Sections

കടലില്‍ ആഡംബര യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരിക്കുകയാണോ? ഇതാ കെഎസ്ആര്‍ടിസി അവസരം ഒരുക്കുന്നു

Monday, Sep 19, 2022
Reported By admin
KSRTC

കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് നടത്തിയ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് നെഫര്‍റ്റിറ്റി

 

കടലില്‍ ആഡംബര യാത്ര നടത്താന്‍ ഒരുങ്ങി കേരളത്തിലെ കെഎസ്ആര്‍ടിസി. ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ചാണ് കേരള ഷിപ്പിംഗ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്നത്. സെപ്റ്റംബര്‍ 19, 20, 21, 23, 25, 28 എന്നീ തിയതികളില്‍ വിവിധ യൂണിറ്റുകളില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.

കെഎസ്ആര്‍ടിസി വഴി ബുക്ക് ചെയ്യുമ്പോള്‍ 5 മണിക്കൂറാണ് കടലില്‍ ചെലവഴിക്കാന്‍ സാധിക്കുക. എന്നാല്‍ അല്ലാതെ ബുക്ക് ചെയ്താല്‍ 4 മണിക്കൂറാണ് ചെലവഴിക്കാന്‍ പറ്റുന്നത്. ബോള്‍ഗാട്ടിയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റിക്ക് 3 നിലകളാണ് ഉള്ളത്. ഈ മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ കപ്പലില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഡി തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.

ചുരുങ്ങിയ ചെലവില്‍ അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരം നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നെഫര്‍റ്റിറ്റി അനുയോജ്യമായ ഇടം നല്‍കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാന്‍ പറ്റുന്ന ലൈഫ് റാഫ്റ്റുകള്‍, കൂടാതെ 2 ലൈഫ് ബോട്ടുകള്‍ എന്നിവ നെഫര്‍റ്റിറ്റിയിലുണ്ട്.

2022 മെയ് മാസത്തില്‍ മാത്രമായി 32 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം നെഫര്‍റ്റിറ്റി നേടിയിരുന്നു. ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് പ്രൊമോഷനു വേണ്ടി സിനിമാതാരം മോഹന്‍ലാലും സംഘവും ഉള്‍പ്പെടെ നിരവധി വന്‍കിട കമ്പനികളുടെ മീറ്റിംഗുകളും നടന്നിരുന്നു. കോവിഡ് മഹാമാരിക്ക് മുന്‍പ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ ക്രൂയിസ് നടത്തിയിരുന്നു.

കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് നടത്തിയ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് നെഫര്‍റ്റിറ്റി. രണ്ടു മാസത്തെ അറ്റകുറ്റ പണികള്‍ എല്ലാം പൂര്‍ത്തിയാക്കി നെഫര്‍റ്റിറ്റി ഓഗസ്റ്റ് അവസാനത്തോടെ യാത്ര ആരംഭിച്ചിരുന്നു. സംഗീതം, നൃത്തം, സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ഡിന്നര്‍, തിയേറ്റര്‍ എന്നിങ്ങനെയുള്ളതാണ് നെഫര്‍റ്റിറ്റി.

കെ.എസ്.ഐ.എന്‍.സി.യുടെ മാനേജിംഗ് ഡയറക്ടര്‍ ആര്‍. ഗിരിജയുടെ മേല്‍നോട്ടത്തിലാണ് നെഫര്‍റ്റിറ്റിയുടെ വിജയ കുതിപ്പ് തുടരുന്നത്. നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങള്‍ക്കും 9744601234/9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.