Sections

രണ്ട് ലക്ഷം വിൽപന: സ്കോർപിയോ-എൻ കാർബൺ പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

Thursday, Feb 27, 2025
Reported By Admin
Mahindra Scorpio-N Carbon Edition Launched – Price, Features & Variants

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 'ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്' എന്ന് വിശേഷണമുള്ള സ്കോർപിയോ-എൻ മോഡലിന്റെ കാർബൺ പതിപ്പ് പുറത്തിറക്കി. സ്കോർപിയോ എൻ മോഡലിന്റെ വിൽപ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ വകഭേദം പുറത്തിറക്കിയത്.

പ്രത്യേകമായി നിർമ്മിച്ച ഇന്റീരിയറുകളോടെയാണ് കാർബൺ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോൺട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോൺ-ഓൺ-ടോൺ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്കോർപിയോ-എൻ കാർബണിന്റെ ഇന്റീരിയറുകൾ. മെറ്റാലിക് ബ്ലാക്ക് തീമും കാർബൺ പതിപ്പിനെ വേറിട്ടതാക്കുന്നു. കറുപ്പ് നിറത്തിലെ അലോയ് വീലുകൾ, ഡാർക്ക് ഗാൽവാനോ ഫിനിഷിലുള്ള റൂഫ് റെയിലുകൾ, സ്മോക്ക്ഡ് ക്രോം ഫിനിഷിങ് തുടങ്ങിയവയും സ്കോർപിയോ-എൻ കാർബണിന്റെ ഭംഗി കൂട്ടുന്നു.

ഇസഡ്8, ഇസഡ്8എൽ സെവൻ-സീറ്റർ വേരിയന്റുകളിൽ മാത്രമായിരിക്കും ഈ പ്രത്യേക പതിപ്പ് ലഭ്യമാവുക. 5 സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗ് ഉൾപ്പടെയുള്ള സമഗ്ര സുരക്ഷാ സവിശേഷതകളാൽ രൂപകൽപ്പന ചെയ്ത സ്കോർപിയോ-എൻ, എസ്.യു.വി രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചാണ് വിപണിയിൽ എത്തിയത്.

സ്കോർപിയോ-എൻ കാർബൺ എഡിഷന്റെ വേരിയന്റ് തിരിച്ചുള്ള എക്സ്-ഷോറൂം വില: ഇസഡ്8 പെട്രോൾ മാനുവൽ -19,19,400 രൂപ, ഓട്ടോമാറ്റിക് - 20,70,000. ഡീസൽ 2ഡബ്ല്യുഡി എംടി- 19,64,700, 2ഡബ്ല്യുഡി എടി - 21,18,000, 4ഡബ്ല്യുഡി എംടി - 21,71,700, 4ഡബ്ല്യുഡി എടി - 23,44,100. ഇസഡ്8എൽ പെട്രോൾ എംടി - 20,89,500, എടി - 22,31,200. ഡീസൽ 2ഡബ്ല്യുഡി എംടി - 21,29,900, 2ഡബ്ല്യുഡി എടി - 22,76,100, 4ഡബ്ല്യുഡി എംടി - 23,33,100, 4ഡബ്ല്യുഡി എടി - 24,89,100.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.