- Trending Now:
ഉപയോക്താക്കളുടെ അറിവില്ലായ്മ പലരും മുതലെടുക്കുന്നതും, മേഖലയിലെ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനുള്ള കാരണം
രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എസ്.ബി.ഐ അവതരിപ്പിച്ചത്. ഉപയോക്താക്കളുടെ അറിവില്ലായ്മ പലരും മുതലെടുക്കുന്നതും, മേഖലയിലെ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനുള്ള കാരണം. വേഗത്തിലും സൗകര്യപ്രദമായും ഇടപാടുകള്‍ നടത്താനുള്ള അവസരമാണ് ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. ഇതുവഴി എല്ലാ ബാങ്കിങ് പ്രവര്‍ത്തനങ്ങളും ഏതാനും ക്ലിക്കുകളിലൂടെ സാധ്യമാകുന്നു. സുരക്ഷിതമായ ഓണ്‍ലൈന്‍ ബാങ്കിങ്ങിനായി എസ്.ബി.ഐ. നിര്‍ദേശിക്കുന്ന ചില കാര്യങ്ങളാണ് താഴെ നല്‍കുന്നത്.
ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബ്രൗസറിന്റെ വിലാസ ബാറില്‍ യു.ആര്‍.എല്‍. ടൈപ്പ് ചെയ്ത് മാത്രം ബാങ്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുക. ലിങ്കുകള്‍ ഉപയോഗിക്കാതിരിക്കുക.
മൊബൈലുകളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഓണ്‍ലൈന്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ആപ്പിന്റെ ആധികാരികത ഉറപ്പാക്കുക.
ബാങ്കിങ് ഓഫറുകളും മറ്റും സൂചിപ്പിച്ചു കൊണ്ട് ഇ- മെയിലും, മെസേജുമായി എത്തുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യാതിരിക്കുക.
നിങ്ങള്‍ക്ക് ഓഫറുകളും മറ്റും വാഗ്ദാനം ചെയ്ത് എത്തുന്ന കോളുകളില്‍ വീഴാതിരിക്കുക. ബാങ്കിന്റെ ഒരു പ്രതിനിധികളും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ, പാസ്വേഡുകളോ, ഒ.ടി.പികളോ ഫോണുകളിലൂടെയും മറ്റും ആവശ്യപ്പെടില്ല.
ഇത്തരം മെസേജുകളോ, കോളുകളോ ലഭിച്ചാല്‍ അക്കാര്യം ബാങ്കിനെ അറിയിക്കുക.
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നതിനോ ബാങ്ക് സൈറ്റില്‍ അക്കൗണ്ട് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനോ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരു ഇ- മെയില്‍/ എസ്.എം.എസ്/ ഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍ വഞ്ചിതരാകരുത്.
പാസ്വേഡുകള്‍, ലോഗിന്‍ വിശദാംശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫോണുകളിലോ, കമ്പ്യൂട്ടറുകളിലോ, ഓണ്‍ലൈനിലോ സൂക്ഷിക്കരുത്.
നിങ്ങള്‍ ലോഗിന്‍ ചെയ്ത ശേഷം ഉപയോക്തൃനാമവും ലോഗിന്‍ പാസ്വേഡും വീണ്ടും നല്‍കാന്‍ ആവശ്യപ്പെടില്ല. കൂടാതെ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുമ്പോള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടില്ല.
അത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ട് സന്ദേശം (പോപ്പ്-അപ്പ് പോലുള്ളവ) ലഭിക്കുകയാണെങ്കില്‍ ശരിയായ പേജില്‍ തന്നെയാണ് നിങ്ങള്‍ ഉള്ളതെന്ന് ഉറപ്പാക്കുക. ഇത്തരം അനാവശ്യ പോപ്പ്- അപ്പുകള്‍ മിക്കവാറും നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസുകള്‍ ഉള്ളതിന്റെ സൂചനയാണ്. ഉടനടി നടപടികള്‍ സ്വീകരിക്കുക.
ഇന്റര്‍നെറ്റ് സുരക്ഷ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍
ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുക.
ബ്രൗസറുകളുടെയും മറ്റും ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുക.
ഫയര്‍വാള്‍ പ്രവര്‍ത്തനക്ഷമമാക്കുക.
സുരക്ഷിതമായ ആന്റിവൈറസ് ഉപയോഗിക്കുക.
സിസ്റ്റം വൈറസ്/ ട്രോജന്‍ രഹിതമാണെന്ന് ഉറപ്പാക്കാന്‍ ആന്റിവൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പതിവായി സ്‌കാന്‍ ചെയ്യുക.
കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്വേഡ് മാറ്റുക.
പോസ്റ്റ് ലോഗിന്‍ പേജിലെ അവസാന ലോഗിന്‍ തീയതിയും സമയവും എപ്പോഴും പരിശോധിക്കുക.
സൈബര്‍ കഫേകളില്‍ നിന്നോ, പങ്കിട്ട പിസികളില്‍ നിന്നോ ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.