- Trending Now:
ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സും ശർക്കര വരട്ടിയും. 'ഫ്രഷ് ബൈറ്റ്സ്' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് കുടുംബശ്രീ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കൽ വെഡിങ് വില്ലേജിൽ തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകർ പ്രവർത്തനത്തിന്റെ ഭാഗമാകുന്നു.
കോർപ്പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി മികച്ച ഗുണനിലവാരത്തോടെയുള്ള ഉൽപാദനം, പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓണക്കാലത്തിനോടനുബന്ധിച്ച് ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ എത്തിക്കുന്നത് വഴി കൂടുതൽ വ്യാപാര സാധ്യതകളും ലക്ഷ്യമിടുന്നു. സമാന സ്വഭാവമുള്ള യൂണിറ്റുകളെ സംയോജിപ്പിച്ച് ജില്ലാതലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സംരംഭക മേഖലയിൽ ഒട്ടേറെ മാതൃകയാകുന്ന പദ്ധതികളാണ് കുടുംബശ്രീ വിജയകരമായി നടപ്പാക്കിയത്. ജനകീയ ഹോട്ടൽ പദ്ധതി മുഖേന മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നു. പദ്ധതിക്ക് സർക്കാർ സബ്സിഡി തുക പൂർണമായും നൽകി കഴിഞ്ഞു. തുടർന്ന് കുടുംബശ്രീ പ്രീമിയം ഹോട്ടൽ പദ്ധതിയും ലഞ്ച് ബെൽ സംവിധാനവും ആരംഭിച്ചു. ഈ പദ്ധതികൾ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിൽ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024-25 വർഷത്തിൽ മൂന്ന് ലക്ഷം ഉപജീവന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് 'ഫ്രഷ് ബൈറ്റ്സ് ബ്രാൻഡിങ്' നടത്തിയിരിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലെയും മികച്ച ചിപ്പ്സ്, ശർക്കര വരട്ടി ഉൽപാദന യൂണിറ്റുകളെ കണ്ടെത്തി രണ്ടു ഘട്ടങ്ങളിലായി കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.
പരിപാടിയിൽ റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ അധ്യക്ഷനായി. ഓണത്തിന് മുഴുവൻ കുടുംബങ്ങളിലേക്കും കുടുംബശ്രീ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുമെന്നും സ്ത്രീശാക്തീകരണത്തിന്റെ അടയാളപ്പെടുത്തലായി കുടുംബശ്രീ മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പരിപാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ നഗരസഭ നൽകുന്ന 25 ലക്ഷം രൂപയുടെ ചെക്ക് ഗുരുവായൂർ നഗരസഭാ ചെയർമാനും മുനിസിപ്പൽ ചേംബർ അസോസിയേഷൻ ചെയർമാനുമായ എം.കൃഷ്ണദാസ് മന്ത്രി എം.ബി രാജേഷിന് കൈമാറി.
കുടുംബശ്രീ സംസ്ഥാന മിഷൻ നോൺ ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസർ എ.എസ് ശ്രീകാന്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, തൃശൂർ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ്. വസന്തലാൽ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ കെ ആർ ജോജോ, കുടുംബശ്രീ ജില്ലാ മിഷൻ ഓർഡിനേറ്റർ ടി.എം റജീന, സി.ഡി.എസ് ചെയർപേഴ്സൺമാർരായ സത്യഭാമ വിജയൻ, റെജുല കൃഷ്ണകുമാർ, തൃശൂർ കറി പൗഡർ കൺസോർഷൻ പ്രസിഡന്റ് കെ.എൻ ഓമന, കുടുംബശ്രീ ഫുഡ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് ക്ലസ്റ്റർ പ്രസിഡന്റ് സ്മിത സത്യദേവ്, ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.