- Trending Now:
കോഴി കൃത്യമായി മുട്ടയിടുന്നില്ലെന്നുള്ള പരാതികള്‍ കര്‍ഷകര്‍ പലപ്പോഴും പറയാറുണ്ട്
മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി നമ്മള്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. നാട്ടിന്‍ പുറങ്ങളിലാണെങ്കില്‍ പോലും അത്യാധുനിക രീതികളും ഫാമുകളും പ്രത്യേക കൂടുകളും നിര്‍മിച്ച് കോഴികളെ വളര്‍ത്തുന്നു. നല്ല ലാഭം ലക്ഷ്യമിട്ട് തുടങ്ങുന്ന ഇത്തരം കാര്‍ഷിക സംരംഭങ്ങളില്‍ നിന്ന് ആദായം ലഭിച്ചില്ലെങ്കിലോ? അതായത്, കോഴി കൃത്യമായി മുട്ടയിടുന്നില്ലെന്നുള്ള പരാതികള്‍ കര്‍ഷകര്‍ പലപ്പോഴും പറയാറുണ്ട്.
ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വളരെ നിസ്സാരമായ കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധ നല്‍കി പരിഹരിക്കാനാകും. കോഴി കൃത്യമായി മുട്ട ഇടുന്നതിന് ശ്രദ്ധിക്കേണ്ടതെന്തെന്ന് നോക്കാം.
കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ തന്നെ അവയ്ക്ക് വിരമരുന്ന് നല്‍കുക. മാസം തോറും മരുന്ന് നല്‍കാനും ശ്രദ്ധിക്കണം. ഇവയ്ക്ക് നല്‍കേണ്ട മറ്റ് വാക്‌സിനുകളും കൃത്യമായി പാലിക്കുക. കോഴിയ്ക്ക് ഇലകള്‍ തീറ്റയായി നല്‍കുന്നത് നല്ലതാണ്. അതായത് മുരിങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായയുടെ ഇടത്തരം പ്രായത്തിലുള്ള ഇലകള്‍ ചെറുതായി അരിഞ്ഞ് നല്‍കുക. കൂട്ടില്‍ അടച്ച് വളര്‍ത്തുന്ന കോഴികള്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. കാരണം, ഇലകളിലൂടെ അവരുടെ ശരീരത്തിലേക്ക് പ്രോട്ടീനും വിറ്റാമിനുകളും എത്തും. ഇത് മുട്ട കൃത്യമായി ലഭിക്കാന്‍ സഹായിക്കുന്നു.
കോഴികള്‍ക്ക് ഭക്ഷണത്തിലൂടെ മാത്രമല്ല പോഷകങ്ങള്‍ ലഭിക്കുന്നത്. അവ നല്ല രീതിയില്‍ മുട്ട ഉല്‍പാദിപ്പിക്കണമെങ്കില്‍, ഒരു ദിവസം ശരാശരി 16 മണിക്കൂര്‍ വെളിച്ചം നല്‍കണം. അതിനാല്‍ ഫാമുകള്‍ നിര്‍മിക്കുമ്പോള്‍ ഇതുകൂടി പരിഗണിക്കണം.
മുട്ട ഉല്‍പാദനത്തിന് സഹായിക്കുന്ന ശരീരത്തിലെ ഹോര്‍മോണുകള്‍ പിറ്റിയൂറ്ററി ഗ്രന്ധികളില്‍ നിന്ന് ലഭ്യമാകുന്നതിന് 16 മണിക്കൂര്‍ വെളിച്ചം അനിവാര്യമാണ്. ഇങ്ങനെ വെളിച്ചം ലഭിക്കാത്ത, മഴക്കാലത്ത് മുട്ട ഉല്‍പാദനം താരതമ്യേന കുറയാനിടയുള്ളതിനാല്‍ ഫാമുകളില്‍ അതിരാവിലെയും വൈകുന്നേരങ്ങളിലും കുറച്ചു നേരം ബള്‍ബുകള്‍ ഓണ്‍ ആക്കി ഇടുന്നത് ഫലം ചെയ്യും.
ഇതിന് പുറമെ, ഇവയ്ക്ക് കൃത്യമായി വെള്ളം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. സൂര്യപ്രകാശം ആവശ്യമാണെങ്കിലും ബഹളം, ഉയര്‍ന്ന ചൂട് എന്നിവ മൂലമുണ്ടാകുന്ന സമ്മര്‍ദം മുട്ട കുറയാന്‍ കാരണമാകും.
കൂടുകളില്‍ ആവശ്യമില്ലാതെ ആളുകള്‍ കയറി ഇറങ്ങുന്നതും, ബഹളം വയ്ക്കുന്നതും ഒഴിവാക്കുക. അതായത്, മനുഷ്യര്‍ വലിയ സമ്പര്‍ക്കത്തിന് പോകരുത്.
കോഴികള്‍ക്ക് ആഴ്ചയില്‍ മൂന്നു തവണ ഗോതമ്പ് നല്‍കുക. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് നല്‍കുന്നതാണ് നല്ലത്. തവിട് കുഴച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. കോഴിത്തീറ്റ, അരി, മീന്‍ വേസ്റ്റ്, കക്ക പൊടിച്ചത് എന്നിവ ഇടയ്ക്ക് നല്‍കുന്നതും നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.