- Trending Now:
ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന 30 മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്
മത്സ്യവിപണിയ്ക്ക് ഊര്‍ജം പകരാന്‍ മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുമായി കേരള ഫിഷറീസ് വകുപ്പ്. ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായാണ് അത്യാധുനിക മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനാണ് സാധ്യത. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന 30 മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകരില്‍ നിന്നും ഉള്‍നാടന്‍ മത്സ്യങ്ങള്‍ നേരിട്ട് ശേഖരിച്ച് സര്‍ക്കാര്‍ സ്ഥാപനമായ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വില്‍പന നടത്താനാണ് ശ്രമം.
ഉള്‍നാടന്‍ മേഖലയിലെ മത്സ്യകൃഷിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒരു കേന്ദ്രീകൃത വിപണന സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡാക്കുമായി സഹകരിച്ച് മാര്‍ക്കറ്റിംഗ് ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നിശ്ചിത തുക നല്‍കി വാങ്ങുന്ന മത്സ്യങ്ങള്‍ക്കൊപ്പം അഡാക്കിന്റെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന മത്സ്യങ്ങളും മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നു. ലൈവ് ഫിഷ് മാര്‍ക്കറ്റിംഗ് യൂണിറ്റ്, ഫ്രഷ് ഫിഷ് സെയില്‍ തുടങ്ങിയവ മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളുടെ ഭാഗമായി ഉണ്ടാകും.
ജില്ലാ തലത്തില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് അഡാക്ക് മത്സ്യകര്‍ഷകരെ കണ്ടെത്തുന്നത്. 10 ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുള്ള കേരളത്തിന്റെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പഴകിയ മത്സ്യങ്ങള്‍ വിപണിയിലെത്തുന്നത് തടയാനും ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഔട്ട്ലെറ്റുകള്‍ ഒരുങ്ങുന്നത്.
മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളെ കൂടാതെ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ലോക്ക് മത്സ്യകൃഷി, റിസര്‍വോയറുകളിലെ കൂട് മത്സ്യകൃഷി പദ്ധതികളും ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയില്‍ വഴി ബാണാസുരസാഗര്‍, കാരാപ്പുഴ, പെരുവണ്ണാമൂഴി, കക്കി റിസര്‍വോയറുകളില്‍ 16 കോടി രൂപയാണ് മത്സ്യകൃഷിക്കായി ചെലവഴിക്കുന്നത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യകൃഷി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 66.62 കോടിയും, വിത്തുല്‍പാദന യൂണിറ്റുകള്‍ക്കായി അഞ്ച് കോടി രൂപയും വകയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.