- Trending Now:
മദ്യവില്പനയുടെ ഒരു ശതമാനം പോലും വൈന്‍ വിറ്റുപോകാത്ത നാട്ടില്‍ എങ്ങനെ വൈന്‍ ചെലവാകുമെന്നതിലും ആശങ്ക
പഴവര്‍ഗങ്ങളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് അബ്കാരി ചട്ടം നിലവില്‍ വന്നെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇത്തരം യൂണിറ്റുകള്‍ തുടങ്ങാന്‍ കടമ്പകള്‍ ഏറെയുണ്ട്. കേരള സ്മാള്‍ സ്‌കെയില്‍ വൈനറി റൂള്‍സ് -2022 എന്ന ചട്ടത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്.വൈന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ പഴവര്‍ഗങ്ങളുടെയും കാര്‍ഷികോത്പന്നങ്ങളുടെയും സംഭരണം, വൈന്‍ വിപണനം തുടങ്ങിയ കാര്യങ്ങളില്‍ ഒരു മാര്‍ഗരേഖയുമില്ല. ബേക്കറികളിലും മറ്റ് സ്റ്റേഷനറി കടകളിലും ഇപ്പോള്‍ വൈന്‍ ലഭ്യമാണ്.ഇങ്ങനെ വില്‍ക്കുന്നത് നിയമവിരുദ്ധമാണെങ്കിലും എക്‌സൈസ് വകുപ്പ് സാധാരണ നടപടി എടുക്കാറില്ല. മറു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍കിട കമ്പനികളുടെ വൈന്‍ ഇവിടെ സുലഭമായി കിട്ടുമ്പോള്‍ പുതിയ യൂണിറ്റുകള്‍ എങ്ങനെ മാര്‍ക്കറ്റ് പിടിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.മാത്രമല്ല കേരളത്തില്‍ നിലവില്‍ വൈന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല. കേരളത്തില്‍ ആകെ വില്‍ക്കുന്ന മദ്യത്തിന്റെ ഒരു ശതമാനം പോലും വൈന്‍ വില്‍ക്കുന്നില്ല. ആ നിലയ്ക്ക് ഹോര്‍ട്ടി വൈനിന്റെ വിപണനത്തിനു പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.
മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്. മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനാണ് ഇവിടെ കിട്ടുന്നത്. ഈ സംസ്ഥാനങ്ങളിലെ വൈന്‍ കുടിച്ച് ശീലിച്ച മലയാളികള്‍ സ്വന്തം നാട്ടിലെ വൈനിനെ എങ്ങനെ സ്വീകരിക്കുമെന്നതിലും വ്യക്തയില്ല.ഈഘട്ടത്തില്‍ പ്രത്യേക വൈന്‍ ഷോപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം. ബിയറിനും വൈനിനും അടിസ്ഥാന വിലയുടെ 115 ശതമാനമാണ് ഇപ്പോഴത്തെ വിലയുടെ 115 ശതമാനമാണ് ഇപ്പോഴത്തെ നികുതി. ചെറിയൊരു വൈനറി യൂണിറ്റ് തുടങ്ങാന്‍ പോലും സ്ഥലവും കെട്ടിടവും മറ്റു സജ്ജീകരണങ്ങളുമടക്കം അഞ്ചു ലക്ഷത്തിന് മുകളിലാവും മുതല്‍മുടക്ക്.മൂന്ന് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. വാര്‍ഷിക ഫീസ് 50,000 രൂപ. വൈന്‍ ബോട്ട്‌ലിംഗ് ലൈസന്‍സിന് 5000 രൂപ ഫീസ്. ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അധികാരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കായിരിക്കും.ചക്ക, ഏത്തപ്പഴം, ചാമ്പയ്ക്ക, കശുമാങ്ങ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, മാങ്ങ, പപ്പായ, മാതളനാരങ്ങ, പേരയ്ക്ക, ജാതി തുടങ്ങിയ പഴവര്‍ഗങ്ങളില്‍ നിന്നും മരച്ചീനീ, കരിമ്പ്, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളില്‍ നിന്നുമാണ് വൈന്‍ ഉത്പാദനത്തിന് അനുമതി.
കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം കിട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനോ നിര്‍മാതാക്കള്‍ക്ക് ലഭ്യമാക്കാനോ പദ്ധതിയിട്ടില്ല. പഴച്ചാറെടുക്കാനുള്ള മുറി,പുളിപ്പിക്കാനുള്ള മുറി,ബോട്ട്‌ലിംഗ് മുറി,സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെയാണ് നിര്‍മാണ യൂണിറ്റിന്റെ ഘടന.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ചെയര്‍മാനും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റ് കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാവും ലൈസന്‍സ് അനുവദിക്കുക.വന്‍കിട കമ്പനികളുടെ വൈനുകള്‍ക്കൊപ്പം കേരളത്തിന്റെ ബ്രാന്‍ഡ് എങ്ങനെ മത്സരിക്കുമെന്നതില്‍ ആശങ്ക നില നില്‍ക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ചയാണ് ഹോര്‍ട്ടി വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്കു സംസ്ഥാനത്തു പ്രവര്‍ത്തനാനുമതി നല്‍കിയത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി കേരള ചെറുകിട വൈനറി ചട്ടം 2022 നിലവില്‍ വന്നു. ധാന്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.വന്‍കിട വൈന്‍ നിര്‍മാതാക്കള്‍ക്കുള്ള ചട്ടം നേരത്തേ തന്നെയുണ്ടെങ്കിലും നിലവില്‍ വൈനറികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ചെറുകിട നിര്‍മാതാക്കളെ സഹായിക്കുന്നതാണു പുതിയ ചട്ടം.15.5 % വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണു ഹോര്‍ട്ടി വൈന്‍.
ബവ്‌റിജസ് കോര്‍പറേഷന്‍ വഴി മാത്രമേ വില്‍ക്കാന്‍ അനുവാദമുള്ളൂ. ഇതിനു കോര്‍പറേഷനുമായി കരാറിലേര്‍പ്പെടണം. വൈനറി തുടങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ ജില്ലയിലെ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ആദ്യം അപേക്ഷ നല്‍കണം.കെട്ടിടം, വൈന്‍ നിര്‍മാണ രീതി, സംഭരണ ശേഷി, പഴങ്ങളുടെ ലഭ്യത, സാമ്പത്തിക സ്ഥിതി എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം. മൂന്നാമത്തെ വര്‍ഷം മാര്‍ച്ച് 31 വരെയാണു ലൈസന്‍സ് കാലാവധി. ലൈസന്‍സ് ഫീസ് വര്‍ഷം 50,000 രൂപ.ബോട്ടിലിങ് ലൈസന്‍സിന് 5000 രൂപയും അടയ്ക്കണം. ലൈസന്‍സ് ലംഘനം കണ്ടെത്തിയാല്‍ 50,000 രൂപയാണു പിഴ. ലൈസന്‍സ് റദ്ദാക്കാനുമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.