- Trending Now:
വിലക്കുറവും ആകർഷകമായ ഓഫറുകളുമായി എന്റെ കേരളം മെഗാമേളയിൽ ജയിൽ വകുപ്പിന്റെ വിപണന സ്റ്റാൾ. അട്ടക്കുളങ്ങര വനിത ജയിൽ, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവിടങ്ങളിലെ തടവുകാർ നിർമ്മിച്ച വിവിധ ഉത്പ്പന്നങ്ങളാണ് വിപണന സ്റ്റാളിലുള്ളത്. അട്ടക്കുളങ്ങര വനിത ജയിലിൽ നിന്നും തുണിത്തരങ്ങൾ, ചെരുപ്പ്, ഫിനോൾ, ബെഡ് ഷീറ്റുകൾ, തലയിണകൾ, ക്യാരി ബാഗുകൾ, തുടങ്ങിയവയാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും അടുക്കള ഉപകരണങ്ങൾ, ഈസി ചെയർ, തടി കസേര, മേശ, തടി കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കൾ എന്നിവ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. ജയിലിലെ കാർപെന്ററി വിഭാഗമാണ് തടികൊണ്ടുള്ള വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന വനശ്രീ എക്കോ ഷോപ്പിൽ വിവിധയിനം തേൻ, മറയൂർ ശർക്കര, വനങ്ങളിൽ നിന്നും ശേഖരിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ, ഔഷധങ്ങൾ എന്നിവ വിൽപ്പന നടത്തുന്നുണ്ട്.
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് അൻപത് ശതമാനം വിലക്കുറവിൽ വിവിധ തരം കയർ ഉത്പ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ചകിരിയിൽ നിർമ്മിച്ച ചെടിച്ചട്ടികൾ, കയർ കൊണ്ടുള്ള ചവിട്ടു മെത്തകൾ, മെത്തകൾ എന്നിവയാണ് വിപണനം നടത്തുന്നത്. മൂല്യവർധിത മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന രുചികളാണ് സാഫ് ഇത്തവണയും മേളയിലെത്തിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള മീൻ അച്ചാറുകൾ, ഉണക്കമീൻ എന്നിവ വമ്പിച്ച വിലക്കുറവിൽ വാങ്ങാം.
കൗതുകമേറെയൊളിപ്പിച്ചാണ് സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാൾ മേളയിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ വിവിധ ഭിന്നശേഷി സ്കൂളുകൾ, സൈക്കോ സോഷ്യൽ സ്ഥാപനങ്ങളിലേയും പലപ്രായത്തിലുള്ള വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കൾ, കേക്കുകൾ, ജ്യൂസുകൾ, ചുമർ ചിത്രങ്ങൾ, തുകൽ ഉത്പ്പന്നങ്ങൾ എന്നിവയാണ് സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാളിലുള്ളത്. മുപ്പത് ശതമാനം വിലക്കുറവിൽ ഖാദി വസ്ത്രങ്ങളുടെ വിൽപ്പനയും നടക്കുന്നുണ്ട്. കൈത്തറി വികസന കോർപ്പറേഷന്റെ വിവിധ സ്റ്റാളുകളിലായി മേൽത്തരം ഉത്പ്പന്നങ്ങളുടെ വിപണനവും നടക്കുന്നുണ്ട്. ഇതിന് പുറമെ ചെറുകിട സംരംഭകരുടെ വിപണന സ്റ്റാളുകളും ജനശ്രദ്ധയാകർഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.