- Trending Now:
ഒരു മഴയോ പ്രളയമോ കാറ്റോ അടിച്ചാല്‍ വരെ ഒരു വര്‍ഷത്തെ അധ്വാനം പാഴായി പോകുന്നവരാണ് കര്‍ഷകര്‍. അത് അവരെ കടക്കെണിയിലേക്ക് തള്ളിയിടും. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും കര്‍ഷകര്‍ക്ക് താങ്ങാകാറുണ്ട്. കര്‍ഷകര്‍ക്കു മുന്നില്‍ സാധ്യതകളുടെ വലിയ ലോകം തുറന്നിടുന്നുണ്ട് സര്‍ക്കാരിന്റെ പല ധനസഹായപദ്ധതികളും. എന്നാല്‍ പൂര്‍ണമായ അറിവ് ഇല്ലാത്തതുമൂലം ഇവയില്‍ പലതും ലക്ഷ്യത്തിലെത്താതെ പോകുന്നു. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ഏറെയുണ്ട്. കര്‍ഷകരെ സഹായിക്കാനും വഴികാട്ടാനും ധനസഹായം നല്‍കാനും ഏജന്‍സികളും ഉണ്ട്.
നബാര്‍ഡ് പോലുള്ള കേന്ദ്ര ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്കും ഗ്രൂപ്പുകള്‍ക്കും വഴി കാട്ടാനും കാലാനുസൃതമായ ധനകാര്യ വഴികള്‍ കാട്ടാനും സന്നദ്ധരായി രംഗത്തുണ്ട്. എന്നാല്‍ പലരും ഇത്തരം പദ്ധതികളെക്കുറിച്ച് അജ്ഞരാണ്. നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ആണ് നബാര്‍ഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.
കര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും കൃഷി വികസനത്തിനും ക്ഷീരമേഖലയിലെ വളര്‍ച്ചയ്ക്കും മത്സ്യബന്ധന രംഗത്തെ സംരംഭങ്ങള്‍ക്കുമെല്ലാം സഹായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ നബാര്‍ഡിന്റെ ഓഫിസില്‍ കയറിച്ചെന്ന് ലോണ്‍ തരുമോ, വായ്പ തരുമോ എന്നു ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുകയേ ഉള്ളൂ. കാരണം നേരിട്ട് ഒരു ധനസഹായവും നബാര്‍ഡ് ചെയ്യുന്നില്ല. അംഗീകൃത ബാങ്കുകള്‍ വഴിയും സഹകരണ സ്ഥാപനങ്ങള്‍ വഴിയുമൊക്കെയാണ് നബാര്‍ഡിന്റെ കര്‍ഷക സഹായ ഫണ്ടുകള്‍ വിതരണം ചെയ്യപ്പെടുക. അവ തന്നെ കര്‍ഷകര്‍ വിവിധ കാര്‍ഷിക പദ്ധതികള്‍ക്കായി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ്, സബ്‌സിഡി തുടങ്ങിയവ വഴി. കര്‍ഷകര്‍ക്ക് നേരിട്ട് കൊടുക്കാതെ അവരുടെ അക്കൗണ്ടില്‍ ലോണ്‍ തിരിച്ചടവിനു സമാനമായാണ് ഫണ്ട് നല്‍കുക. വിവിധ രൂപങ്ങളില്‍ നബാര്‍ഡിന്റെ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടോടുകൂടി കൃഷി മേഖലയുടെ വളര്‍ച്ചയ്ക്ക് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
കോവിഡ് കാലം കൃഷിയുടെ വളര്‍ച്ചയുടെ കാലം കൂടിയായിരുന്നു. തകര്‍ച്ചാ ഭീഷണിയെ അതിജീവിച്ച് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാനും കര്‍ഷകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇന്ന് വിളവെടുത്ത് നാളെ നശിച്ചു പോകുന്ന വിളകള്‍ ഒന്നിച്ചു പാകമെത്തുന്നതോടെ വിപണിയില്‍ അവയുടെ വില ഇടിയുന്നു. അപ്പോള്‍ ഓരോ വിളവിനെയും അതിന്റെ സീസണില്‍ വിപണിയിലെത്തിക്കാതെ സംഭരിച്ചു വയ്ക്കാനോ മൂല്യവര്‍ധിത ഉല്‍പന്നമാക്കി മാറ്റാനോ സാധിച്ചാല്‍ കൂടുതല്‍ വില ലഭിക്കും. ഉദാഹരണത്തിന് പൈനാപ്പിള്‍ സീസണില്‍ അതു മുഴുവന്‍ പറിച്ചെടുത്ത് വഴിയരികില്‍ കൂട്ടിയിട്ട് വിറ്റാല്‍ കര്‍ഷകന് മുടക്കുമുതല്‍ പോലും കിട്ടില്ല. അതിനുപകരം അവ നശിച്ചു പോകാതെ വലിയ സംഭരണ കേന്ദ്രങ്ങളില്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കാം. എന്നിട്ട് ഓഫ് സീസണില്‍ വിപണിയിലെത്തിക്കാം. അതല്ലെങ്കില്‍ പൈനാപ്പിള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കാം. ജാം, സ്‌ക്വാഷ് തുടങ്ങിയവയ്ക്ക് എക്കാലവും ആവശ്യക്കാരുണ്ട്. ഇത്തരത്തില്‍ സൂക്ഷമതയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള അറിവ് കര്‍ഷകര്‍ നേടണം. അതിന് കര്‍ഷക കൂട്ടായ്മകളും സൊസൈറ്റികളും കമ്പനികളും രൂപീകരിക്കപ്പെടണം.
സഹായ പദ്ധതികളേറെ
കര്‍ഷകരെ സഹായിക്കാനുള്ള ഒട്ടേറെ വായ്പാ പദ്ധതികള്‍ ബാങ്കുകളിലുണ്ട്. ഒറ്റയ്ക്ക് പാട്ടത്തിനെടുത്തും അല്ലാതെയും ചെറിയ തോതില്‍ കൃഷി ചെയ്യുന്നവര്‍ക്കും വന്‍തോതില്‍ മുതല്‍ മുടക്ക് നടത്തുന്ന ഗ്രൂപ്പുകള്‍ക്കുമെല്ലാം ഉതകുന്ന പദ്ധതികളുണ്ട്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ കാര്യങ്ങള്‍ക്കുള്ള സബ്‌സിഡി നല്‍കുന്നത് നബാര്‍ഡ് വഴിയാണ് നബാര്‍ഡ് ഇത് കര്‍ഷകരിലെത്തിക്കുന്നത് ബാങ്കുകള്‍ വഴിയും. അതായത് കൃഷിക്കോ ക്യഷി അനുബന്ധ പദ്ധതികള്‍ക്കോ കര്‍ഷകനോ കര്‍ഷക സംഘങ്ങളോ വായ്പ എടുക്കുമ്പോള്‍ തിരിച്ചടവിന്റെ ഒരു പങ്ക് സര്‍ക്കാര്‍ നബാര്‍ഡ് വഴി ബാങ്കിലേക്ക് നല്‍കുന്നു. ഇതു വഴി വായ്പ തുകയുടെ തിരിച്ചടവ് കുറയുന്നു. ഒരു ഫണ്ടും നേരിട്ട് കര്‍ഷകന്റെ കയ്യിലേക്ക് നല്‍കുകയില്ല. ഇത്തരം സഹായ പദ്ധതികള്‍ നേടാന്‍ ആരും നബാര്‍ഡിന്റെ ഓഫിസിലേക്ക് ചെല്ലേണ്ടതില്ല. എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് ബാങ്കുകളാണ്. 12 മാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഹ്രസ്വകാല വായ്പകളും 5 വര്‍ഷം വരെയുള്ള ദീര്‍ഘകാല വായ്പകളും ഉണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, റീജനല്‍ റൂറല്‍ ബാങ്കുകള്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, അഗ്രികള്‍ചര്‍ റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്, പ്രൈമറി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയവയിലെല്ലാം നബാര്‍ഡിന്റെ കര്‍ഷക സഹായ വായ്പാ പദ്ധതികള്‍ ലഭിക്കും. കര്‍ഷകര്‍, സൊസൈറ്റികള്‍, കൃഷി കൂട്ടായ്മകള്‍, അഗ്രി ബേസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍, തുടങ്ങിയവര്‍ക്കെല്ലാം വായ്പകള്‍ ലഭിക്കും. വ്യക്തമായ പ്ലാനിങ്ങോടെ വേണം കൃഷിപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍. കാര്‍ഷിക സംഭരണശാലകള്‍, പായ്ക്കിങ് ഹൗസുകള്‍, ഗ്രേഡിങ് യൂണിറ്റുകള്‍. പ്രോസസിങ് യൂണിറ്റുകള്‍, ഓര്‍ഗാനിക്, പ്രി സിഷന്‍ ഫാമിങ് തുടങ്ങി വ്യത്യസ്തമായ പദ്ധതികളില്‍ ധനസഹായവും സബ്‌സിഡിയും നേടാം. വിളകളും ഉല്‍പന്നങ്ങളും സൂക്ഷിച്ചു വയ്ക്കാനും സംസ്‌കരിക്കാനും വേണ്ട കാര്യങ്ങളും ഒരുക്കാം.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള സേവനങ്ങളും നബാര്‍ഡിനു കീഴിലുണ്ട്. കൃഷിക്കാര്‍ക്കു മാത്രമല്ല ക്ഷീര കര്‍ഷകര്‍ക്കും മല്‍സ്യകൃഷി മല്‍സ്യബന്ധന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപകാരപ്രദമാണ്. പ്രധാനമന്ത്രിയുടെ കൃഷി വികസന പാക്കേജ് വഴി 2.5 കോടി കര്‍ഷകര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്ഷീരമേഖലയില്‍ 1.5 കോടി കര്‍ഷകരും മത്സ്യ മേഖലയില്‍ 1 കോടി കര്‍ഷകരും അംഗങ്ങളാണ്. എതൊരു വായ്പയുടെയും തിരിച്ചടവ് സബ്‌സിഡി ലഭിക്കാന്‍ അനിവാര്യമാണ്. പല സബ്‌സിഡികളും പൂര്‍ണമായി ലഭിക്കുക കൃത്യമായ തിരിച്ചടവ് നടക്കുമ്പോഴാണ്. നാഷനല്‍ ലൈവ് സ്റ്റോക് മിഷനു കീഴില്‍ കര്‍ഷകര്‍, സംരംഭകര്‍, എന്‍ജിഒകള്‍, കമ്പനികള്‍, സഹകരണ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്ക് ക്ഷീര സംരംഭങ്ങളും കോഴിവളര്‍ത്തലും ഒക്കെ വലിയ സംരംഭങ്ങളായി തുടങ്ങുന്നതിനുള്ള പദ്ധതികള്‍ക്ക് 33 ശതമാനം വരെ സബ്‌സിഡിയുണ്ട്. യുവാക്കള്‍ക്കായി അഗ്രി ക്ലിനിക്‌സ് ആന്‍ഡ് അഗ്രിബിസിനസ് സെന്ററുകള്‍ തുടങ്ങാന്‍ സംവിധാനമുണ്ട്. അതിനായി പ്രത്യേക പരിശീലനവും നല്‍കും. ഒരാള്‍ക്ക് 20 ലക്ഷം വരെ വായ്പ ലഭിക്കും. 36 ശതമാനം വരെ സബ്‌സിഡി ലഭിക്കും.
പ്രൊഡ്യൂസര്‍ കമ്പനികള്‍
ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ രൂപീകരിക്കലാണ് നബാര്‍ഡിന്റെ വിപുലമായ പദ്ധതികളില്‍ ഒന്ന്. 5 വര്‍ഷത്തിനുള്ളില്‍ 10,000 കമ്പനികള്‍ രൂപീകരിക്കണമെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, നാഷനല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നബാര്‍ഡ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് ഇതു ചെയ്യുന്നത്. ഒരു ജില്ലയില്‍ ഒരു പ്രോഡക്റ്റ് പ്രമോട്ട് ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതു കൂടാതെ ഡയറി പ്രോസസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് വഴി ക്ഷീരമേഖലയിലും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നു.
പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.nabard.org/content1.aspx?id=23&catid=23&mid=530 ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.