Sections

തൃത്താല കാർഷിക കാർണിവൽ: ലാമോസാണ് താരം

Sunday, Apr 13, 2025
Reported By Admin
LAMOS: Kerala’s Jackfruit Brand Goes Global, Shines at Thrithala Agricultural Carnival

കടൽകടന്നും വിപണനം നടത്തുന്ന ലാമോസ് ബ്രാൻഡാണ് തൃത്താല കാർഷിക കാർണിവലിലെ താരം. ചക്കയുടെ വിവിധങ്ങളായ വിഭവങ്ങളാണ് ലാമോസ് വിപണനം ചെയ്യുന്നത്. തൃത്താല മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലാരംഭിച്ച കുടുംബശ്രീയുടെ എസ് വി ഇ പി (സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രനർഷിപ്പ് പ്രോഗ്രാം) പദ്ധതിയിലൂടെയാണ് ലാമോസ് അഗ്രി പ്രൊഡക്ഷൻ യൂണിറ്റ് ബ്രാൻഡിന് തുടക്കമായത്. ലത മോഹന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

അമേരിക്കക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുടനീളവും വില്പന നടത്തുന്ന ലാമോസിന്റെ എല്ലാ വിഭവങ്ങളും കാർണിവലിലും സജീവമാണ്. ചക്ക പൗഡർ, ചക്ക വരട്ടിയത്, പുട്ടുപൊടി, ഇടിച്ചക്ക അച്ചാർ, ചക്കക്കുരു ബിസ്ക്കറ്റ്, ചക്ക അലുവ, സ്ക്വാഷ്, പായസം എന്നിങ്ങനെ നിരവധിയായ ചക്ക വിഭവങ്ങളാണ് ചക്കപ്രേമികളെ കാത്ത് കാർണിവലിൽ ലത മോഹനനും സംഘവും തയ്യാറാക്കിയിട്ടുള്ളത്.

2024 ൽ മേഴത്തൂരിലാണ് ലാമോസ് അഗ്രി പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിച്ചത്. തൃത്താലയിൽ കൃഷി വകുപ്പിന്റെ സമൃദ്ധി ഷോപ്പിലൂടെയായിരുന്നു വിപണനം. ചക്ക ഉൽപ്പന്നങ്ങൾ വിദേശത്തും പ്രസിദ്ധമായതോടെ ഓൺലൈൻ വഴിയും വിപണനം തുടങ്ങി. അഞ്ഞൂറോളം ചക്കയാണ് ഒരു മാസത്തെ ചക്ക ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.15 ലക്ഷം രൂപ മുതൽമുടക്കിയ ഈ സംരംഭത്തിൽ നിന്ന് ഒരു മാസം ഒന്നരലക്ഷം രൂപ വരെ ലഭിക്കുമെന്ന് സംരംഭക ലത മോഹനൻ പറഞ്ഞു. സംരംഭത്തിനു വേണ്ടി രണ്ടര ലക്ഷം രൂപയാണ് എസ് വി ഇ പി പദ്ധതി പ്രകാരം ലോൺ എടുത്തിട്ടുള്ളത്.വരുമാനത്തിൽ നിന്ന് വായ്പ കൃത്യമായി തിരിച്ചടക്കുന്നുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.