- Trending Now:
സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കരുത്തേകി സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങൾ സംരംഭങ്ങളാക്കാൻ കെഎസ്ഐഡിസി സീഡ് ഫണ്ട്, സ്കെയിൽ അപ്പ് പദ്ധതി എന്നിവ വഴി സാമ്പത്തിക പിന്തുണ നൽകിവരുന്നു. സ്റ്റാർട്ടപ്പ് മേഖലയിലെ യുവ സംരംഭകർക്ക് സീഡ് ഫണ്ട്, സ്കെയിൽ അപ്പ് പദ്ധതി എന്നിവ വഴി കെഎസ്ഐഡിസി ഇതുവരെ അനുവദിച്ചത് 33.72 കോടി രൂപയാണ്. സ്റ്റാർട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ട് മുഖേന 28.29 കോടി രൂപയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് സ്കെയിൽ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെഎസ്ഐഡിസി അനുവദിച്ചിട്ടുള്ളത്. 134 സ്റ്റാർട്ടപ്പുകൾക്കാണ് സീഡ് ഫണ്ടിലൂടെ ഇതുവരെ തുക അനുവദിച്ചിട്ടുള്ളത്. 11 സ്റ്റാർട്ടപ്പുകൾക്ക് സ്കെയിൽ അപ്പ് പദ്ധതിയിലൂടെയും കെഎസ്ഐഡിസി തുക അനുവദിച്ചിട്ടുണ്ട്. സംരംഭക മോഹങ്ങളുള്ള ആയിരക്കണക്കിന് യുവജനങ്ങളെ സ്വപ്ന സാഫല്യത്തിലേക്ക് എത്തിക്കുന്ന ദൗത്യം വിജയകരമായി പൂർത്തീകരിക്കുകയാണ് കെഎസ്ഐഡിസി ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
ഏഴുവർഷത്തിനിടെ 134 സ്റ്റാർട്ടപ്പിന് 28.29 കോടി രൂപയാണ് കെഎസ്ഐഡിസി സീഡ് ഫണ്ടിലൂടെ അനുവദിച്ചിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും വൻ തോതിൽ വാണിജ്യവത്ക്കരിക്കാൻ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവയുടെ പ്രാരംഭ ഘട്ടത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഇ-കോമേഴ്സ്, എഞ്ചിനീയറിങ്, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആർ, ബയോടെക്നോളജി, ഡിഫൻസ് ടെക്നോളജി തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി ടെക്നിക്കൽ മേഖലകൾക്കാണ് സഹായം. ഒരു പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നൽകും. ഈ വായ്പ ഒരു വർഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. റിസർവ് ബാങ്ക് സമയാസമയങ്ങളിൽ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.
സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് കെഎസ്ഐഡിസി ഇതുവരെ 5.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ 11 സ്റ്റാർട്ടപ്പുകൾക്കാണ് ഇതുവരെ തുക അനുവദിച്ചിട്ടുള്ളത്. സീഡ് സ്റ്റേജ് വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ നൂതന ഉൽപ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭത്തിന്റെ വളർച്ച ഘട്ടത്തിൽ അവയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകുന്നതാണ് 'സ്കെയിൽ അപ്പ്'പദ്ധതി. പ്രൊമോട്ടർമാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഐഡിസി ലോൺ നൽകുന്നത്.
കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. സംരംഭം രജിസ്റ്റേർഡ് കമ്പനിയായിരിക്കണം. നടപ്പ് സാമ്പത്തിക വർഷത്തിൽ സീഡ് ഫണ്ട്, സ്കെയിൽ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങൾക്ക് സപ്പോർട്ട് നൽകാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതൽ വിവരങ്ങൾ കെഎസ്ഐഡിസിയുടെ www.ksidc.org ൽ ലഭിക്കും. ഫോൺ: 0484 2323010.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.