Sections

പഠനവൈകല്യങ്ങൾ: തിരിച്ചറിവും പരിഹാരവും

Thursday, Oct 24, 2024
Reported By Soumya
Children with learning disabilities receiving special educational support in a classroom

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രാധാന്യം


പലരും പഠനവൈകല്യം എന്താന്നറിയാതെ കുട്ടികളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കാറുണ്ട്. അവരെക്കുറിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള പൊതുവായ പരാതികൾ ഇതാണ്. പാഠഭാഗങ്ങൾ പറഞ്ഞുകേൾപ്പിക്കും. പക്ഷേ, പരീക്ഷാ പേപ്പറിൽ ഒന്നും എഴുതില്ല. ചില അക്ഷരങ്ങൾ എഴുതാനും വായിക്കാനും ബുദ്ധിമുട്ട്. കണക്ക് പഠിക്കാൻ ബുദ്ധിമുട്ട്. ഇനി കണക്ക് ശരിക്ക് ചെയ്താലും എടുത്ത് എഴുതുമ്പോൾ തെറ്റിക്കും. കുറെ നേരം ഇരുന്ന് പഠിച്ചാലേ മാർക്ക് കിടൂ, എന്നാൽ അഞ്ചു മിനിറ്റ് തികച്ചിരിക്കാൻ പറ്റാത്ത പെടപെടപ്പ്. അനാവശ്യ ദേഷ്യം, വാശി. കളിക്കാനാണ് കൂടുതൽ ഇഷ്ടം. ഈ കുഞ്ഞുങ്ങളെ അലസന്മാരും ബുദ്ധിശൂന്യന്മാരുമായും കുറ്റപ്പെടുത്താനാണ് പലർക്കും താൽപ്പര്യം. എന്നാൽ, കുട്ടികളിൽ കാണുന്ന പഠനവൈകല്യങ്ങളാണ് ഇവയൊക്കെ എന്നു തിരിച്ചറിയുന്നവർ വളരെ ചുരുക്കം. പഠനവൈകല്യം ഒരു രോഗമല്ല. ശരീരത്തിൻറെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികൾക്ക് ബുദ്ധിക്കുറവില്ല, മസ്തിഷ്ക കോശങ്ങളിലെ ചില അസ്വാഭാവികതകളാണ് ഇതിനു കാരണമാകുന്നത്. പഠിക്കുന്നില്ലെങ്കിൽ കുട്ടികളെ കുറ്റപ്പെടുത്തരുത്.

ഓഡിറ്ററി പ്രോസസിങ് ഡിസോർഡർ: ഇത്തരം കുട്ടികൾക്ക് ഉച്ചത്തിലും വ്യക്തമായും പറഞ്ഞാൽപോലും പല വാക്കുകളിലെ ശബ്ദോച്ചാരണത്തിൻറെ വ്യത്യസ്തത തിരിച്ചറിയാൻ കഴിയില്ല. ശബ്ദം എവിടെനിന്ന് പുറപ്പെടുന്നു എന്നു തിരിച്ചറിയാനും ഈ കുട്ടികൾക്ക് ബുദ്ധിമുട്ടാണ്.

ഡിസ്കാൽക്കുലിയ: അക്കങ്ങൾ തിരിച്ചറിയുന്നതിനും കണക്ക് പഠിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്.

ഡിസ്ഗ്രാഫിയ: അവയവങ്ങളുടെ പ്രവർത്തന ഏകോപനത്തിലെ കുറവാണ് ഈ അവസ്ഥ. ഇത് കുട്ടിയുടെ കൈയെഴുത്തിനെ ബാധിക്കുന്നു. തന്മൂലം വ്യക്തമല്ലാതെ എഴുതുന്നു, അക്ഷരപ്പിശക് സംഭവിക്കുന്നു, വാക്കുകൾക്കിടയിൽ സ്ഥലം വിടാതിരിക്കുന്നു. ഒരേസമയം ചിന്തിക്കാനും എഴുതാനും കഴിയാത്ത അവസ്ഥയുമുണ്ടാകുന്നു.

ഡിസ്ലെക്സിയ: വായനവൈകല്യവും ഭാഷാവൈകല്യവും ഇത്തരം കുട്ടികളിൽ കാണാം. ഇതിൻറെ തീവ്രത പലരിലും പലതായിരിക്കും.

ലാംഗ്വേജ് പ്രോസസിങ് ഡിസോർഡർ: ഭാഷ വിശകലനം ചെയ്യാനുള്ള ബുദ്ധിമുട്ട്. ആശയം പ്രകടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് (expressive receptive). ഇത് സംസാരത്തെയും ബാധിക്കും.

നോൺ വെർബൽ ലേണിങ് ഡിസെബിലിറ്റി:വാക്കുകളില്ലാതെയുള്ള ആശയവിനിമയം, ആംഗ്യഭാഷയിൽ കാണുന്നത് വ്യാഖ്യാനിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാകും. മുഖഭാവങ്ങളും ശരീരഭാഷയും മനസ്സിലാക്കാൻ ഈ കുട്ടികൾക്ക് ബുദ്ധിമുട്ടായിരിക്കും.

വിഷ്വൽ മോട്ടോർ ഡെഫിസിറ്റ്: കാണുന്നത് മനസ്സിലാക്കാനും പകർത്താനും വരയ്ക്കാനും ബുദ്ധിമുട്ട്. രൂപങ്ങളുടെയും അക്ഷരങ്ങളുടെയും ചെറിയ വ്യത്യാസങ്ങൾ മനസ്സിലാക്കാനും പെൻസിൽ പിടിക്കാനും ഇക്കൂട്ടർ കഷ്ടപ്പെടും.

അനുബന്ധ വൈകല്യങ്ങൾ

എ.ഡി.എച്ച്.ഡി: ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലായ്മ, പെരുമാറ്റത്തെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, പിരുപിരുപ്പ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എ.ഡി.എച്ച്.ഡി ഉള്ള 30 മുതൽ 50 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലെ പഠനവൈകല്യങ്ങൾ കാണപ്പെടുന്നു.

ഡിസ്പ്രാക്സിയ: പേശികളെ നിയന്ത്രിക്കാൻ കഴിയാതിരിക്കുന്നതുമൂലം ചലനത്തിലും ഭാഷയിലും സംസാരത്തിലും ബുദ്ധിമുട്ടുകളുണ്ടാകും. മസ്തിഷ്കവളർച്ചയുടെ ഏതു ഘട്ടത്തിലും പഠനവൈകല്യം ഉണ്ടാകാം.

കാരണങ്ങൾ

ഗർഭാവസ്ഥയിലോ ജനനശേഷമോ ഇതുണ്ടാകാം. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന അപകടങ്ങളും അസുഖങ്ങളും പഠനവൈകല്യത്തിന് ഇടയാക്കാം. ജനനസമയത്ത് ആവശ്യത്തിന് ഓക്സിജൻ കിട്ടാതിരിക്കുക, തലയ്ക്ക് ക്ഷതമേൽക്കുക, മാസം തികയാതെയുള്ള ജനനം ഇവയെല്ലാം പഠനവൈകല്യത്തിന് ഇടവരുത്താം. ജനനശേഷം കുഞ്ഞിനുണ്ടാകുന്ന അപകടങ്ങൾ, അസുഖങ്ങൾ, അപസ്മാരം ഇവയും പഠനവൈകല്യത്തിന് കാരണമാകാം.

പരിഹാരം

അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പഠനവൈകല്യമുള്ള കുട്ടികൾക്ക് മികച്ച വിജയം നേടാനാകും. പഠനവൈകല്യത്തെ തിരിച്ചറിയുകയും അത് അധ്യാപകരും മാതാപിതാക്കളും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. അല്ലാതെ കുട്ടികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പഠനവൈകല്യമുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരം പഠനവൈകല്യങ്ങൾ തിരിച്ചറിയാനുള്ള നിരവധി സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഇത്തരം പഠനവൈകല്യങ്ങൾ കണ്ടെത്താനുള്ള 'ഡിസ്ട്രിക്ട് ഏർളി ഇൻറർവെൻഷൻ സെൻററുകൾ' പ്രവർത്തിക്കുന്നു. വിദഗ്ധരുടെ പരിശോധനകളിലൂടെ വൈകല്യം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനാകും. വൈകല്യം തിരിച്ചറിഞ്ഞാൽ വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം അതീവശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ ഇത് കുറച്ചുകൊണ്ടുവരാനും കഴിയും. ഇത്തരം കുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം വിനിയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.ഇത്തരം കുട്ടികളെ എഴുതി പഠിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇവരുടെ പഠനത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധചെലുത്തണം കണക്കുകളും മറ്റും പല പ്രാവശ്യം ചെയ്ത് പഠിപ്പിക്കുക പരീക്ഷ എഴുതാൻ കൂടുതൽ സമയം നൽകാനും ആവശ്യമെങ്കിൽ ചോദ്യങ്ങൾ വായിച്ചുകൊടുക്കുകയും വേണം സ്കൂളുകളിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകണം ഇത്തരം കുട്ടികൾക്ക് പഠനവൈകല്യത്തെ കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി, ചില വിഷയങ്ങൾ ഒഴിവാക്കി എളുപ്പമുള്ള വിഷയങ്ങൾ പഠിക്കാനുള്ള അവസരം ലഭ്യമാണ്. ഇതെല്ലാം പ്രയോജനപ്പെടുത്തി കൂടുതൽ പരിശീലനം നൽകിയാൽ വളരുന്തോറും വൈകല്യം കുറയുകയും പഠനനിലവാരം ഉയരുകയും ചെയ്യും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.