Sections

കെ.എസ്.ആര്‍.ടി.സി സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡിന്റെ സവിശേഷതകള്‍

Saturday, Sep 17, 2022
Reported By MANU KILIMANOOR

100 രൂപ മുടക്കിയാല്‍ 150 രൂപയുടെ യാത്ര, കാര്‍ഡ് ഫ്രീയായി കിട്ടും


യാത്രക്കാര്‍ ചില്ലറയുമായി വരണമെന്ന് ഇനി കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍മാര്‍ വാശിപിടിക്കില്ല. പകരം പണം കൈമാറാന്‍ കഴിയുന്ന സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് മതി. കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലെ ടിക്കറ്റ് വില്‍പ്പനയും ഓണ്‍ലൈന്‍ പണമിടപാടിലേക്ക് മാറുകയാണ്. ഇതിനായി രണ്ടുലക്ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സിറ്റിബസുകളിലെ യാത്രക്കാര്‍ക്കാണ് ട്രാവല്‍ കാര്‍ഡുകള്‍ നല്‍കുക.ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന 400 കാര്‍ഡുകള്‍ക്കുപുറമേ 5000 കാര്‍ഡുകള്‍ ഉടന്‍ വിതരണംചെയ്യും. സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ ബസുകളിലെ യാത്രക്കാര്‍ക്കാകും ഈ സൗകര്യം. തുടര്‍ന്ന്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ മറ്റുബസുകളിലേക്കും വ്യാപിപ്പിക്കും. ഏറെവൈകാതെ മറ്റുജില്ലകളിലേക്കും സ്മാര്‍ട്ട് കാര്‍ഡെത്തും. പുതിയതലമുറ ടിക്കറ്റ് മെഷീനുകളില്‍ ഉപയോഗിക്കാന്‍കഴിയുന്ന ആര്‍.എഫ്.ഐ.ഡി. കാര്‍ഡുകളാണിവ.ടിക്കറ്റ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ കാര്‍ഡ് വിതരണത്തിന് വലിയ താമസമുണ്ടാകില്ല. ടിക്കറ്റ് മെഷീനുകളിലെ സോഫ്‌റ്റ്വേര്‍ അപ്‌ഡേറ്റ് ചെയ്താല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. 2017-ല്‍ ഏര്‍പ്പെടുത്തിയ ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സാങ്കേതികപ്രശ്‌നങ്ങള്‍കാരണം പിന്‍വലിച്ചിരുന്നു. അന്നത്തെ പോരായ്മകള്‍ തരണംചെയ്യാന്‍ കഴിയുന്നവയാണ് പുതിയകാര്‍ഡുകള്‍.

സ്മാര്‍ട്ട് കാര്‍ഡ്

മുന്‍കൂര്‍പണം നല്‍കി റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവ. ബസിലും സ്റ്റേഷനുകളിലും റീച്ചാര്‍ജ് ചെയ്യാന്‍ സൗകര്യം.കാര്‍ഡുപയോഗിച്ച് ടിക്കറ്റെടുക്കുമ്പോള്‍ കാര്‍ഡിലെ ബാലന്‍സ് തുകയും ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കണ്ടക്ടറുടെ സഹായംതേടി ടിക്കറ്റ് മെഷീനിലൂടെയും ബാലന്‍സ് പരിശോധിക്കാം.കാര്‍ഡ് സൗജന്യമായിട്ടാണ് നല്‍കുന്നത്. ചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയ്ക്കും ടിക്കറ്റെടുക്കാനാകും. നിലവില്‍ 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍കാര്‍ഡ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ യാത്ര അനുവദിക്കുന്നുണ്ട്. 2000 രൂപയ്ക്കുവരെ ചാര്‍ജുചെയ്യാം. 250 രൂപയ്ക്കുമുകളില്‍ ചാര്‍ജുചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും. ഒരുവര്‍ഷമാണ് ചാര്‍ജിങ്ങിന്റെ കാലാവധി. ഈ കാലയളവില്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും.


ഉടമതന്നെ കാര്‍ഡ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറാം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.