Sections

ലോൺ ആപ്പുകളുടെ ചൂഷണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: വനിതാ കമ്മീഷൻ

Sunday, Sep 24, 2023
Reported By Admin
Loan Apps

സംസ്ഥാനത്ത് ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10 വനിതകളിൽ കൂടുതൽ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണമെന്നും സെൽ രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകും.

പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ കൈക്കൊള്ളും. മുൻകൂട്ടി അറിയിപ്പുകൾ നൽകാതെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

അദാലത്തിൽ 81 പരാതികൾ പരിഗണിച്ചു. 11 എണ്ണം തീർപ്പാക്കി. ഒരു പരാതി കൗൺസിലിങ്ങിനായും, അഞ്ച് കേസുകൾ റിപ്പോർട്ട് തേടുന്നതിനായും അയച്ചു. 64 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, സർക്കിൾ ഇൻസ്പെക്ടർ ജോസ് കുര്യൻ, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനൻ, ശുഭ, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.