Sections

4.61 കോടി രൂപ വിലയുള്ള ലംബോർഗിനി ഇന്ത്യൻ വിപണിയിലെത്തി

Sunday, Dec 11, 2022
Reported By admin
Lamborghini Huracan Sterrato

ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോയുടെ ഉൾഭാഗത്തെ ലേഔട്ട് സാധാരണ ഹുറാകാൻ മോഡലിന് സമാനമാണ്


ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനിയുടെ പുതിയ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓഫ്-റോഡിന് കൂടിയുള്ള ഹുറാകാൻ സ്റ്റെറാറ്റോ എന്ന മോഡലാണ് ലംബോർഗിനി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. 4.61 കോടി രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന ഈ വാഹനത്തിന്റെ നിർമ്മാണം 2023 ഫെബ്രുവരി മുതൽ ആരംഭിക്കും. ഈ വാഹനത്തിന്റെ 1,499 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോയുടെ ഡെലിവറി അടുത്ത വർഷം മൂന്നാം പാദത്തിൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഹുറാകാൻ സ്റ്റെറാറ്റോ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഏത് തരം പ്രതലത്തിലും, റോഡുകളിലും പരമാവധി ഡ്രൈവിങ് കംഫർട്ട് നൽകുന്ന രീതിയിൽ ഡിസൈൻ ചെയ്ത ആദ്യത്തെ സൂപ്പർ സ്പോർട്സ് കാറാണ് ഇതെന്ന് ലംബോർഗിനി വ്യക്തമാക്കി. ഈ വാഹനത്തിന്റെ സവിശേഷതകൾ നോക്കാം

സ്റ്റാൻഡേർഡ് ഹുറാകാൻ സ്പോർട്സ് കാറിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് ഹുറാകാൻ സ്റ്റെറാറ്റോ വരുന്നത്. വീൽ ആർച്ച് എക്സ്റ്റൻഷനുകൾ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത മുൻ വശത്തെയും പിൻ വശത്തെയും ബമ്പറുകൾ, റീ-ഇൻഫോഴ്സ്ഡ് സിൽസ്, അലൂമിനിയം അണ്ടർബോഡി പ്രൊട്ടക്ഷൻ എന്നിവ ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നു

സ്റ്റെറാറ്റോയുടെ റൂഫിൽ എയർ ഇൻടേക്കും നൽകിയിട്ടുണ്ട്. പൊടിപടലങ്ങൾ നിറഞ്ഞ റോഡുകളിൽ എഞ്ചിന് ആവശ്യമായ എയർ എടുക്കാൻ ഇത് സഹായിക്കുന്നു. എൽഇഡി ലൈറ്റ് ബാറുകളുള്ള സ്റ്റോൺ ഗാർഡും സ്റ്റെറാറ്റോയിൽ നൽകിയിട്ടുണ്ട്.

ബ്രിഡ്ജ്സ്റ്റോൺ ഡ്യുലർ AT002 ടയറുകൾക്കൊപ്പം പുതിയ 19 ഇഞ്ച് അലോയ് വീലുകളാണ് ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോയിലുള്ളത്. ഡ്യുവൽ പർപ്പസ് ടയറുകളുടെ അളവുകൾ, മുൻവശത്ത് 235/40-R19, പിന്നിൽ 285/40-R19 എന്നിങ്ങനെയാണ്. ഇവ റൺ-ഫ്ലാറ്റ് സാങ്കേതികവിദ്യയുമായിട്ടാണ് വരുന്നത്.

ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോയുടെ ഉൾഭാഗത്തെ ലേഔട്ട് സാധാരണ ഹുറാകാൻ മോഡലിന് സമാനമാണ്. എന്നാൽ ടച്ച്സ്ക്രീനിനായി പുതിയ ഗ്രാഫിക്സ് നൽകിയിട്ടുണ്ട്. അൽകന്റാര വെർഡെ അപ്ഹോൾസ്റ്ററിയും സ്റ്റെറാറ്റോയിൽ ലംബോർഗിനി നൽകിയിട്ടുണ്ട്. പിച്ച് ആൻഡ് റോൾ ഇൻഡിക്കേറ്ററോട് കൂടിയ ഡിജിറ്റൽ ഇൻക്ലിനോമീറ്റർ, കോമ്പസ്, ജിയോഗ്രാഫിക് കോർഡിനേറ്റ് ഇൻഡിക്കേറ്റർ, സ്റ്റിയറിങ് ആംഗിൾ ഇൻഡിക്കേറ്റർ തുടങ്ങിയ പ്രത്യേക ഓഫ്-റോഡ് ഫീച്ചറുകളും ഇതിലുണ്ട്.

610 എച്ച്പി പവറും 560 എൻഎം ടോർക്കും നൽകുന്ന 5.2 ലിറ്റർ NA V10 എഞ്ചിനാണ് ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോയിലുള്ളത്. 7-സ്പീഡ് DSG ഗിയർബോക്സും ഈ വാഹനത്തിൽ ലംബോർഗിനി നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് കൺട്രോൾ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും റിയർ മെക്കാനിക്കൽ സെൽഫ് ലോക്കിങ് ഡിഫറൻഷ്യലും വാഹനത്തിലുണ്ട്.

വെറും 3.4 സെക്കൻഡിനുള്ളിൽ സ്റ്റെറാറ്റോയ്ക്ക് 0ൽ നിന്നും 100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ സാധിക്കും. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 260 കിലോമീറ്ററാണ് എന്നും ലംബോർഗിനി പറയുന്നു. റാലി, സ്ട്രാഡ, സ്പോർട്സ് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളും ഈ വാഹനത്തിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.