- Trending Now:
ഇത്തരത്തിൽ എഴുതിത്തള്ളിയ വായ്പകളിൽ നിന്നുള്ള വീണ്ടെടുക്കൽ വളരെ ബുദ്ധിമുട്ടുള്ളതാണ്
2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയിൽ വായ്പയായി ബാങ്കുകൾ എഴുതിത്തള്ളിയത്.
വിവരാവകാശ വിവരങ്ങൾ പ്രകാരം മുൻ സാമ്പത്തിക വർഷത്തേക്കാൾ കൂടുതലാണിത്. 2022 ൽ 174,966 കോടി രൂപയും 2021 സാമ്പത്തിക വർഷത്തിൽ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകൾ. ഇത്തരത്തിൽ എഴുതിത്തള്ളിയ വായ്പകളിൽ നിന്നുള്ള വീണ്ടെടുക്കൽ വളരെ ബുദ്ധിമുട്ടുള്ളതാണ്. 2021 സാമ്പത്തികവർഷത്തിൽ 30,104 കോടിയും, 2022 ൽ 33,534 കോടിയും, 2023 സാമ്പത്തിക വർഷത്തിൽ 45,548 കോടിയും മാത്രമാണ് വീണ്ടെടുക്കാനായത്. അതായത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എഴുതിത്തള്ളിയ 586,891 കോടി രൂപയുടെ വായ്പകളിൽ, 109,186 കോടി രൂപ മാത്രമാണ് ബാങ്കുകൾക്ക് വീണ്ടെടുക്കാനായത്, എന്ന് ചുരുക്കം.
വായ്പ എഴുതിത്തള്ളുമ്പോൾ എന്ത് സംഭവിക്കും?
കിട്ടാക്കടമാക്കി ബാങ്കുകൾ ഇത്തരത്തിൽ വായ്പ എഴുതിത്തള്ളിയാൽ അത് ബാങ്കിന്റെ അസറ്റ് ബുക്കിൽ നിന്ന് നീക്കം ചെയ്യും. കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് ബാങ്കുകൾ ഈ നടപടി കൈക്കൊള്ളുന്നത്. കുടിശ്ശികയുള്ള തുക വീണ്ടെടുക്കാനുള്ള സാധ്യതയും കുറവാണ്. എന്നാൽ എഴുതിത്തള്ളലിനു ശേഷവും, വിവിധ ഓപ്ഷനുകൾ ഉപയോഗിച്ച് വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ ബാങ്ക് തുടരേണ്ടതുണ്ട്. എഴുതിത്തള്ളിയ തുക ലാഭത്തിൽ നിന്ന് കുറയ്ക്കുന്നതിനാൽ ബാങ്കിന്റെ നികുതി ബാധ്യതയും കുറയും. ബാങ്കുകൾ പ്രതിവർഷം വായ്പ എഴുത്തിത്തളളുന്നത് ഇക്കാരണത്താൽ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.