Sections

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകാൻ ബാങ്ക്

Monday, May 23, 2022
Reported By Admin
Banking

2030 ഓടെ ഇന്ത്യ 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള രാജ്യമാക്കുക എന്നതാണ് കേന്ദ്രസർക്കാറിന്റെ നയം

 

ഇപ്പോഴത്തെ ഇന്ധനവില കാരണം ഒരു വാഹനം സ്വന്തമാക്കാൻ മടിക്കുന്നവർക്ക് മികച്ച വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ.ഇലക്ട്രിക്  വാഹനങ്ങളുടെ ഉയർന്ന വില പലപ്പോഴും പ്രശ്നം ആയി മാറാറുണ്ട് .  ഇതിന് മികച്ചൊരു വായ്പ അവത‌രിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്ക്. രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് ഗ്രീൻ സിഗ്നൽ നൽകിയത്ക കേന്ദ്രസർക്കാറാണ്. 2030 ഓടെ ഇന്ത്യ 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള രാജ്യമാക്കുക എന്നതാണ് കേന്ദ്രസർക്കാറിന്റെ നയം. ഇതിനായി പല പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചാർജിം​​ഗ് സ്റ്റേഷനുകളടക്കം പലയിടത്തും വന്നു. എന്നാൽ വാഹനങ്ങൾ റോഡിലത്ര സജീവമല്ല. ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ പുതിയ വായ്പ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈദ്യുത വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് ഗ്രീൻ കാർ ലോൺ സ്‌കീമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

വൈദ്യുത കാറുകൾക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ ഗ്രീൻ വായ്പയാണിതെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. ഗ്രീൻ കാർ ലോൺ പദ്ധതി പ്രകാരം എസബിഐ 7.25 ശതമാനം മുതൽ 7.60 ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. 2022 മേയ് 15 മുതൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. തിരിച്ചടവ് കാലാവധി 3 വർഷം മുതൽ 8 വർഷം വരെയായിരിക്കും. 21 വയസ് മുതൽ 67 വയസ് വരെയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം ഗ്രീൻ കാർ വായ്പ ലഭിക്കുക. വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 90 ശതമാനവും ചില മോഡലുകൾക്ക് 100 ശതമാനവും വായ്പ ലഭിക്കും. സാധാരണ കാറുകൾ വാങ്ങുന്നതിന് ബാങ്ക് നൽകുന്ന വായ്പയെക്കാൾ .20 ശതമാനം കുറവാണ് ​ഗ്രീൻ കാർ വായ്പ.

വൈദ്യുത വാഹനം വാങ്ങുന്നതിന് വായ്പ ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്. മൂന്ന് വിഭാഗത്തിൽപ്പെടുന്നവർക്കാണ് ഈ ഗ്രീൻ കാർ ലോൺ പദ്ധതിയുടെ ഗുണം ലഭിക്കുക. കേന്ദ്രസർക്കാർ ജീവനക്കാർ, സ്വകാര്യ ബിസിനസുകാർ, കൃഷിക്കാർ എന്നിവർക്കാണ് വായ്പയ്ക്ക് യോ​ഗ്യത. ഇവർക്ക് ആവശ്യമായ സാമ്പത്തിക നിബന്ധനകളും ബാങ്ക് മുന്നോട്ട വെച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാർ, പ്രതിരോധ ശമ്പള പാക്കേജിൽ ഉൾപ്പെടുന്നവർ, പാരാമിലിട്ടറി ശമ്പള പാക്കേജിൽ ഉൾപ്പെടുന്നവർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് പാക്കേജിൽ ഉൾപ്പെടുന്നവർ എന്നിവരാണ് ഒരു വിഭാഗം. സർക്കാർ ജീവനക്കാരുടെ ആദ്യ വിഭാഗത്തിന് വായ്പ ലഭിക്കാൻ അപേക്ഷകന്റെ വാർഷിക വരുമാനം കുറഞ്ഞത് മൂന്ന് ലക്ഷം ആവശ്യമായാണ്. മാസ സമ്പാദ്യത്തിന്റെ 48 മടങ്ങ് വായ്പ എസ്ബിഐ അനുവദിക്കും.

എസ്ബിഐ വൈദ്യുത വാഹന വായ്പ അനുവദിക്കുന്ന രണ്ടാമത്തെ വിഭാഗമാണ പ്രൊഫഷണലുകൾ, ബിസിനസുകൾ, സ്വയം തൊഴിലുടമകൾ എന്നിവർ. ഇവർ ആദായ നികുതി അടയ്ക്കുന്നവരായാൽ മാത്രമെ വായ്പയ്ക്ക് അനുമതിയുള്ളൂ. നികുതി വിധേയമായ വരുമാനം ചുരുങ്ങിയത് മൂന്ന് ലക്ഷം ഈ വിഭാഗത്തിന് വായ്പ ലഭിക്കാൻ ആവശ്യമാണ്. നികുതി വിധേയ വരുമാനത്തിന്റെ നാല് മടങ്ങാണ് ബാങ്ക് വായ്പയായി അനുവദിക്കുക. കൃഷിയിലും അനുബന്ധ ജോലികളിലും ഏർപ്പെട്ടവർക്കും വായ്പയ്ക്ക് അർഹതയുണ്ട്. വാർഷിക വരുമാനം ഇവർക്ക് നാല് ലക്ഷമാണ് ചുരുങ്ങിയത് ആവശ്യം. ഇതിന്റെ മൂന്ന് മടങ്ങ് വായ്പ ബാങ്ക് അനുവദിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.