം, വാക്സിനേറ്റഡ് ഡെസ്റ്റിനേഷൻ പോലെ വ്യത്യസ്തമായ പല പദ്ധതികളും സംസ്ഥാനം ആവിഷ്കരിച്ചു. അതോടെ സുരക്ഷിതമായ ടൂറിസം എന്നതിനു വലിയ പ്രാധാന്യം ലഭിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം നമുക്ക് പ്രദാനം ചെയ്യാനായി. ആ ആത്മവിശ്വാസത്തിൽ നിന്നാണ് കേരളം ടൂറിസത്തിലേക്കു തിരിച്ചുവരാൻ ആരംഭിച്ചത്.
കോവിഡിന് ശേഷം 'വർക്കേഷൻ' എന്ന ട്രെൻഡിനെ സംസ്ഥാനം പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. വയനാടിനെ 'വർക്കേഷ'നുള്ള കേന്ദ്രമായി കാണിച്ച് ബംഗളുരു പോലുള്ള ഐ.ടി നഗരങ്ങളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചത് വലിയ ഉണർവുണ്ടാക്കി. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും അതു വഴി കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ടൂറിസത്തിന്റെ പങ്കാളിത്തം വർധിപ്പിക്കാനും കേരളീയം പോലുള്ള പരിപാടികൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയുടെ ഉൾത്തുടിപ്പുകളെല്ലാം ടൂറിസം പ്രവർത്തനങ്ങളാക്കി മാറ്റാൻ നമുക്കാവണമെന്നും ഗ്രാമാന്തരങ്ങളിൽ ടൂറിസം വ്യാപിപ്പിക്കുന്ന രൂപത്തിലുള്ള മാതൃകാപരമായ പദ്ധതികളാണ് ടൂറിസം മേഖലയിൽ കേരളം രൂപപ്പെടുത്തേണ്ടതെന്നും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. പോസിറ്റീവായ മനസുണ്ടാക്കുക എന്നതാണ് ടൂറിസത്തിന്റെ ലക്ഷ്യം. എന്തിനെയും എതിർക്കുക എന്ന രീതി നാം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തനിമ' എന്നതാണ് ടൂറിസം മേഖലയിലെ കേരളത്തിന്റെ ആസ്തിയെന്നും ഇത് ഉപയോഗപ്പെടുത്തി ഈ മേഖലയിൽ കേരളം മുന്നേറണമെന്നും സി.സി.ജി എർത്ത് സഹസ്ഥാപകനായ ജോസ് ഡൊമിനിക് അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയിൽ ആയുർവേദത്തിന് ഒട്ടേറെ സംഭാവനകൾ നൽകാനാവുമെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ പി.എം. വാരിയർ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന് കേരളം കൂടുതൽ പ്രാധാന്യം നൽകണമെന്നും ടൂറിസത്തെ കേരളം കൂടുതലായി മാർക്കറ്റ് ചെയ്യണമെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. സാഹസിക വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഒരുപാട് സാധ്യതകളാണുള്ളതെന്നും ഗ്രാമീണ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖലയ്ക്കാവുമെന്നും മഡ്ഡി ബൂട്ട്സ് മാനേജിങ് ഡയറക്ടർ പ്രദീപ് മൂർത്തി അഭിപ്രായപ്പെട്ടു.
പൈതൃകം ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി. സജീവ് കുറുപ്പ്, ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഡയറക്ടർ ഹരോൾഡ് ഗുഡ്വിൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ഡയറക്ടർ എം.ആർ. ദിലീപ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ എന്നിവരും സംസാരിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു വിഷയാവതരണം നടത്തി. കേരള സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സീനിയർ പ്രൊഫസർ ഡോ. കെ.എസ്. ചന്ദ്രശേഖർ മോഡറേറ്ററായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.