Sections

കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി

Wednesday, Aug 23, 2023
Reported By Admin
Kudumbashree

കുടുംബശ്രീ സംസ്ഥാനതല ഓണം പ്രദർശന വിപണന മേളയായ 'ഓണനിലാവി'ന്റെ' ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു


  • സംസ്ഥാനത്തൊട്ടാകെ 1085 കുടുംബശ്രീ ഓണം മേളകൾ
  • സംസ്ഥാനതല മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ സംസ്ഥാനതല ഓണം പ്രദർശന വിപണന മേളയായ 'ഓണനിലാവി'ന്റെ' ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ്ങ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1055 കേന്ദ്രങ്ങളിൽ കുടുംബശ്രീ മേളകളും 1500 കേന്ദ്രങ്ങളിൽ സപ്ലൈക്കോ മേളകളുമായി 2585 ഓണം മേളകളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്ന ഈ മേളകൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. മികച്ച, ശുദ്ധമായ ഉൽപ്പന്നങ്ങൾ വിശ്വസ്ഥതയോടെ ലഭിക്കുന്നു എന്നതാണ് മേളകളുടെ പ്രത്യേകത. സംസ്ഥാനത്ത് ഏത് മേഖലയിലും പുതിയ സംരംഭം തുടങ്ങിയാൽ കുടുംബശ്രീയുടെ സാന്നിധ്യം

ഉണ്ടായിരിക്കണമെന്ന അഭിമാനകരമായ നിലയാണ്. കൊച്ചി മെട്രോ സ്റ്റേഷനിലും കോഴിക്കോട് വിമാനത്താവളത്തിലും കുടുംബശ്രീ ഉല്പന്നങ്ങൾ പുതുതായി എത്തി. കുടുംബശ്രീയുടെ 150 ഓളം ഉൽപ്പന്നങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. അവയുടെ എണ്ണം പടിപടിയായി വർധിപ്പിക്കും.

രാജ്യത്തു ആദ്യത്തേതായ കൊച്ചി വാട്ടർ മെട്രോയിൽ കുടുംബശ്രീ വിവിധ സേവനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. ഇപ്പോൾ പാലക്കാട് ഐ.ഐ.ടിയും കുടുംബശ്രീയുടെ സേവനം ആവശ്യപ്പെട്ടിരിക്കുകയാണ്, മന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖശ്രീയായി മാറിയ കുടുംബശ്രീ ഇപ്പോൾ ഭാഗ്യശ്രീ കൂടിയായി മാറി. കുടുംബശ്രീക്ക് കീഴിലെ ഹരിത കർമ്മസേനയുടെ പരപ്പനങ്ങാടിയിലെ വനിതകളാണ് 10 കോടി രൂപയുടെ മൺസൂൺ ബമ്പർ നേടിയത്.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഇല്ലാത്ത ഒരു പരിപാടിയെക്കുറിച്ച് കേരളത്തിൽ ആരും ചിന്തിക്കാത്ത അവസ്ഥയാണെന്ന് മന്ത്രി പ്രശംസിച്ചു. ഇക്കുറി ഓണം മേളകളിലൂടെ 25 കോടി രൂപയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഓണത്തിന് 19 കോടി ആയിരുന്നു സമാഹരിച്ചത്. തിരുവനന്തപുരത്തെ പ്രദർശന വിപണന മേളയിൽ 50 സ്റ്റാളുകൾ ആണുള്ളത്. ആഗസ്റ്റ് 28 വരെയുള്ള മേളയിൽ ദിവസവും വൈകീട്ട് കലാ-സാംസ്കാരിക പരിപാടികൾ, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ആദ്യവില്പന സ്വീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം ഗീതാ നസീർ, ജില്ലാ കോർഡിനേറ്റർ ഡോ. ബി ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.