- Trending Now:
അടിസ്ഥാന വിലയുടെ 230 ശതമാനമാണ് സംസ്ഥാനത്തെ മദ്യത്തിന്റെ വില്‍പ്പന നികുതി
മദ്യപന്മാരുടെ പോക്കറ്റ് കാലിയാവാന്‍ സാധ്യത. സംസ്ഥാനത്തെ മദ്യ വില കൂട്ടുന്നു. മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കേരളത്തിലെ ഡിസ്റ്റിലറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നത് മൂലം ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് വില്‍പ്പന നികുതി കൂട്ടുന്നത്.സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കിയിരുന്ന 6ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കികൊടുക്കാനും അതിന് ആനുപാതികമായി വില്‍പ്പന നികുതി കൂട്ടാനുമാണ് മന്ത്രിസഭ തീരുമാനം എടുക്കുക. വില്‍പ്പന നികുതിയില്‍ വലിയ വര്‍ദ്ധനവ് വരുത്താനിടയില്ലാത്തത് കൊണ്ട് മദ്യത്തിന്റെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് ബെവ്‌കോ' അധികൃതര്‍ നല്‍കുന്ന സൂചന.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയത് ചൂണ്ടിക്കാട്ടി മദ്യ കമ്പനികള്‍ ഡിസ്റ്റിലറികള്‍ അടയ്ക്കുകയും വിതരണം കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മദ്യത്തിന് കടുത്തക്ഷാമം അനുഭവപ്പെട്ടു. വ്യാജവാറ്റിനും മയക്കുമരുന്ന് വ്യാപനത്തിനും വഴിവെക്കാവുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കൊണ്ട് മദ്യത്തിന്റ വില്‍പ്പന നികുതി ഒഴിവാക്കികൊടുക്കുന്നത്.വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 150 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഈ നഷ്ടം പരിഹരിക്കുന്നതിനാണ് വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ച് മദ്യവില കൂട്ടുന്നത്.
ബജറ്റില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കാതിരുന്നത് കൊണ്ട് ഇപ്പോഴത്തെ കൂട്ടല്‍ ന്യായമാണെന്നാണ് ധനവകുപ്പിന്റെ പക്ഷം. വരുമാന നഷ്ടം സംബന്ധിച്ച് എക്‌സൈസ് വകുപ്പും നികുതി സെക്രട്ടറിയും വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിലും വില്‍പ്പന നികുതി ഒഴിവാക്കുന്നതിലും തീരുമാനമെടുക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.വരുമാന നഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ മന്ത്രിസഭാ യോഗം ഈയാഴ്ച തീരുമാനം എടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്. വിറ്റുവരവ് നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് കൊടുത്തതിനെ തുടര്‍ന്ന് ഡിസ്റ്റിലറികള്‍ ഉല്‍പ്പാദനവും വിതരണവും പുന:രാരംഭിച്ചിരുന്നു.
അതുകൊണ്ടുതന്നെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിലും വില്‍പ്പന നികുതി കൂട്ടുന്നതിലും തീരുമാനം നീളാനിടയില്ല.മദ്യ ഉല്‍പ്പാദനത്തിലെ അവിഭാജ്യ ഘടകമായ എക്‌സ്ട്രാ ന്യൂടല്‍ ആല്‍ക്കഹോള്‍ (ഇ.എന്‍.എ) അഥവാ സ്പിരിറ്റിന്റെ വില കൂടിയത് ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഡിസ്റ്റിലറികള്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. സ്പിരിറ്റിന് ലീറ്ററിന് 74 രൂപയായതോടെ ഉല്‍പ്പാദനചെലവ് ഗണ്യമായി കൂടിയതിനാല്‍ വില കൂട്ടാതെ തരമില്ലെന്ന നിലപാടില്‍ ആയിരുന്നു ഡിസ്റ്റിലറികള്‍. മദ്യവില വര്‍ദ്ധിപ്പിക്കുക പ്രായോഗികമല്ലെന്ന നിലപാട് എടുത്ത സര്‍ക്കാര്‍ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിച്ചത്.സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍ നിന്ന് മാത്രം ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുകയായിരുന്നു സര്‍ക്കാര്‍ കണ്ട മാര്‍ഗം. 6 ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഡിസ്റ്റിലറികളുടെ വരുമാനം 10 ശതമാനമെങ്കിലും ഉയരുമെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ എക്‌സൈസ് വകുപ്പും കമ്പനികളുമായി ധാരണയായെങ്കിലും മന്ത്രിമാറ്റവും മറ്റും മൂലം തീരുമാനം നീണ്ടുപോയി. ഇതോടെയാണ് മദ്യ നിര്‍മ്മാണ കമ്പനികള്‍ ഡിസ്റ്റിലറികള്‍ അടയ്ക്കുകയും വിതരണം നിര്‍ത്തുകയും ചെയ്തത്.
മദ്യലഭ്യത കുറഞ്ഞതോടെ ചില്ലറ വില്‍പ്പനശാലകളില്‍ ആവശ്യത്തിന് മദ്യം കിട്ടാതായി. ഇതോടെ കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നു. ഇതരസംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്ത വിറ്റുവരവ് നികുതി ഒഴിവാക്കണമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്തിമ നടപടികളിലേക്ക് കടക്കുന്നത്. നയപരമായ തീരുമാനം വേണ്ട വിഷയമായത് കൊണ്ടാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടാന്‍ കാരണം.മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവ് ഇറക്കുന്നതോടെ മദ്യവിലയിലെ മാറ്റം പ്രാബല്യത്തില്‍ വരും.മദ്യത്തിന് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. അടിസ്ഥാന വിലയുടെ 230 ശതമാനമാണ് സംസ്ഥാനത്തെ മദ്യത്തിന്റെ വില്‍പ്പന നികുതി. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ വില്‍പ്പന നികുതി ഇനിയും കൂടും. അത് മദ്യവിലയിലും പ്രതിഫലിക്കുന്നതോടെ മദ്യപിക്കുന്നവര്‍ക്ക് ചെലവേറുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.