- Trending Now:
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ, കർണാടകയിലെ ബ്യാഡ്ഗിയിൽ പുതിയ ഫാക്ടറി ആരംഭിച്ചു. കമ്പനിയുടെ ബിസിനസ് വ്യാപന പരിപാടിയുടെ ഭാഗമാണ് 50 ഏക്കറോളം വരുന്ന ഭൂമിയിലെ പുതിയ ഫാക്ടറി.
ഹൈ കളർ വാല്യുയുള്ള മുളക് ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ബ്യാഡ്ഗിയിലെ നിർമാണ യൂണിറ്റ്, കേന്ദ്രസർക്കാരിന്റെ മേയ്ക്ക് ഇൻ ഇന്ത്യ പരിപാടിയുടെ കീഴിൽ വരും. ഫാക്ടറിയിൽ സജ്ജമാക്കിയിട്ടുള്ള കണ്ടിന്യുയസ് എക്സ്ട്രാക്ഷൻ ഫെസിലിറ്റിയും നൂതന സാങ്കേതികവിദ്യയും കമ്പനിയുടെ പ്രവർത്തനമികവ് പതിന്മടങ്ങ് മെച്ചപ്പെടുത്തി ഉത്പാദനത്തിൽ നാല് മടങ്ങ് വർധനവും ഉറപ്പാക്കും. കൂടാതെ എക്സ്ട്രാക്ഷന് കാർബൺ ഡയോക്സൈഡ് വാതകം ഉപയോഗിക്കുന്ന സൂപ്പർ ക്രിറ്റിക്കൽ ഫ്ളൂയിഡ് എക്സ്ട്രാക്ഷൻ പ്ലാന്റും ഫാക്ടറിയിൽ സജ്ജമാക്കിയിട്ടുണ്ട്.
നിർമാണ പ്രക്രിയകൾ ലളിതമാക്കി മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിന് ഒരു സ്ഥലത്ത് തന്നെ വൻതോതിലുള്ള ഉത്പാദനം കേന്ദ്രീകരിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് മാൻ ഗ്രൂപ്പ് പ്രസിഡന്റ് ജോൺ മാൻ വ്യക്തമാക്കി. ഉത്പാദനം നാല് മടങ്ങ് വർധിക്കുന്നതോടൊപ്പം പുതിയ ഫാക്ടറിയിലൂടെ പ്രത്യക്ഷ തൊഴിലിൽ 50 ശതമാനം വർധനവുണ്ടാകുമെന്നതും ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ കർഷകർ ഉൾപ്പെടെ 10,000-ലേറെ പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യും. ബ്യാഡ്ഗിയിലെ കമ്പനി ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് പുതിയ ഫാക്ടറിക്കായി ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ വികസനത്തിന് സാധ്യതകളുണ്ടെന്നും ജോൺ മാൻ കൂട്ടിച്ചേർത്തു.
മാൻ കാൻകോറിന്റെ ബ്യാഡ്ഗിയിലെ പുതിയ ഫാക്ടറി മാൻ ഗ്രൂപ്പ് പ്രസിഡന്റ് ജോൺ മാൻ ഉദ്ഘാടനം ചെയ്യുന്നു. മാൻ കാൻകോർ എക്സിക്യുട്ടിവ് ഡയറക്ടറും സിഇഒയുമായ ഡോ. ജീമോൻകോരസമീപം.
2019-ൽ മാൻ കാൻകോറിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ചതാണ് നിലവിലുള്ള ബ്യാഡ്ഗി യൂണിറ്റിലെ പുതിയ ഗ്രീൻ ഫീൽഡ് പദ്ധതി. ഉടമസ്ഥ കമ്പനിയായ മാൻ ഈ പദ്ധതിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപമായി 200 കോടിയിലേറെ രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഫ്രാൻസ് ആസ്ഥാനമായ മാൻ, ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ സുഗന്ധവ്യഞ്ജന സംസ്കരണ സ്ഥാപനമാണ്. മാൻ കാൻകോറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ യൂണിറ്റാണ് ഇപ്പോൾ ബ്യാഡ്ഗിയിലെ ഫാക്ടറി.
1969-70 വർഷത്തിൽ ഇന്ത്യയിൽ സ്പൈസ് എക്സ്ട്രാക്ഷൻ യൂണിറ്റ് സ്ഥാപിച്ച ആദ്യ കമ്പനിയാണ് മാൻ കാൻകോറെന്ന് കമ്പനി എക്സിക്യുട്ടിവ് ഡയറക്ടറും സിഇഒയുമായ ഡോ. ജീമോൻ കോര ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. 50 ഏക്കറോളം വരുന്ന ഭൂമിയിൽ 1.5 ലക്ഷം ച.അടി വിസ്തൃതിയിലാണ് പുതിയ ഫാക്ടറി നിർമിച്ചിരിക്കുന്നത്. ശാസ്ത്രീയമായ നിർമാണരീതിയുടെ വികസനത്തോടൊപ്പം ബിസിനസ് നടത്തിപ്പിൽ അത്യാധുനിക സാങ്കേതികവിദ്യകളുടെ സംയോജനത്തിനും സഹായകമായ പുതിയ പ്ലാന്റ്, കമ്പനിയുടെ ഉത്പാദനക്ഷമത വളരെയധികം വർധിപ്പിക്കും. നാച്ചുറൽ കളറുകൾ, നാച്ചുറൽ ആന്റിഓക്സിഡന്റുകൾ, പേഴ്സണൽ കെയർ ഇൻഗ്രേഡിയന്റ്സ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഫാക്ടറി കൂടുതൽ ഊർജം പകരുമെന്നും ജീമോൻ കോര വ്യക്തമാക്കി.
കൃഷി സ്ഥലത്തിന് സമീപമായി നിർമാണ യൂണിറ്റെന്ന കമ്പനിയുടെ വീക്ഷണത്തിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദമായി നിർമിച്ച പുതിയ ഫാക്ടറി. മുളകിന് പുറമേ റോസ്മേരി, വിവിധയിനം സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ സംസ്കരണത്തിനും അനുയോജ്യമായതാണ് ഈ പ്ലാന്റ്. സീറോ വേസ്റ്റ് മാനേജ്മെന്റ് സംവിധാനമാണ് പ്ലാന്റിന്റെ മറ്റൊരു സവിശേഷത. നിർമാണത്തിനിടെ ഉത്പാദിക്കപ്പെടുന്ന ബയോമാസ് ബോയിലറുകളിലും, മാലിന്യസംസ്കരണ പ്ലാന്റിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാതകം ഫാക്ടറി കാന്റീനിലും ഇന്ധനമായി ഉപയോഗിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള വെള്ളം ജലസേചനത്തിനും ഉപയോഗിക്കുന്നു.
നേരത്തെ കാൻകോർ ഇൻഗ്രേഡിയന്റ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന മാൻ കാൻകോർ ഇൻഗ്രേഡിയന്റ്സ് 1969-ലാണ് സ്ഥാപിതമായത്. എന്നാൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ കമ്പനിയുടെ വേരുകൾ 1857 മുതൽക്ക് തന്നെ ലോകത്തിന്റെ സുഗന്ധവ്യഞ്ജന തലസ്ഥാനമായി അറിയപ്പെട്ടിരുന്ന കൊച്ചിയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.