- Trending Now:
വനിതാദിനം ആഘോഷിക്കുന്നതിന് വനിതകൾക്ക് മാത്രമായി വിനോദസഞ്ചാരയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി. മാർച്ച് 6 മുതൽ 12 വരെയാണ് വനിതായാത്രാവാരമായി ആചരിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക യാത്രകൾ നടത്തുന്നത്. എല്ലാ ജില്ലകളിലുമായി 100 ട്രിപ്പുകൾ ആണ് പദ്ധതിയിട്ടിരിക്കുന്നത്, ഒരുദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം പദ്ധതിയിലുണ്ട്. ഒറ്റയ്ക്കും കൂട്ടമായും ചുരുങ്ങിയ ചെലവിൽ സ്ത്രീകൾക്ക് യാത്രകൾ ചെയ്യാം. നിശ്ചിത എണ്ണം യാത്രക്കാരുണ്ടെങ്കിൽ ബസ് പൂർണമായും ബുക്ക് ചെയ്യാനാകും.
ഒരാൾക്ക് ഭക്ഷണമടക്കം ഒരുദിവസത്തെ യാത്രയ്ക്ക് 600 മുതൽ 700 രൂപവരെയാണ് ഈടാക്കുന്നത്. വയനാട്, തിരുവനന്തപുരം, ഗവി, മൂന്നാർ, വാഗമൺ, വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, റാണിപുരം, നെല്ലിയാമ്പതി, കുമരകം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്കുള്ളതാണ് യാത്രകൾ. വയനാട്ടിലേക്ക് മാത്രമായി വനയാത്രയടക്കമുള്ള വിവിധ പാക്കേജുകളുമുണ്ട്.
കോഴിക്കോട് ഡിപ്പോ 'പെൺകൂട്ട്' എന്നപേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രകൾക്കായി ഓരോ ഡിപ്പോയ്ക്കും ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാവുന്നതാണ്.എല്ലാ ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതിയിൽ നടപ്പാക്കുന്ന യാത്രകൾ ഈ ദിവസങ്ങളിൽ വനിതകൾക്ക് മാത്രമായി നടത്താനാണ് തീരുമാനിച്ചിട്ടുളളത്. നിലവിൽ വിവിധ ഡിപ്പോകളിൽ നിന്നായി വിവിധ സ്ഥലങ്ങളിലേക്കായി 700 ബജറ്റ് ടൂറിസം പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി.ക്കുള്ളത്. കഴിഞ്ഞവർഷം എല്ലാ ജില്ലകളിലുമായി 50 ട്രിപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ 100 ട്രിപ്പുകൾ നടത്തി. ഇതിൽ 26 ട്രിപ്പുകൾ കോഴിക്കോട് ഡിപ്പോയിൽനിന്നായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.