Sections

കുടുംബശ്രീ നവീന മേഖലകളിലേക്ക്; ശ്രദ്ധേയമായ രണ്ട് സംരംഭങ്ങള്‍ക്ക് തുടക്കം

Wednesday, Oct 12, 2022
Reported By admin
kudumbashree

 സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനും കഴിയുക എന്നത് വളരെ പ്രധാനമാണ്


കുടുംബശ്രീയുടെ ശ്രദ്ധേയമായ രണ്ട് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് മന്ത്രി എം.ബി രാജേഷ്. കൊച്ചി മെട്രോയുടെ എസ്.എന്‍ ജങ്ഷന്‍ സ്റ്റേഷനിലെ കുടുംബശ്രീയുടെ 'പ്രീമിയം ബാസ്‌കറ്റ്' ഔട്ട്‌ലെറ്റും, കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായും കുറഞ്ഞ ചെലവിലും താമസിക്കാനുള്ള 'ഷീ ലോഡ്ജ്' സംരഭവും മന്ത്രി ഉദ്ഘാടനം ചെയ്തു.

വളരെ മനോഹരമായ നിലയില്‍ സജ്ജീകരിച്ചിട്ടുള്ള ഔട്ട്‌ലെറ്റില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളെല്ലാം ലഭ്യമാണ്. കുടുംബശ്രീ പുതിയ മേഖലകളിലേക്ക് കടക്കുന്നതിന്റെ തുടക്കമാണിത്. ഇതിന് പുറമേ 9 ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിക്കാന്‍ സ്ഥലം അനുവദിക്കാമെന്ന് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്‌റ ചടങ്ങില്‍ വച്ച് അറിയിച്ചതായി എം.ബി രാജേഷ് വ്യക്തമാക്കി. മെട്രോ സ്റ്റേഷനില്‍ 600 ചതുരശ്ര അടിയില്‍ 14 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീയാക്കിയത്. കാക്കനാട് നിര്‍മിതി കേന്ദ്രമാണ് ഔട്ട്ലെറ്റ് നിര്‍മിച്ചത്.

പരിപാടിയില്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസും പങ്കെടുത്തിരുന്നു. അധികം വൈകാതെ കരിപ്പൂര്‍ വിമാനത്താവളത്തിലും കുടുംബശ്രീയുടെ ഔട്ട്‌ലെറ്റ് ആരംഭിക്കും. നവീനമായ മേഖലകളിലേക്ക് പറന്നുയരാന്‍ കുടുംബശ്രീ ഒരുങ്ങുന്നതിന്റെ ഭാഗമായാണിത്. 

'ഷീ ലോഡ്ജ്' എന്ന സംരഭത്തിന് കീഴില്‍ മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്ക് താമസ സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്ന ലിബറാ എന്ന ഹോട്ടല്‍ കെട്ടിടം നവീകരിച്ചാണ് ഷീ ലോഡ്ജാക്കി മാറ്റിയത്.

മികച്ച സൗകര്യങ്ങളുള്ള ഷീ ലോഡ്ജിനോട് ചേര്‍ന്ന് പത്തുരൂപയ്ക്ക് ഊണ് കൊടുക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ സമൃദ്ധിക്ക് സാധിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയായ ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്ന് മേയര്‍ ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു.

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനും കഴിയുക എന്നത് വളരെ പ്രധാനമാണ്. കൊച്ചി നഗരത്തില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കായുമെത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം എന്നതും ഒരു വലിയ വെല്ലുവിളിയായിരുന്നു. ഷീ ലോഡ്ജിലൂടെ ഇതിനാണ് പരിഹാരമാകുന്നത്.

മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും. ഡോര്‍മെറ്ററിയില്‍ നൂറ് രൂപ മാത്രമാണ് വാടക. പത്തുരൂപയ്ക്ക് ഭക്ഷണവും ലഭ്യമാണ്. ഏത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും താങ്ങാവുന്ന നിരക്കുകളാണ് ഷീ ലോഡ്ജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഷീ ലോഡ്ജ്. മാതൃകാപരവും ഭാവനാപൂര്‍ണവുമായ ഇത്തരം പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് മേയര്‍ എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ തന്നെയാണ്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭയിലെ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളും പങ്കാളികളായി. ഷീ ലോഡ്ജില്‍ വിപുലമായ ലൈബ്രറി സംവിധാനവും സജ്ജീകരിക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.