- Trending Now:
പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതാണ് തീരുമാനം
കെഎസ്ആര്‍ടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനി. കെഎസ്ആര്‍ടിസിയെ ബള്‍ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിനയായത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതാണ് തീരുമാനം. ഒരു ലിറ്റര്‍ ഡീസലിന് 98.15 രൂപയാണ് ഇനി മുതല്‍ കെഎസ്ആര്‍ടിസി നല്‍കേണ്ടി വരിക.
സ്വകാര്യ പമ്പുകള്‍ക്ക് 91.42 രൂപയ്ക്ക് ഡീസല്‍ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റര്‍ ഡിസലാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോര്‍പറേഷന് ഉണ്ടാവുക.
ഒരു മാസം ഇതേ നിരക്കില്‍ എണ്ണ വാങ്ങേണ്ടി വന്നാല്‍ 11.10 കോടി രൂപ കെഎസ്ആര്‍ടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബള്‍ക് പര്‍ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ 50000 ല്‍ കൂടുതല്‍ ഡീസല്‍ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി മാത്രമാണ്.
കെഎസ്ആര്‍ടിസി പരിഷ്‌കാരം
മാറിയ സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇതുവരെ നിലപാടൊന്നും എടുത്തിട്ടില്ല. കെ സ്വിഫ്റ്റില്‍ നിയമന നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് കോര്‍പറേഷന് ഈ തിരിച്ചടിയേറ്റതെന്നത് ശ്രദ്ധേയമാണ്. ഇതോടെ അധികബാധ്യത തീര്‍ക്കാന്‍ കോര്‍പറേഷന് മറ്റ് വഴികള്‍ തേടേണ്ടി വരും.
കെ സ്വിഫ്റ്റില്‍ നിയമനം നടത്താന്‍ നേരത്തെ സര്‍ക്കാരിന് ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ഇത് പ്രകാരം എം പാനല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റുന്നതാണ് പദ്ധതി. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിലൂടെ തരിച്ചടവ് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്‌ളോയീസ് സംഘും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം കോടതി കയറിയത്. കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ലെന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസിനെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും എന്നാണ് പുതിയ നിലപാടായി ഹൈക്കോടതിയില്‍ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.