Sections

പതിവ് തെറ്റിയില്ല, ഇത്തവണയും സപ്ളൈക്കോയുടെ ഓണക്കിറ്റില്‍ കുടുംബശ്രീയുടെ മധുരം

Saturday, Aug 06, 2022
Reported By admin

സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭരിക്കുന്നത്

 

തിരുവനന്തപുരം: ഇത്തവണത്തെ സപ്ളൈക്കോയുടെ ഓണക്കിറ്റിലും കുടുംബശ്രീയുടെ മധുരം ഉണ്ടാകും. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്ളൈക്കോയില്‍ നിന്നും 12.89 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീയ്ക്ക് ലഭിച്ചു. കരാര്‍ പ്രകാരം നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ നല്‍കുക. 100 ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. 

സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഉല്‍പന്ന നിര്‍മാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്‍പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കുന്ന ഉല്‍പന്നങ്ങള്‍ സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

ഉല്‍പന്ന നിര്‍മാണവും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിര്‍വഹിക്കുന്നതിനും ജില്ലാ മിഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സപ്ളൈക്കോ ആവശ്യപ്പെട്ട അളവില്‍ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണവും ഊര്‍ജിതമാക്കി. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭരിക്കുന്നത്. ഉല്‍പന്നങ്ങള്‍ ഡിപ്പോയില്‍ എത്തിക്കുന്ന മുറയ്ക്ക് സപ്ളൈക്കോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും.

കഴിഞ്ഞ വര്‍ഷവും സപ്ളൈക്കോയുടെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുബശ്രീ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്തിരുന്നു. ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17 ലക്ഷം പായ്ക്കറ്റ് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകള്‍ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ 11.99കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകര്‍ നേടിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.