Sections

അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്പന: ലീഗല്‍ മെട്രോളജി വകുപ്പ് 17 ലക്ഷം രൂപ പിഴ ഈടാക്കി

Friday, Jul 01, 2022
Reported By Ambu Senan

അളവുതൂക്ക നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 568 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്

 

എറണാകുളം: ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയവരില്‍ നിന്നും  17,17,000 രൂപ പിഴ ഈടാക്കി. 629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജില്ലയില്‍ അളവുതൂക്ക നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 568 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 11,47,000  രൂപ  പിഴ ഈടാക്കി. അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്പന നടത്തിയ നാലു സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും 45000 രൂപ പിഴ  ഈടാക്കുകയും ചെയ്തു. പാക്കേജ്ഡ് കമ്മോഡിറ്റി റൂള്‍സ്  ലംഘനങ്ങള്‍ക്ക് എതിരെ 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5,25,000  രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍,  മാര്‍ക്കറ്റുകള്‍, ജ്വല്ലറികള്‍, പെട്രോള്‍ പമ്പുകള്‍, ബാറുകള്‍, പഴം, പച്ചക്കറി, പലചരക്കു കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.  അമിതവില ഈടാക്കുക, അളവിലോ തൂക്കത്തിലോ കുറച്ച് വില്‍പ്പന നടത്തുക, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുക, നിയമാനുസൃതമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പ്രധാനമായും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും കടയുടമകള്‍ പിഴ അടച്ചുതീര്‍ത്തിട്ടുണ്ടെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബി.ഐ സൈലാസ് പറഞ്ഞു.

ഉപഭോക്താക്കളില്‍ നിന്നും അമിത വിലയീടാക്കുക,  അളവ് തൂക്കം സംബന്ധിച്ചുള്ള ക്രമക്കേടുകള്‍ തുടങ്ങിയ പരാതികള്‍ക്ക് ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം നമ്പരുകളിലും 1800 425 4835 എന്ന ടോള്‍ ഫീ നമ്പരിലും സുതാര്യം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും clm.lmd@kerala.gov.in എന്ന ഈമെയില്‍ വഴിയും, കൂടാതെ എല്ലാ ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസ്, താലൂക്ക് തല ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍  എന്നിവിടങ്ങളിലും പരാതികള്‍ നല്‍കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.