Sections

കുറഞ്ഞകാലാവധി 7 ശതമാനം പലിശ; സര്‍ക്കാര്‍ ഉറപ്പില്‍ നിക്ഷേപിക്കാം| ktdfc fixed deposit

Friday, Aug 05, 2022
Reported By admin
ktfdc

കേരള സംസ്ഥാന ട്രഷറിയിലും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ജില്ലാ, സബ് ട്രഷറികളില്‍ നിന്ന് സ്ഥിര നിക്ഷേപം ആരംഭിക്കാം.

 

നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒരുവിധത്തിലുള്ള റിസ്‌കുകളുമെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കായി പല വിധത്തിലുള്ള പദ്ധതികളുമുണ്ട്.സര്‍ക്കാരിന്റെ ഇടപെടലോടെയുള്ള നിക്ഷേപങ്ങള്‍ ഈ കൂട്ടത്തില്‍ കൂടുതല്‍ വിശ്വാസ്യകരമാണ്.റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തലുകള്‍ക്ക് ശേഷം ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചെറിയ അനക്കമുണ്ടായെങ്കിലും ആകര്‍ഷകമായൊരു തലത്തിലേക്ക് പലിശ എത്തിയിട്ടില്ല.
ഈ സാഹചര്യത്തില്‍ 2 വര്‍ഷകാലത്തേക്ക് 7 ശതമാനത്തിന് മുകളില്‍ പലിശ നല്‍കുന്ന 2 സ്ഥിര നിക്ഷേപ പദ്ധതികളാണ് പരിചയപ്പെടുത്തുന്നത്. രണ്ടും കേരള സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ സുരക്ഷിതത്വത്തെ പറ്റി ടെന്‍ഷന്‍ ആവശ്യമില്ല.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തി പണം ചെറിയ നിരക്കില്‍ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാന്‍ ഇക്കാലത്ത് ഹ്രസ്വകാല സ്ഥിര നിക്ഷേപമാണ് തിരഞ്ഞെടുക്കേണ്ടത്. പലിശ നിരക്ക് പഴയ ഉയര്‍ച്ചയിലേക്ക് എത്തുമ്പോള്‍ ഈ പണം പിന്‍വലിച്ച് ഉയര്‍ന്ന പലിശയുള്ളിടത്തേക്ക് മാറ്റാമെന്നതാണ് പ്രധാന ഗുണം. 

കേരളത്തിലെ പൊതുഗതാംഗത രംഗത്തിന് സാമ്പത്തിക സഹായം നല്‍കുന്ന എന്ന ലക്ഷ്യത്തോടെ 1992ലാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്സി) ആരംഭിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, മെഷിനറികള്‍ എന്നിവയ്ക്കുള്ള ധനസഹായം, ബിഒടി രീതിയില്‍ വിവിധ പദ്ധതികള്‍ എന്നിവയാണ് കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍. 4500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ തിരിച്ചടവ് പലിശ സഹിതം കേരള സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.

പീരിയോഡിക് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം, മണി മള്‍ട്ടപ്ലയര്‍ സ്‌കീം എന്നീ രണ്ട് നിക്ഷേപങ്ങള്‍ കെടിഡിഎഫ്‌സി അനുവദിക്കുന്നുണ്ട്.1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ നിക്ഷേപം കെടിഡിഎഫ്സി സ്വീകരിക്കും. 2022 ജൂലായ് 15ന് നിലവില്‍ വന്ന പുതിയ പലിശ നിരക്ക് നോക്കാം. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ 7 ശതമാനമാണ് പലിശ നിരക്ക്. 4, 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ നിക്ഷേപങ്ങള്‍ക്കും .25 ശതമാനം അധിക പലിശ ലഭിക്കും. ഇതുപ്രകാരം 1-3 വര്‍ഷ കാലാവധിയില്‍ നിക്ഷേപിക്കുമ്പോള്‍ 7.25 ശതമാനം പലിശ ലഭിക്കും. മണി മള്‍ട്ടിപ്ലെയര്‍ സ്‌കീം പ്രകാരം 2 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചാല്‍ 11,555 രൂപ ലഭിക്കും. നിക്ഷേപം ആരംഭിച്ച് 3 മാസത്തിനും 6 മാസത്തിനും ഇടയില്‍ പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല.

കാലാവധിക്ക് മുന്‍പ് 6 മാസത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ പലിശ 2 ശതമാനം കുറച്ചാണ് ഈടാക്കുക. 10,000 രൂപയില്‍ നിക്ഷേപം ആരംഭിക്കാം. 1000 ത്തിന്റെ ?ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. തിരുവനന്തപുരം, തിരുവല്ല, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ കെടിഡിഎഫ്‌സി ശാഖകള്‍ വഴി നിക്ഷേപിക്കാം.

കേരള സംസ്ഥാന ട്രഷറിയിലും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ജില്ലാ, സബ് ട്രഷറികളില്‍ നിന്ന് സ്ഥിര നിക്ഷേപം ആരംഭിക്കാം. മാസത്തില്‍ പലിശ അനുവദിക്കുന്നതാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ രീതി. 500 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. ട്രഷറിയില്‍ 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.9 ശതമാനം പലിശ ലഭിക്കും. 366 ദിവസം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.4 ശതമാനം പലിശയാണ് ലഭിക്കുക. 731 ദിവസത്തില്‍ കൂടുതല്‍ 999 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.