- Trending Now:
വള്ളിച്ചെടി ആയതിനാല്‍ വലിയ വളപ്രയോഗം ഇല്ലാതെ തന്നെ ഇത് വളരും
കുടുംബശ്രീ ആരംഭിച്ച പാഷന്‍ഫ്രൂട്ട് തോട്ടങ്ങള്‍ വിളവെടുപ്പിനൊരുങ്ങുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ച പാഷന്‍ഫ്രൂട്ട് തോട്ടങ്ങളില്‍ വിളവെടുപ്പ് ഉടന്‍ ആരംഭിക്കും. ജില്ലയില്‍ തെരഞ്ഞെടുത്ത നൂറ് ഗ്രൂപ്പുകളാണ് തോട്ടം പരിപാലിച്ചത്. അഞ്ച് ബ്ലോക്കുകളിലെ 13 പഞ്ചായത്തുകളിലാണ് കൃഷി നടന്നത്. മലപ്പട്ടം, കുറ്റിയാട്ടൂര്‍, മാങ്ങാട്ടിടം, ചെറുപുഴ, ചിറ്റാരിപ്പറമ്പ്, പാട്യം, പടിയൂര്‍, തില്ലങ്കേരി, ആറളം, കൊട്ടിയൂര്‍, പന്ന്യന്നൂര്‍, മൊകേരി, മുണ്ടേരി എന്നീ പഞ്ചായത്തുകളിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷി ചെയ്തത്.
എല്ലാ യൂണിറ്റുകള്‍ക്കും തൈകള്‍ സൗജന്യമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയിരുന്നു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, ദേശീയ ഭക്ഷ്യ മന്ത്രാലയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ ഗ്രൂപ്പുകള്‍ക്ക് കൃഷി രീതിയില്‍ പരിശീലനം നല്‍കിയിരുന്നു.
പാഷന്‍ ഫ്രൂട്ട് കൃഷി വളരെ ചെലവ് കുറവാണെന്നും വിളവിന്റെ നല്ലൊരുഭാഗം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. പ്രാദേശിക വിപണിയില്‍ പാഷന്‍ഫ്രൂട്ടിന് നല്ല വിപണി ലഭിക്കുമെന്നും അധികം വരുന്ന പഴങ്ങള്‍ പള്‍പ്പാക്കി മാറ്റുമെന്നും പി.പി ദിവ്യ പറഞ്ഞു. ഇതിനായി കരിമ്പത്തെ സംസ്‌കരണകേന്ദ്രം പ്രയോജനപ്പെടുത്തും.
ചെലവ് കുറഞ്ഞ കൃഷി രീതി മാത്രമല്ല, വിറ്റാമിനുകളുടെ കലവറ കൂടിയാണ് പാഷന്‍ഫ്രൂട്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് എന്നീ മൂലകങ്ങളും നാരും പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും പാഷന്‍ഫ്രൂട്ട് ഉത്തമമാണ്. വള്ളിച്ചെടി ആയതിനാല്‍ വലിയ വളപ്രയോഗം ഇല്ലാതെ തന്നെ ഇത് വളരും. മാത്രമല്ല, നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ വിളവ് കൂടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.