- Trending Now:
കൊച്ചി: പരിഷ്കരിച്ച സോഫ്റ്റ് വെയറിൻറെ സഹായത്തോടെ കെടിഎം 2024 പന്ത്രണ്ടാമത് ലക്കം പൂർണമായും പേപ്പർരഹിത ഇടപെടലുകൾ നടത്തി ശ്രദ്ധനേടി. ടൂറിസം മേഖലയിലെ സുസ്ഥിര വികസനമാനദണ്ഡങ്ങൾ മാർട്ടിൻറെ നടത്തിപ്പിലൂടെ പാലിച്ച് മാതൃക സൃഷ്ടിക്കുകയാണ് കെടിഎം.
പ്രാഥമികമായും ബയർ-സെല്ലർ വാണിജ്യ കൂടിക്കാഴ്ചകൾ തീരുമാനിക്കാനാണ് ആപ്പ് ഉപയോഗിക്കുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും വളരെ ലളിതമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണിത്. ലഭിച്ച കൂടിക്കാഴ്ചകൾ പ്രകാരം ബയർമാർ ഓരോ സ്റ്റാളുകളിലുമെത്തണം. കൂടിക്കാഴ്ചയ്ക്ക് ശേഷം ബയർമാർ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതോടെ നടപടിക്രമങ്ങൾ അവസാനിക്കുന്നു.
ആകെയുള്ള 347 സ്റ്റാളുകളെ എട്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബയർ-സെല്ലർ കൂടിക്കാഴ്ചയ്ക്ക് പുറമെ സന്ദർശകർക്ക് കെടിഎമ്മിനെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കുമെന്ന് കെടിഎം സിഇഒ രാജ്കുമാർ കെ പറഞ്ഞു. രജിസ്റ്റർ ചെയ്ത ബയർമാർക്കും സെല്ലർമാർക്കും മാത്രമേ ഒടിപിയുടെ സഹായത്തോടെ കൂടിക്കാഴ്ചയുടെ വിഭാഗത്തിലേക്ക് കടക്കാൻ സാധിക്കൂ. രണ്ടാഴ്ച മുമ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.
കൂടിക്കാഴ്ചയുടെ നിലവാരം രേഖപ്പെടുത്താനും ഫീഡ് ബാക്ക് നൽകാനുമുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ പരാതിപരിഹാരവും ആപ്പിലൂടെ ചെയ്യാം. ആപ്പിൻറെ ഉപയോഗത്തോടെ ഒരു ലക്ഷത്തിനടുത്ത് കടലാസുകളാണ് ലാഭിക്കാനായതെന്ന് രാജ്കുമാർ ചൂണ്ടിക്കാട്ടി. ഒരു സെല്ലർ ദിവസം 100 ഓളം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെടിഎം നിയോഗിച്ച എട്ടംഗ ഐടി സംഘമാണ് നാല് മാസം കൊണ്ട് ആപ്പ് വികസിപ്പിച്ചെടുത്തത്.
എക്സിബിറ്റർ, പ്രോഗ്രാംസ്, ഫുഡ് പ്ലാൻ, ക്വിക്ക് ഹെൽപ്, വെന്യു, ആക്ടിവിറ്റീസ്, കെടിഎം ആൻഡ് മൊമെൻറസ് എന്നിങ്ങനെയാണ് ആപ്പിലെ ടാബുകൾ. കെടിഎം നടക്കുന്ന മൂന്ന് ദിവസങ്ങളിലും ആപ്പ് അപ്ഡേറ്റ് ആകുന്നതോടെ അതിൻറെ ഗുണനിലവാരം വർധിച്ചുവെന്ന് കെടിഎമ്മിൻറെ ഐടി കമ്മിറ്റി ചെയർമാൻ രഞ്ജു ജോസഫ് പറഞ്ഞു.
2022 ലാണ് കെടിഎമ്മിലെ കൂടിക്കാഴ്ചകൾ വെബ്സൈറ്റ് മുഖാന്തിരമാക്കിയത്. കെടിഎമ്മിൽ പൂർണമായും വൈഫൈ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ കൂടിക്കാഴ്ചകൾക്കായി ഇൻറർനെറ്റിൻറെ ആവശ്യമില്ലെന്ന് രഞ്ജു ചൂണ്ടിക്കാട്ടി.
ആപ്പ് ഏറെ സൗകര്യപ്രദമായിരുന്നുവെന്ന് പ്രതിനിധികളും ചൂണ്ടിക്കാട്ടി. നിശ്ചയിച്ച കൂടിക്കാഴ്ചകളിലും കൂടുതൽ പേർ ആപ്പ് വഴി കേരള കലാമണ്ഡലത്തിൻറെ സ്റ്റാളിലെത്തിയെന്ന് രജിസ്ട്രാർ പി രാജേഷ് കുമാർ പറഞ്ഞു. അൽപം വൈകിയാൽപോലും ബയർമാർ കൂടിക്കാഴ്ച പൂർത്തിയാക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് റിസോർട്ട് ഉടമ ജയശങ്കർ പരമേശ്വരൻ ചൂണ്ടിക്കാട്ടി.
800 ഓളം വിദേശികളടക്കം ആകെ 2,800 ലധികം ബയർമാരാണ് കെടിഎമ്മിനെത്തിയത്. ഹരിതമാനദണ്ഡങ്ങളുടെ കർശമായ പാലനത്തോടെ അന്തർദേശീയ ശ്രദ്ധയും കെടിഎമ്മിന് ലഭിച്ചു. മൈസ് ടൂറിസം, വെഡിംഗ്-ഹണിമൂൺ ഡെസ്റ്റിനേഷൻ എന്നീ നിലയിൽ സ്വയം അവതരിപ്പിക്കുന്ന കേരള ടൂറിസത്തിന് കടലാസ് രഹിത മാർട്ട് നടത്തിപ്പ് മുതൽക്കൂട്ടാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.