Sections

കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം ഉദ്ഘാടനം നാളെ

Wednesday, Jun 14, 2023
Reported By Admin
KSRTC

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം


നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.സി ജോയിന്റ് എം.ഡി പ്രമോജ് ശങ്കർ, കൗൺസിലർമാർ എന്നിവർ പങ്കെടുക്കും.

ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും.

ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. തുടക്കത്തിൽ 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്. നഗരങ്ങളിലും ദേശീയ പാതയ്ക്ക് സമീപത്തും പ്രവർത്തിക്കുന്ന ഡിപ്പോകളിലെ കൊറിയർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിലെ കൊറിയർ സെന്ററുകൾ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

കൊറിയർ അയക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് സെന്ററിൽ എത്തിക്കണം. അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ മെസേജായി ലഭിക്കും. കൊറിയർ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആൾ നേരിട്ട് വരണം. സാധുതയുള്ള ഐ.ഡി. കാർഡ് വെരിഫൈ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയർ സേവനങ്ങളെക്കാൾ നിരക്ക് കുറവിലാണ് കെ.എസ്.ആർ.ടി.സി. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.