Sections

അയല്‍ക്കൂട്ടവും ഡിജിറ്റലാകുന്നു; വരുന്നു ലോകോസ് മൊബൈല്‍ ആപ്ലിക്കേഷന്‍

Tuesday, Oct 18, 2022
Reported By admin
app

പരമ്പരാഗതശൈലി പിന്തുടരുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതാണ് പദ്ധതി

 

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ ദേശീയ മേഖലാതല ശില്‍പ്പശാല എളംകുളം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോകോസ്' എന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണിത്.

കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കായി ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് ത്രിദിന ദേശീയ ശില്‍പശാല.

അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ നേട്ടം. തിരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിശീലിപ്പിച്ചു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടമായി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക്കില്‍ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്ലോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്ലോക്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തില്‍ മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്ലോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.

അയല്‍ക്കൂട്ടം, അതിലെ അംഗങ്ങള്‍, ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈല്‍ എന്‍ട്രിയാണ് ലോകോസ് മൊബൈല്‍ ആപ്‌ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാല്‍ ഒരാള്‍ക്ക് ഒന്നിലധികം അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം നേടുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക ഇടപാടുകളുടെ എന്‍ട്രിയാണ് രണ്ടാമത്തേത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 50 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ഐ.ഡിയും നല്‍കും.

നിലവില്‍ സമ്പാദ്യവും വായ്പാ തിരിച്ചടവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതാണ് പദ്ധതി. മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിചിതമാകുന്നതോടെ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും എല്ലാ അംഗങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയല്‍ക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്നതും നേട്ടമാണ്. പ്രവര്‍ത്തന പുരോഗതി തല്‍സമയം വിലയിരുത്തന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയല്‍ക്കൂട്ടത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.