Sections

രണ്ട് ലക്ഷം ഇലക്ട്രിക് വാഹന വിൽപന നേട്ടം കൈവരിച്ച് മഹീന്ദ്ര ലാസ്റ്റ്മൈൽ മൊബിലിറ്റി ലിമിറ്റഡ്

Thursday, Nov 07, 2024
Reported By Admin
Mahindra Last Mile Mobility 2 Lakh Electric Vehicle Sales Celebration

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ (എം ആൻഡ് എം) ഉപസ്ഥാപനമായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എംഎൽഎംഎംഎൽ) വൈദ്യുത വാഹന വിൽപനയിൽ രണ്ട് ലക്ഷം വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയുടെ മുൻനിര വാണിജ്യ വൈദ്യുത വാഹന നിർമാതാവെന്ന മഹീന്ദ്ര ലാസ്റ്റ്മൈൽ മൊബിലിറ്റിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണ് ഈ പുതിയ നേട്ടം.

ട്രിയോ പ്ലസ്, ഇ-ആൽഫ പ്ലസ്, മഹീന്ദ്ര സിയോ തുടങ്ങി നൂതന സാങ്കേതികതയുള്ള പുതിയ വാഹനങ്ങളുടെ പിന്തുണയോടെ, കഴിഞ്ഞ 17 മാസത്തിനുള്ളിൽ 100000ലധികം വൈദ്യുത വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. മഹീന്ദ്ര ട്രിയോ ശ്രേണി, ഇ-ആൽഫ ശ്രേണി, സോർ ഗ്രാൻഡ് ത്രീവീലറുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സാങ്കേതികവിദ്യയുള്ള ചെറുകിട വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയാണ് മഹീന്ദ്ര ലാസ്റ്റ്മൈൽ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നത്. ത്രീവീലർ വിഭാഗത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ എംഎൽഎംഎംഎൽ അടുത്തിടെ ഇലക്ട്രിക് ഫോർവീലർ വാഹനമായ മഹീന്ദ്ര സിയോ നിര വിപുലീകരിച്ചിരുന്നു.

നിലവിൽ എൽ5 വിഭാഗത്തിലെ വൈദ്യുതീകരണത്തിൽ ഏറെ മുന്നിലാണ് മഹീന്ദ്ര. വാഹന കണക്കനുസരിച്ച് 2023 സാമ്പത്തിക വർഷത്തെ 7.6 ശതമാനത്തെ അപേക്ഷിച്ച് 21.7 ശതമാനം ഇവി വർധനവാണ് ഈ വിഭാഗത്തിലുണ്ടായത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്കനുസരിച്ച് എൽ5 ഇവി വിഭാഗത്തിലുടനീളം 41.2% മാർക്കറ്റ് ഷെയർ മഹീന്ദ്രയ്ക്കുണ്ട്. രണ്ട് ലക്ഷം ഇവി വിൽപനയെന്ന നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി UDAY NXT എന്ന പേരിൽ ഒരു പുതിയ ലോയൽറ്റി പ്രോഗ്രാം മഹീന്ദ്ര ലാസ്റ്റ്മൈൽ മൊബിലിറ്റി അവതരിപ്പിച്ചിട്ടുണ്ട്.

2024 നവംബർ 15 മുതൽ പുതിയ എംഎൽഎംഎംഎൽ വാഹനം വാങ്ങുന്നവർക്ക് 20 ലക്ഷം രൂപയുടെ ഡ്രൈവർ ആക്സിഡന്റൽ ഇൻഷുറൻസ് പരിരക്ഷയാണ് ഇതുവഴി ലഭിക്കുക. ഉപഭോക്താക്കളുടെ കുട്ടികൾക്കുള്ള കരിയർ കൗൺസിലിങ്, ബിസിനസ്/ഫിനാൻസ് കൗൺസിലിങ് തുടങ്ങിയവയും ലഭിക്കും.

200000 ഇലക്ട്രിക് വാഹന വിൽപനയെന്ന നാഴികക്കല്ല്, അർബൻ ലോജിസ്റ്റിക്സിന്റെ നവീകരണത്തിനും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമൻ മിശ്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.