- Trending Now:
പ്രശസ്ത കോണ്ടം ബ്രാന്‍ഡായ മൂഡ്സ് നിര്‍മിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ (എച്ച്എല്‍എല്‍ ലൈഫ്കെയര്‍) ഏറ്റെടുക്കാന്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു ഗ്രൂപ്പ്. ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍ (HLL Lifecare Limited).
ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ ഏറ്റെടുക്കാന്‍ അദാനിയും രംഗത്തുണ്ട്. അദാനിയെക്കൂടാതെ അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, പിരമല്‍ ഗ്രൂപ്പ്, മേഘാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, അകംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ പത്തോളം കമ്പനികളാണ് എച്ച്എല്‍എല്ലിനായുള്ള കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. എച്ച്എല്‍എല്ലിനെ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഐഡിസി വഴി എച്ച്എല്‍എല്ലിന്റെ കേരളത്തിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാധ്യതകള്‍ ഉള്‍പ്പെടെ സ്ഥാപനത്തെ മൊത്തമായി ഏറ്റെടുക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നേരത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെയും, ഭെല്‍ ഇഎംഎല്ലിനെയും കേരളം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന, വലിയ സാധ്യതകളുള്ള കമ്പനിയാണ് 1969ല്‍ പ്രവര്‍ത്തനം ആരംഭിച്ച എച്ച്എല്‍എല്‍.
കഴിഞ്ഞ വര്‍ഷം 5081.31 കോടി രൂപയുടെ വിറ്റുവരവ് നേടിയ കമ്പനിയുടെ ലാഭം 112.33 കോടി രൂപ ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലാബുകളും ഫാര്‍മസികളും ബല്‍ഗാം, ഗോവ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഫാക്ടറികളും എച്ച്എല്‍എല്ലിന് ഉണ്ട്. നാല് ഫാക്ടറികളും കമ്പനിക്ക് കേരളത്തലുണ്ട്. മിനി രത്‌ന പദവിയുള്ള കമ്പനിയെ സ്വാകാര്യവത്കരിക്കാന്‍ 2018ല്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും കുടുംബ ക്ഷേമ മന്ത്രാലയവും എതിര്‍പ്പ് അറിയിച്ചതാണ്. സംസ്ഥാനത്തെ എച്ച്എല്‍എല്‍ ലേല നടപടികളില്‍ പങ്കെടുപ്പിക്കാത്തിതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് കത്തയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കേരളത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ സമ്മര്‍ദ്ദ ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.