Sections

ഇന്‍വോയിസുകള്‍ക്ക് അഞ്ച് കോടി; ലക്കി ബില്‍ ആപ്പുമായി ജിഎസ്ടി വകുപ്പ്‌| lucky bill app launched

Tuesday, Aug 16, 2022
Reported By admin
lucky bill app

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോര്‍ച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി

 

സാധനങ്ങള്‍ വാങ്ങിയ ശേഷം ബില്ലുകള്‍ അപ്ലോഡ് ചെയ്താല്‍ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ സമ്മാനങ്ങളുമായി അവതരിപ്പിച്ച ലക്കി ബില്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സാധനങ്ങള്‍ വാങ്ങിയശേഷം ഈ ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന ഇന്‍വോയിസുകള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്കി ബില്‍ ആപ്പ് പൊതുജനങ്ങളെ ബില്ലുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകള്‍ തടയാനും വ്യാപാരികള്‍ക്ക് അവരുടെ വാണിജ്യ വിവരങ്ങള്‍ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി മാത്രം പിരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബില്‍ മൊബൈല്‍ ആപ്പ് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.  ആപ്പിന്റെ വരവോടെ കൂടുതല്‍ വാങ്ങല്‍ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാര്‍ഷിക ബമ്പര്‍ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങള്‍ നല്‍കും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളില്‍ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോര്‍ച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂര്‍വമായെങ്കിലും ബില്‍ അടച്ച് നികുതി വാങ്ങിയശേഷം നികുതി സര്‍ക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. 'നികുതി നമുക്കും നാടിനും'  എന്നതാണ് ലക്കി ബില്‍ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം സംസ്ഥാന ഖജനാവില്‍ എത്തിയത്.  ഈ വര്‍ഷം അതില്‍ കൂടുതല്‍ നികുതിയാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റല്‍ സര്‍വകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നോ www.keralataxes.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലക്കി ബില്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.