Sections

ലൈഫ് കേരളത്തിന്റെ അഭിമാന പദ്ധതി, വീടില്ലാത്ത ആരും ഉണ്ടാകരുതെന്ന് മന്ത്രി

Sunday, Jun 11, 2023
Reported By admin
kerala

പതിനാറായിരം കോടിയിൽ അധികം രൂപാ ഇത് വരെ പാവപ്പെട്ടവർക്ക് വീട് വയ്ക്കാനായി ചെലവഴിച്ചു


ലൈഫ് കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും ഇതുവരെ ലൈഫിന്റെ കീഴിൽ 3,44,010 വീടുകൾ പൂർത്തീകരിച്ച് നൽകാൻ സാധിച്ചുവെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി.രാജേഷ്. ഭൂരഹിത ഭവനരഹിതർക്ക് ലൈഫ് മിഷൻ മുഖേന കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകുന്ന 200 ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ വീടില്ലാത്ത ആരും ഉണ്ടാകരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി ധാരണ പത്രം ഒപ്പു വച്ചത് പ്രകാരം എറണാകുളം ജില്ലയിൽ 206 ഗുണഭോക്താക്കൾക്കും ആലപ്പുഴ ജില്ലയിലെ 23 ഗുണഭോക്താക്കൾക്കും ഭുമി വാങ്ങുന്നതിന് ഇതിനോടകം ധനസഹായം നൽകിയിട്ടുണ്ട്.   ഭൂരഹിത ഭവനരഹിതരായ ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാൻ 2.5ലക്ഷം വീതം ധനസഹായമാണ് നൽകുന്നത്. കേരളത്തിൽ ലൈഫ് മിഷനിലൂടെ നൽകുന്ന നാല് ലക്ഷം രൂപയാണ് ഇന്ത്യയിൽ ഏതെങ്കിലും ഒരു സർക്കാർ ഒരു ഗുണഭോക്താവിന്   നൽകുന്ന ഏറ്റവും വലിയ തുകയെന്ന് മന്ത്രി പറഞ്ഞു.

77000 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പതിനാറായിരം കോടിയിൽ അധികം രൂപാ ഇത് വരെ പാവപ്പെട്ടവർക്ക് വീട് വയ്ക്കാനായി ചെലവഴിച്ചു. ഈ തുകയിൽ പതിനാലായിരം കോടിയിൽ അധികം രൂപാ വഹിച്ചത് സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്. ഭൂമിയുള്ള ആളുകൾ അവരുടെ ഭൂമി സംഭാവനയായി ലൈഫ് ഗുണഭോക്തക്കൾക്ക് നൽകുന്ന  പദ്ധതിയാണ് മനസോടിത്തിരി മണ്ണ്. ഈ പദ്ധതിയിലൂടെ  23 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.51385000 രൂപയുടെ ചെക്ക് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മന്ത്രിക്ക് നൽകി.

ആര്യാട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പി. പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്ലീബ പദ്ധതി വിശദീകരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.