Sections

മധുരമൂറ്റാം...ജീവിതം മധുരിതമാക്കാം

Saturday, Mar 12, 2022
Reported By Admin
sugar

ഈ കൃഷിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്

പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭാഗികമായും കൃഷിചെയ്തുവരുന്ന കൃഷിയാണ് കരിമ്പ് കൃഷി. കരിമ്പ് പോയേസീ കുടുംബത്തിലെ അംഗമാണ്, ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആന്‍ഡപ്പോഗോണിയോയിലുള്ള ഒരു പ്രമുഖാംഗമാണ് കരിമ്പ്. സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലര്‍ന്ന തവിട്ട് എന്നിങ്ങനെ വിവിധതരത്തില്‍ കരിമ്പുണ്ട്.

ഏകദേശം നാല്-അഞ്ച് മീറ്റര്‍ ഉയരത്തില്‍ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്. ഇതിന് അനവധിമുട്ടുകള്‍ കാണപ്പെടുന്നു. വലിയകരിമ്പിന് ഇരുപതില്‍ക്കൂടുതല്‍ മുട്ടുകള്‍ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും. ഇലകള്‍ കനം കുറഞ്ഞ് നീണ്ടതാണ്. ഏകദേശം അരമീറ്റര്‍ മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ നീളവും ആറ്-ഏഴ് സെമീ വിതിയും ഇലകള്‍ക്കുണ്ടാകാം. ഉപരിതലം പരുപരുത്തതായിരിക്കും. പൂവുകള്‍ കുലകളായാണ് ഉണ്ടാകുക. പൂവുകള്‍ക്ക് നല്ലവെള്ളനിറമുണ്ടാകും വളരെ അപൂര്‍വമായി മാത്രമേ കരിമ്പില്‍ വിത്തുകള്‍ ഉണ്ടാകാറുള്ളൂ.

ഒരുപ്രധാന ഉഷ്ണമേഖലാവിളയായ കരിമ്പ് നല്ലനീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ധാരാളമായി വളരുക. നദീതടങ്ങളിലെ എക്കല്‍ കലര്‍ന്ന മണ്ണിലും കരിമ്പ് നന്നായി വളരും. വ്യാവസായികമായി ശര്‍ക്കര, പഞ്ചസാര എന്നിവ നിര്‍മിക്കാനാണ് കരിമ്പ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കരിമ്പുകൃഷിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തര്‍പ്രദേശിലെ ഗംഗാതടങ്ങളിലാണ് കരിമ്പ് സമൃദ്ധമായി വളരുന്നത്.

കൃഷിയിടമൊരുക്കല്‍

കരിമ്പ് കൃഷിയില്‍ നിലമൊരുക്കലില്‍ ഏറെ ശ്രദ്ധയാവശ്യമാണ്. കരിമ്പ് നടുന്നതിനുമുമ്പ് കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം.
അമ്ലഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റോ കുമ്മായമോ ചേര്‍ത്തുകൊടുക്കാം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിന്‍ തണ്ടുകള്‍ നടേണ്ടത്. 

കരിമ്പിന്റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ കൂടിയ താപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകള്‍ തമ്മില്‍ കുറഞ്ഞത് മുക്കാല്‍മീറ്റര്‍ അകലവും ചാലിന്റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. മൂപ്പ് കൂടിയ ഇനങ്ങള്‍ക്ക് 90 സെമീ വരെ അകലം വിടാം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 75 സെമീ അകലത്തിലും 30 സെമീ എങ്കിലും താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.