Sections

ഒന്നരക്കോടി രൂപ സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ 

Friday, Sep 03, 2021
Reported By Admin
isgoing

ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ 25 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്

 

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് വെഞ്ച്വര്‍ നിക്ഷേപത്തിലൂടെ ഒന്നരക്കോടി രൂപ സമാഹരിച്ചു. രാജ്യത്തെ ആദ്യകാല മൈക്രോവെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ അര്‍ഥയാണ് പ്രീസീരീസ് എ നിക്ഷേപ പരിപാടി സംഘടിപ്പിച്ചത്. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്,  എസ്ഇഎ ഫണ്ട്, ബ്രൂക്ക്ഫീല്‍ അസെറ്റ് മാനേജ്മന്റിന്റെ മുന്‍ മാനേജിംഗ് പാര്‍ട്ണര്‍ ദേവ്ദത്ത് ഷാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തുന്നതിന് വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന ഓണ്‍ലൈന്‍ വിപണന കേന്ദ്രമാണ് ഇസ്‌ഗോയിങ്ഓണ്‍ലൈന്‍. നേരത്തെ പെര്‍ഫെക്ട് ഫിറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന കമ്പനിയാണ് ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരിയ്ക്ക് മുമ്പേ കേവലം 29 ശതമാനം ചെറുകിട സംരംഭങ്ങള്‍ മാത്രമാണ് ഓണ്‍ലൈന്‍ വിപണനത്തില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്നത് 53 ശതമാനമായി മാറിയിട്ടുണ്ട്.

എല്ലാ സംരംഭങ്ങള്‍ക്കും സ്വന്തം നിലയ്ക്ക് ഓണ്‍ലൈന്‍ വിപണന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സ്വന്തമായി ഓണ്‍ലൈന്‍ വിപണനം നടത്തുകയോ അല്ലെങ്കില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വിപണനവേദികളിലേക്ക് എത്തുകയോ ചെയ്യാനുള്ള സേവനങ്ങളാണ് ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തുന്നത്. നിലവില്‍ 400 ലേറെ ബിസിനസുകളും ഒന്നേകാല്‍ ലക്ഷത്തോളം ഉപഭോക്താക്കളുമാണ് ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഉപയോഗിക്കുന്നത്.

ചെറുകിട സംരംഭകരുടെ ബിസിനസ് ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അവര്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയ ഇസ്‌ഗോയിങ്ഓണ്‍ലൈന്റെ സേവനങ്ങള്‍ ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്ന് അര്‍ഥ വെഞ്ച്വര്‍ ഫണ്ടിന്റെ ഗ്രോത്ത് പാര്‍ട്ണര്‍ വിനോദ് കെനി പറഞ്ഞു.

കേവലം നിക്ഷേപത്തിനപ്പുറം ഭാവിയേക്കുള്ള യാത്രയില്‍ പങ്കാളികളെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ സിഇഒ ഇയോബിന്‍ ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യയിലെ ബിസിനസിനു പുറമെ അമേരിക്ക, കാനഡ, ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടി ഇസ്‌ഗോയിങ്ഓണ്‍ലൈനിന്റെ സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനം തുടങ്ങി ആദ്യ മാസങ്ങളില്‍ തന്നെ ഇസ്‌ഗോയിങ്ഓണ്‍ലൈന്‍ 25 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ബിഗ്ബാസ്‌ക്കറ്റ്, നാംധാരി, ഫ്രഞ്ച് ടെറൈന്‍, ഐസ്ബാസ്‌ക്കറ്റ് പോലുള്ള ഉപഭോക്താക്കളെയും ലഭിച്ചു. ഇതു കൂടാതെ സംരംഭങ്ങള്‍ക്ക് സ്വന്തം ചിത്രങ്ങളും മറ്റും ഉന്നത നിലവാരത്തില്‍ തയാര്‍ ചെയ്യുന്നതിനായി പെര്‍ഫെക്ട് സ്റ്റുഡിയോ നെറ്റ് വര്‍ക്ക് എന്ന സ്റ്റുഡിയോ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭങ്ങള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ വില്‍പന സംവിധാനം നല്‍കുമെന്നതാണ് ഇസ്‌ഗോയിങ്ഓണ്‍ലൈന്റെ വാഗ്ദാനം. ഡിജിറ്റൈസേഷന്‍, ഡിസ്‌പ്ലേ സാങ്കേതികവിദ്യ എന്നിവയില്‍ രണ്ട് പേറ്റന്റുകള്‍ ഇസ്‌ഗോയിങ്ഓണ്‍ലൈനിന് സ്വന്തമായുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.