Sections

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡിലേക്ക് എല്‍ഐസി; ആദ്യ ദിനം 67 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍

Wednesday, May 04, 2022
Reported By admin
LIC

എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്.  

 

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആരംഭിച്ചു.ഇന്ത്യന്‍ സാമ്പത്തിക വിപണിയിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്ന എല്‍ഐസി ഐപിഒ ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.വിപണി വിഹിതത്തിന്റെ മൂന്നില്‍ രണ്ടിലേറെ വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനത്തെ മികച്ച നിക്ഷേപകര്‍ക്കൊരിക്കലും അവഗണിക്കാനാകില്ല.സൂചികകളില്‍ ഉള്‍പ്പെടുത്തപ്പെടാനുള്ള എല്‍ഐസിയുടെ സാധ്യതകള്‍ പരിഗണിച്ചും ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത മേഖലകളെന്ന സവിശേഷതയും ആളുകളെ എല്‍ഐസി ഐപിഒയിലേക്ക് ആകര്‍ഷിക്കുന്നു.

ഇന്ന് ആരംഭിച്ച നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന (ipo) ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത് ഏകദേശം 27 ശതമാനം ഓഹരികള്‍. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. വില്‍പ്പനയ്ക്കെത്തിയ ഓഹരികളുടെ ഏകദേശം 27 ശതമാനം സബ്സ്‌ക്രൈബ്  ചെയ്തു കഴിഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും പോളിസി ഉടമകളും ഒപ്പം റീട്ടെയില്‍ നിക്ഷേപകരും സബ്സ്‌ക്രിപ്ഷന്‍ നടത്തുന്നുണ്ട്. പോളിസി ഉടമകള്‍ അവര്‍ക്കായി റിസര്‍വ് ചെയ്ത ഷെയറുകളുടെ 95 ശതമാനവും ജീവനക്കാര്‍ അവര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന ഓഹരികളുടെ 46 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ അവര്‍ക്കായി റിസര്‍വ് ചെയ്ത ഓഹരികളുടെ 30 ശതമാനവും സബ്സ്‌ക്രൈബ് ചെയ്തു. കോര്‍പ്പറേറ്റുകളും വ്യക്തികളും മറ്റുള്ളവരും അടങ്ങുന്ന നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തിന് ഇതുവരെ 5 ശതമാനം സബ്സ്‌ക്രിപ്ഷന്‍ മാത്രമേ ഉള്ളൂ.

എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്.  ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എല്‍ഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്.

 

നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) മെയ് 9 ന് അവസാനിക്കും. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി  വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന. മെയ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. വലിപ്പം കുറച്ചെങ്കിലും, എല്‍ഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറില്‍ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും.ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും.


Story highlights: IPO of the country’s largest life insurer  LIC opened for subscription today and the issue will be available till Monday, May 9, 2022. The price band of LIC IPO is fixed at Rs 902-949 per share and the company is offering a discound of Rs 60 per share for its policyholders and Rs 45 apiece for retail investors and LIC employees.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.