Sections

രൂപയുടെ മൂല്യ തകര്‍ച്ച ഇറക്കുമതിയെ ബാധിക്കുമ്പോള്‍

Saturday, Jul 16, 2022
Reported By MANU KILIMANOOR
Indian rupees

ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്

 

നിലവില്‍ ഒരു ഡോളറിനെതിരെ (Doller) രൂപയുടെ (Rupee) മൂല്യം 80 രൂപയ്ക്ക് അടുത്താണ്. ക്രൂഡ് ഓയില്‍ മുതല്‍ ഇലക്ട്രോണിക് സാധനങ്ങള്‍ വരെ, വിദേശ വിദ്യാഭ്യാസവും വിദേശ യാത്രയും ചെലവേറിയതാകും. രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവ് മൂലം രാജ്യത്തെ പണപ്പെരുപ്പം ഇനിയും ഉയര്‍ന്നേക്കും. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രാഥമികവും പെട്ടെന്നുള്ളതുമായ ആഘാതം ഇറക്കുമതിക്കാരില്‍ വന്നെത്തും , അവര്‍ അതേ അളവിലും വിലയിലും കൂടുതല്‍ പണം നല്‍കേണ്ടിവരും. എന്നിരുന്നാലും, ഡോളറിന് കൂടുതല്‍ രൂപ ലഭിക്കുന്നതിനാല്‍ കയറ്റുമതിക്കാര്‍ക്ക് ഇത് അനുഗ്രഹമാണ്.

പെട്രോള്‍-ഡീസല്‍ (petrol-diesel), ജെറ്റ് ഇന്ധനം തുടങ്ങിയ ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യ 85 ശതമാനവും വിദേശ എണ്ണയെയാണ് ആശ്രയിക്കുന്നത്. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ 7 പൈസ ഉയര്‍ന്ന് 79.92 എന്ന നിലയില്‍ എത്തിയ രൂപ വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 79.99 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. അസംസ്‌കൃത എണ്ണ (Curde Oil), കല്‍ക്കരി, പ്ലാസ്റ്റിക് വസ്തുക്കള്‍, രാസവസ്തുക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, സസ്യ എണ്ണകള്‍, രാസവളങ്ങള്‍, യന്ത്രങ്ങള്‍, സ്വര്‍ണം, മുത്തുകള്‍, വിലയേറിയതും അമൂല്യവുമായ കല്ലുകള്‍, ഇരുമ്പ്, ഉരുക്ക് എന്നിവ ഇന്ത്യന്‍ ഇറക്കുമതിയില്‍ ഉള്‍പ്പെടുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം ഈ ഇനങ്ങളെ കൂടുതല്‍ ബാധിക്കാം.

ഇറക്കുമതിയില്‍ എന്ത് സ്വാധീനം ചെലുത്തും

ഇറക്കുമതി (import) ചെയ്യുന്ന സാധനങ്ങള്‍ക്ക് പണം നല്‍കുന്നതിന്, ഇറക്കുമതിക്കാര്‍ യുഎസ് ഡോളറില്‍ (USD) വാങ്ങേണ്ടതുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച സാധനങ്ങളുടെ ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കും. എണ്ണ മാത്രമല്ല, മൊബൈല്‍ ഫോണുകള്‍, കാറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങള്‍ക്കും വില കൂടും.വിദേശ വിദ്യാഭ്യാസം ചെലവേറിയതായിരിക്കും.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ വിദേശ വിദ്യാഭ്യാസം കൂടുതല്‍ ചെലവേറിയതാകും. വിദേശ സ്ഥാപനങ്ങള്‍ ഫീസായി ഈടാക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ ചെലവഴിക്കേണ്ടിവരുമെന്ന് മാത്രമല്ല, റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം വിദ്യാഭ്യാസ വായ്പകളും ചെലവേറിയതായി മാറിയിരിക്കുന്നു.

വിദേശയാത്രയും ചെലവേറിയതായിരിക്കും

കൊവിഡ്-19 കേസുകള്‍ കുറഞ്ഞതോടെ ജോലിക്കും യാത്രയ്ക്കും വേണ്ടിയുള്ള യാത്രകള്‍ ആരംഭിച്ചു, എന്നാല്‍ രൂപയുടെ ഇടിവ് മൂലം ഇപ്പോള്‍ വിദേശ യാത്രയും ചെലവേറിയതാകും.എന്നിരുന്നാലും, വിദേശത്ത് സമ്പാദിക്കുകയും ഇന്ത്യയിലെ സ്വന്തം വീട്ടിലേക്ക് പണം അയക്കുകയും ചെയ്യുന്ന എന്‍ആര്‍ഐകള്‍ ഇപ്പോള്‍ കൂടുതല്‍ രൂപ അയയ്ക്കും (രൂപയുടെ മൂല്യത്തില്‍) ഇവര്‍ക്ക് ഈ സാമ്പത്തിക അവസ്ഥ ഗുണം ചെയ്യും.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്തിന്റെ ഇറക്കുമതി 57.55 ശതമാനം വര്‍ധിച്ച് 66.31 ബില്യണ്‍ ഡോളറിലെത്തി. വ്യാപാര കമ്മി 2021 ജൂണിലെ 9.60 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 ജൂണില്‍ 26.18 ബില്യണ്‍ ഡോളറായി, 172.72 ശതമാനം ആണ് വര്‍ദ്ധനവ്. അതേസമയം, ജൂണില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം ഇരട്ടിയായി 21.3 ബില്യണ്‍ ഡോളറായി. കല്‍ക്കരി, കോക്ക് ഇറക്കുമതി 2021 ജൂണില്‍ 1.88 ബില്യണ്‍ ഡോളറില്‍ നിന്ന് 6.76 ബില്യണ്‍ ഡോളറായി ഈ മാസത്തില്‍ ഇരട്ടിയായി വര്‍ദ്ധനവ്.

റീട്ടെയില്‍ പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലായതിനാല്‍ റിസര്‍വ് ബാങ്ക് പ്രധാന പലിശനിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തിയേക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിന്, മൊത്തവില അടിസ്ഥാനമാക്കിയുള്ള സൂചികയും (WPI) 15 ശതമാനത്തിന് മുകളില്‍ തുടര്‍ന്നു.ഭക്ഷ്യ എണ്ണയുള്‍പ്പെടെ എല്ലാ ഇറക്കുമതിയുടെയും വില വര്‍ധിക്കാന്‍ ഇടയുണ്ട്.എന്നാല്‍, രാജ്യാന്തര വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറയുന്നതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച കാര്യമായി ബാധിക്കില്ല. സസ്യ എണ്ണകളുടെ ഇറക്കുമതി ഈ വര്‍ഷം ജൂണില്‍ 1.81 ബില്യണ്‍ ഡോളറായിരുന്നു, ഇത് 2021 ലെ മാസത്തേക്കാള്‍ 26.52 ശതമാനം കൂടുതലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.