- Trending Now:
അക്കൗണ്ട് നമ്പറിന്റെ ഒരു അക്കം തെറ്റിയാല്‍ത്തന്നെ മറ്റൊരു അക്കൗണ്ടിലേക്കായിരിക്കും പണമെത്തുക. അതിനാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക
ബാങ്കിങ് സേവനങ്ങള്‍ ഓണ്‍ലൈനായതോടെ വിരല്‍ത്തുമ്പില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനുളള സൗകര്യങ്ങളുണ്ട്. സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ബാങ്കില്‍ പോയി ക്യൂ നില്‍ക്കാതെ ഞൊടിയിടയില്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകും. അതിനായി മൊബൈല്‍ വാലറ്റുകള്‍, യുപിഐ പേമെന്റ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളും നമുക്കായുണ്ട്. ഇതിനായുളള മൊബൈല്‍ ആപ്പുകളും ഒരുപാടുണ്ട്. എന്നാല്‍ ചെറിയൊരു അശ്രദ്ധ മാത്രം മതി ഒരുപാട് ടെന്‍ഷനും പിന്നാലെയെത്തും.
ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ വഴി പണം ഒരാള്‍ക്ക് അയയ്ക്കുമ്പോള്‍ അക്കൗണ്ട് നമ്പര്‍ തെറ്റിപ്പോയാല്‍ എന്തുചെയ്യും. മറ്റൊരാളുടെ അക്കൗണ്ടിലേക്കായിരിക്കും നമ്മുടെ പണം എത്തുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ ? നിങ്ങളുടെ പണം ഇത്തരത്തില്‍ നഷ്ടമായാല്‍ പെട്ടെന്ന് ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പരാതി നല്‍കാം
നിങ്ങള്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റിപ്പോയാല്‍ ആ നമ്പര്‍ നിലവിലില്ലാത്തതാണെങ്കില്‍ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചെത്തും. എന്നാല്‍ ആ അക്കൗണ്ട് നമ്പര്‍ വേറൊരാളുടേതാണെങ്കില്‍ പണം തിരിച്ചുകിട്ടാന്‍ ബാങ്കിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. തെറ്റായ അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് മനസ്സിലാക്കിയാല്‍ ഉടന്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം. അതോടൊപ്പം ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ട് പരാതിയും നല്‍കാം.
വിവരങ്ങള്‍ കൃത്യമായി നല്‍കണം
നിങ്ങള്‍ക്ക് സംഭവിച്ച പിഴവിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടുന്ന പക്ഷം അത് ഉടന്‍ ചെയ്യാം. ഇടപാടിന്റെ തീയ്യതി, സമയം നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, തെറ്റിപ്പോയ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കണം. തുടര്‍ന്ന് നിങ്ങളുടെ പണം തിരികെ ലഭിക്കാനുളള നടപടികള്‍ ബാങ്ക് സ്വീകരിക്കും.
പണം തിരിച്ചുകിട്ടുന്നത് ?
നിങ്ങള്‍ പണം അയച്ചത് മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് നമ്പരിലേക്കാണെങ്കില്‍ പണം തിരിച്ചുകിട്ടുന്നതിന് സമയമെടുത്തേക്കും. അതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടാകും. എന്നാല്‍ ഒരേ ബാങ്കിന്റെ അക്കൗണ്ട് ആണെങ്കില്‍ അധികം താമസിയാതെ പണം നിങ്ങള്‍ക്ക് തിരിച്ചുകിട്ടും.
അക്കൗണ്ട് നമ്പറിന്റെ ഒരു അക്കം തെറ്റിയാല്‍ത്തന്നെ മറ്റൊരു അക്കൗണ്ടിലേക്കായിരിക്കും പണമെത്തുക. ശേഷമുളള ബുദ്ധിമുട്ടുകളും ഒരുപാടുണ്ടാകും. അതിനാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. ചില സന്ദര്‍ഭങ്ങളില്‍ ടെന്‍ഷന്‍ കാരണം നമ്മുക്ക് പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ കഴിയാറില്ല. ഇത്തരം അറിവുകള്‍ ടെന്‍ഷന്‍ കുറയ്ക്കാനും കൃത്യമായ നടപടി സ്വീകരിക്കാനും ഉപകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.