Sections

കാർഷിക ഉൽപ്പന്നങ്ങളുടെ വമ്പിച്ച ശേഖരവുമായി കൃഷി വകുപ്പിന്റെ വിപണന മേള

Monday, Nov 06, 2023
Reported By Admin
Keraleeyam  Agriculture Department Marketing Fair

നാടൻ കാർഷിക ഉൽപന്നങ്ങളുടെയും ബ്രാൻഡഡ് ഉൽപന്നങ്ങളുടെയും വൈവിധ്യ കാഴ്ചകളൊരുക്കി കേരളീയത്തിലെ കൃഷി വകുപ്പിന്റെ വിപണനമേള. എൽ.എം.എസ് ഗ്രൗണ്ടിൽ കാർഷികോൽപന്നങ്ങളുടെ 50 സ്റ്റാളുകൾ സംസ്ഥാനത്തിന്റെ കാർഷിക വൈവിധ്യ വിപണിയുടെ വാതിൽ മലർക്കേ തുറന്നിട്ടിരിക്കുകയാണ്.

മറയൂർ ശർക്കര, ഓണാട്ടുകര എള്ള്, കൈപ്പാട് റൈസ്, പൊക്കാളി അരി, ജീരകശാല-ഗന്ധകശാലാ അരികൾ എന്നീ ഭൗമ സൂചികാപദവി ലഭിച്ച ഉൽപ്പന്നങ്ങളും അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതിയുടെ കുരുമുളക്, ഏലം, ജീരകം ഉൾപ്പെടെ ജൈവമുദ്രയുള്ള ഉൽപന്നങ്ങളും മേളയെ ശ്രദ്ധേയമാക്കുന്നു.

കൃഷിക്കൂട്ടങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേരള കാർഷിക സർവകലാശാല, സൂക്ഷ്മ ചെറുകിട ഇടത്തരം ഉത്പാദകർ, എഫ് പി ഒകൾ എന്നിവ ജൈവ ഉത്പന്നങ്ങളുടെ ശേഖരണവും വിൽപനയുമായി എൽ.എം.എസ്. ഗ്രൗണ്ട് കീഴടക്കിയിരിക്കുന്നത്.

കേരള കാർഷിക സർവകലാശാല അണിയിച്ചൊരുക്കിയ നെൽക്കതിർ കുലയ്ക്കും നെൽക്കതിർ തോരണത്തിനും ആവശ്യക്കാർ ഏറെയാണ്. 250 മുതൽ 3,000 രൂപ വരെയുള്ള നെൽക്കതിർ ഇവിടെ ലഭിക്കും. കാബേജ്, കോളിഫ്ളവർ, വെള്ളരി, കക്കരി, വഴുതന എന്നിവയുടെ തൈകളും വിൽപ്പനയ്ക്കുണ്ട്. ഉമ നെൽവിത്ത്, കൂൺ വിത്ത്, ചമ്പാപച്ചരി, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ്, വെർമി വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങളും മിതമായ നിരക്കിലാണ് ലഭ്യമാക്കുന്നത്.

കാട്ടുതേൻ, ചെറുതേൻ, കശുവണ്ടി,നെല്ലിക്ക, പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, പേരക്ക, മാമ്പഴം എന്നിവയുടെ സ്ക്വാഷുകളും മുരിങ്ങയില സൂപ്പും മുരിങ്ങയില ചമ്മന്തിപ്പൊടിയും ജെല്ലി ജൂസ് അച്ചാറുകളും വേറിട്ട രുചിയാണ് സമ്മാനിക്കുന്നത്. കരിമ്പ്, കാട്ടിഞ്ചി, ഏലക്ക, നേന്ത്രക്കായ പൊടി, ചമ്മന്തിപ്പൊടി, കൂൺ വിത്ത്, റാഗി ഉത്പന്നങ്ങൾ, മുന്തിരി, മാമ്പഴം, ഉണക്കിയ നാളികേരം, അരി, പഴം, ചക്ക, കപ്പ, തേയില, വെളിച്ചെണ്ണ, എള്ളെണ്ണ, ചിപ്സ്, ജൈവ കപ്പ എന്നിങ്ങനെ നാടൻ കാർഷിക വിഭവങ്ങളെല്ലാം വിപണിയെ സമ്പന്നമാക്കുന്നു. പ്രകൃതി സൗഹൃദമായ ജീവാണുവളം, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, വിത്തു തൈകൾ, അലങ്കാര സസ്യങ്ങൾ, കരിമ്പിൻ തൈകൾ തുടങ്ങി കൃഷിയെ സ്നേഹിക്കുന്നവർക്കായി വിഭവങ്ങൾ ഏറെയുണ്ട്ഈവിപണനമേളയിൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.