Sections

കേരള ട്രാവൽ മാർട്ടിൽ നടന്നത് 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകൾ

Monday, Sep 30, 2024
Reported By Admin
KTM 2024 records over 75,000 business meetings with AI and QR code technology

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിൻറെ പന്ത്രണ്ടാം ലക്കത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നത് 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകൾ. ചരിത്രത്തിലാദ്യമായാണ് കെടിഎമ്മിൽ ഇത്രയധികം വാണിജ്യ കൂടിക്കാഴ്ചകൾ നടന്നത്.

എഐ അടക്കമുള്ള സാങ്കേതികവിദ്യയിലേക്കുള്ള ചുവടുമാറ്റമാണ് പന്ത്രണ്ടാമത് കെടിഎമ്മിൻറെ പ്രത്യേകതയെന്ന് കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു. നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിലേക്ക് ഈ വ്യവസായം മാറേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമായി മാറിക്കഴിഞ്ഞു. അതിനുള്ള ദിശാബോധം കെടിഎമ്മിലൂടെ സംരംഭകർക്ക് ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തോളം ആഭ്യന്തര ബയർമാരാണ് കെടിഎം 2024 ൽ പങ്കെടുത്തത്. 75 വിദേശ രാജ്യങ്ങളിൽ നിന്നായി 800ഓളം വിദേശ ബയർമാരും മാർട്ടിനെത്തി. കെടിഎമ്മിൻറെ സോഫ്റ്റ് വെയർ വഴി മാത്രം മുൻകൂട്ടി തയ്യാറാക്കിയതും അല്ലാത്തതുമായി 75,000 ഓളം കൂടിക്കാഴ്ചകളാണ് നടന്നതെന്ന് കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥൻ അറിയിച്ചു.

ക്യുആർ കോഡ് സ്കാൻ ചെയ്ത് കൂടിക്കാഴ്ചകൾ തീരുമാനിക്കാൻ സാധിക്കുമെന്നതിനാൽ ആയാസരഹിതവും ലളിതവുമായിരുന്നു ഈ പ്രക്രിയ. കെടിഎം പതിനൊന്നാം ലക്കത്തെ കൂടിക്കാഴ്ചകളിൽ നിന്നും ഗണ്യമായ വർധനയാണ് ഇക്കുറിയുണ്ടായത്. പതിനൊന്നാം ലക്കത്തിൽ 55,000 വാണിജ്യകൂടിക്കാഴ്ചകളായിരുന്നു നടന്നത്.

വെല്ലിംഗ്ടൺ ഐലൻറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിലാണ് മാർട്ട് നടന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയിൽ ഹരിതമാനദണ്ഡങ്ങൾ പാലിച്ച് 347 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയത്. ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് നാല് സെമിനാറുകളും ട്രാവൽ മാർട്ടിനോടനുബന്ധിച്ച് നടന്നു. മൈസ് ടൂറിസം, വെഡിംഗ്-ഹണിമൂൺ ഡെസ്റ്റിനേഷൻ എന്നിവയായിരുന്നു കെടിഎം മുന്നോട്ടു വച്ച പ്രധാന ഇനങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.