Sections

ബ്രേക്ക് എടുക്കാം റീഫ്രെഷ് ആകാം ഉഗ്രന്‍ ടൂറിസം ഓഫറുകള്‍ ആസ്വദിക്കാം

Thursday, Mar 03, 2022
Reported By Admin
tourism

പ്രത്യേക മത്സരങ്ങളും, വിജയികള്‍ക്ക് സമ്മാനങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്


പെണ്ണുങ്ങളുടെ ദിവസം വരാന്‍ പോകുകയാണല്ലേ? അതായത് അന്താരാഷ്ട്ര വനിതാ ദിനം. വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകള്‍ക്ക് ഉഗ്രന്‍ ടൂറിസം ഓഫറുകളുമായി സ്ഥാപനങ്ങള്‍. കെടിഡിസി, കെഎസ്ആര്‍ടിസി, വണ്ടര്‍ല തുടങ്ങിയവയെല്ലാം ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തുണ്ട്.

നീന്തീതുടിക്കാന്‍ അവസരം

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വനിതകള്‍ക്ക് മാത്രമായി തുറന്നു പ്രവര്‍ത്തിക്കും. ജിഎസ്ടി ഉള്‍പ്പെടെ 1,049 രൂപ വിലയുള്ള ടിക്കറ്റില്‍ വനിതകള്‍ക്ക് ഈ ദിവസം ഓഫറില്‍ 2 ടിക്കറ്റുകള്‍ ലഭിക്കും. 

വണ്ടര്‍ലയുടെ വെബ്‌സൈസറ്റ് വഴിയും പാര്‍ക്കില്‍ നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാം. വണ്ടര്‍ലയില്‍ അന്ന് വനിതകള്‍ക്ക് മാത്രമായി ഒരു ദിവസം പ്ലാന്‍ ചെയ്യാം. വനിതകള്‍ക്കാെപ്പം 10 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മത്സരങ്ങളും, വിജയികള്‍ക്ക് സമ്മാനങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

താമസത്തിനും ഭക്ഷണത്തിനും ഓഫര്‍

വനിതാ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി, കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) പ്രീമിയം, ബജറ്റ് പ്രോപ്പര്‍ട്ടികളില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ മുറി വാടകയ്ക്ക് നല്‍കുന്നു. റൂം റെന്റ്‌നും കോംപ്ലിമെന്ററി ഭക്ഷണത്തിനും 50 ശതമാനം കിഴിവ് ലഭിക്കും. മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് ഓഫര്‍. പ്രീമിയം റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ ഭക്ഷണത്തിന് 20 ശതമാനം ഇളവ് ലഭിക്കും.

കെഎസ്ആര്‍ടിയും കുറച്ചില്ല

അധിക വരുമാനം കണ്ടെത്തുന്നതിനുള്ള കെഎസ്ആര്‍ടിസി പദ്ധതികളുടെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ 13 വരെയാണ് 'വിമന്‍സ് ട്രാവല്‍ വീക്ക്' എന്ന പേരില്‍ പദ്ധതി സംഘടിപ്പിക്കുന്നത്. ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. വനിതാ സംഘടനകളുടെയും സംഘങ്ങളുടെയും ആവശ്യാനുസരണം പ്രത്യേക വിനോദയാത്രയും പ്ലാന്‍ ചെയ്യാം.

ഒന്നിലധികം ജില്ലകളെ ബന്ധിപ്പിച്ച് ജില്ലകള്‍ക്കുള്ളില്‍ യാത്രകള്‍ ക്രമീകരിക്കും. 14 ജില്ലകളിലല്‍ നിന്നായി 56 ട്രിപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. ഒരു ദിവസത്തെ യാത്രയും രണ്ട്-മൂന്ന് ദിവസങ്ങളിലെ യാത്രകളുമുണ്ടാകും. ആവശ്യാനുസരണം ബുക്ക് ചെയ്യാം. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടര്‍മാര്‍ ഉണ്ടാകും. കൂടാതെ സുരക്ഷയ്ക്ക് വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടും.

ഇതാദ്യമായാണ് ഒരു സംസ്ഥാന പൊതുഗതാഗത സംവിധാനത്തിന് കീഴില്‍ വനിതാ ദിനത്തില്‍ പ്രത്യേക ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ബുക്കിംഗ് ലഭിച്ചത്. ജില്ലയില്‍ നിന്നുള്ള ടൂര്‍ പാക്കേജുകള്‍ താമരശ്ശേരി ഡിപ്പോയില്‍ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. തുഷാരഗിരി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ഡിപ്പോയില്‍ നിന്ന് വനിതകളുമായി ബസുകള്‍ സര്‍വീസ് നടത്തും.

മലപ്പുറത്ത് നിന്നുമുണ്ട് ബുക്കിങ്. മൂന്നാര്‍, മലക്കപ്പാറ, വയനാട്, കക്കയം ഡാം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഇവിടെ നിന്ന് ലഭ്യമാണ്. പെരിന്തല്‍മണ്ണ-മൂന്നാര്‍, നിലമ്പൂര്‍-മൂന്നാര്‍, ഹരിപ്പാട്-റോസ്മല-പാലരുവി, മാവേലിക്കര-മണ്‍റോ ഐലന്‍ഡ്, തിരുവല്ല-മലക്കപ്പാറ, കണ്ണൂര്‍-വയനാട് ട്രിപ്പുകളുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.