Sections

കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് വിശ്വസ്തവും, സമയബന്ധിതവുമായിരിക്കും: ആന്റണി രാജു

Friday, Jun 16, 2023
Reported By Admin
KSRTC

കെ എസ് ആർ ടി സി കൊറിയർ , ലോജിസ്റ്റിക് സ് സംവിധാനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു


പൊതു ഗതാഗത സംവിധാനമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി നേടിയ വിശ്വാസ്യത നിലനിർത്തിക്കൊണ്ടാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. കെ എസ് ആർ ടി സി കൊറിയർ , ലോജിസ്റ്റിക് സ് സംവിധാനം തമ്പാനൂർ കെ എസ് ആർ ടി സി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സി.യുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസിയുടെ വരുമാന വർധനവും വൈവിധ്യ വൽക്കരണവും ഇതിലൂടെ ലക്ഷ്യമാക്കുന്നു. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമെന്ന നിലയിൽ വിവിധ ബസ് സർവീസുകളെ ബന്ധിപ്പിച്ച് ചരക്ക് നീക്കം സുഗമമാക്കുവാനാണ് കെഎസ്ആർടിസിയുടെ കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്.

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാർസൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊറിയർ മേഖലയിൽ നിലനിൽക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതോടൊപ്പം 30% വരെ ചാർജിനത്തിൽ കുറവും ജനങ്ങൾക്ക് ലഭിക്കും. വരുമാനത്തിനനുസൃതമായി ജീവനക്കാർക്ക് ഇൻസന്റീവ് നൽകുന്നതിനും ധാരണയായിട്ടുണ്ട്. നവീനമായ സൂപ്പർ ക്ലാസ് ബസുകൾ, ഇലക്ട്രിക് ബസുൾപ്പെടുന്ന സിറ്റി സർക്കുലർ ബസ്, ഗ്രാമ വണ്ടി സേവനം, ബജറ്റ് ടുറിസം, യാത്ര ഫ്യുവൽ പെട്രോൾ പമ്പുകൾ തുടങ്ങി വൈവിധ്യമാർന്ന വിവിധ പദ്ധതികളിലൂടെ കെ എസ് ആർ ടി സി വരുമാനം ഉയർത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കൊറിയർ ഔട്ട് ലെറ്റിൽ മന്ത്രി ആദ്യ കൊറിയർ ഏറ്റുവാങ്ങി.

ചടങ്ങിൽ കെ.എസ്.ആർ.ടി.സി, സി എം ഡി ബിജു പ്രഭാകർ സ്വാഗതമാശംസിച്ചു. കെ എസ് ആർ ടി സി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, സ്വിഫ്റ്റ് ജനറൽ മാനേജർ ചെറിയാൻ എൻ പോൾ, എസ് വിനോദ്, ഡി അജയകുമാർ ,എസ് അജയകുമാർ എന്നിവർ ആശംസകളർപ്പിച്ചു. സി ഉദയകുമാർ നന്ദി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.