- Trending Now:
കൊച്ചി: നൂതനസാങ്കേതിക വിദ്യയിൽ കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഐഡിസി സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിളിലെ റോബോട്ടിക് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത് ഭാവിയുടെ കാഴ്ചകൾ. പത്ത് എഞ്ചിനീയറിംഗ് കോളേജുകളുടേതടക്കം 31 കമ്പനികളാണ് തങ്ങളുടെ വൈവിദ്ധ്യമാർന്ന റോബോട്ടിക് ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
റോബോട്ടിക് റൗണ്ട് ടേബിൾ ഉദ്ഘാടനം ചെയ്യാൻ വ്യവസായ മന്ത്രി പി രാജീവ് എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് യുണീക് വേൾഡ് റോബോട്ടിക്സിൻറെ രണ്ട് റോബോട്ട് നായ്ക്കളാണ്. ഇതു കൂടാതെ ഉദ്ഘാടനത്തിന് റിമോട്ടെത്തിച്ചത് അസിമോവ് റോബോട്ടിക്സിൻറെ ഹ്യൂമനോയിഡ് സായയും.
റോബോട്ടിക് രംഗത്തെ ഭാവിയെന്തായിരിക്കും എന്നതിൻറെ നേർക്കാഴ്ചയാണ് പ്രദർശനത്തിലുടനീളം കാണാനായത്. റോബോട്ടിക്സ് രംഗത്ത് കേരളത്തിൻറെ അഭിമാനമായ ജെൻ റോബോട്ടിക്സ്, ശസ്ത്ര റോബോട്ടിക്സ്, അസിമോവ്, ഐറോവ്, നവ ടെക്നോളജീസ് എന്നിവയുടെ ഉത്പന്നങ്ങൾക്ക് പുറമെ പുതിയ വാണിജ്യ മാതൃകകളുമായി എട്ട് എൻജിനീയറിംഗ് കോളേജുകളും പ്രദർശനത്തിനെത്തിയിരുന്നു.
റോബോട്ടിക് ഷെഫുമായി കോട്ടയത്തെ സെ.ഗിറ്റ്സ് കോളേജ്, അണ്ടർവാട്ടർ ഡ്രോണുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്, മുട്ടുവേദന കുറയ്ക്കുന്ന റോബോട്ടിക്സ് ഉപകരവുമായി തിരുവനന്തപുരത്തെ ട്രിനിറ്റി എൻജിനീയറിംഗ് കോളേജ്, മൂക വ്യക്തികൾക്ക് ആംഗ്യത്തിലൂടെ സ്പീക്കർ വഴി സംസാരിക്കാൻ സാധിക്കുന്ന ജെസ്റ്റ് ടോക്കുമായി തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ്, ഹ്യൂമനോയിഡ് റോബോട്ടുമായി യുകെഎഫ് എൻജിനീയറിംഗ് കോളേജ്, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനാവുന്ന റോവറുമായി എറണാകുളത്തെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹെവി ഡ്യൂട്ടി ഡ്രോണുമായി കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കുട്ടികൾക്കുള്ള റോബോട്ട് നിർമ്മാണ കിറ്റായ യൂണിബോട്ടിക്സുമായി തിരുവനന്തപുരം മാർ ബസേലിയസ് എൻജിനീയറിംഗ് കോളേജ്, വ്യവസായികാവശ്യത്തിനുള്ള റോബോട്ടിക് കൈയ്യുമായി ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിലെ ജെസ്റ്റോ മിമിക്കിംഗ് എന്നിവർ മികച്ച സാന്നിദ്ധ്യമറിയിച്ചു.
വിജ്ഞാനം റോബോട്ടിലൂടെ എന്ന പ്രമേയത്തിലാണ് എഡ്യു റോബോട്ടുകളുടെ കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. എട്ടു വയസ് മുതലുള്ള കുട്ടികൾക്ക് കളിക്കാനും അതു വഴി റോബോട്ടിക് സാങ്കേതികവിദ്യയുടെ സങ്കീർണതകളിൽ പ്രാവീണ്യം നേടാനും ഇതു വഴി സാധിക്കുന്നു. റോബോട്ട് നിർമ്മാണ കിറ്റുകളാണ് ഇൻകെർ, യുണീക് വേൾഡ്, ജെൻഎക്സ്മൈ എന്നിവർ പ്രദർശിപ്പിച്ചിരിക്കുന്നത്.
കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിളിലെ റോബോട്ടുകളുടെ പ്രദർശനം കാണുന്ന വ്യവസായ മന്ത്രി പി രാജീവ്
ശയ്യാവലംബിതാരായ രോഗികൾക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാനും ഫിസിയോതെറാപ്പി പോലുള്ള വ്യായാമങ്ങൾ ചെയ്യാനും സഹായിക്കുന്ന റോബോട്ടിക് സ്യൂട്ട ആണ് ആസ്ട്രെക് ഹെൽത്ത് ടെക് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ പേശികളുടെ ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന റോബോട്ടിക് കൃത്രിമ കൈയുമായി ബെൻഡിറ്റ ബയോണിക്സും പ്രദർശനത്തിനുണ്ട്.
അണ്ടർവാട്ടർ ഡ്രോണുമായി ഡിആർഡിഒയുടെ കരാർ സ്വന്തമാക്കിയ കേരളത്തിലെ ഐറോവ്, കോർ റോബോട്ടിക്സ്, പ്രതിരോധമേഖലയ്ക്കായി തയ്യാറാക്കിയ ആളില്ലാ നിരീക്ഷണ ബോട്ട് ലൈവ്ബോട്ടിക്സ്, ഓട്ടോമാറ്റിക് സൈനിക വാഹനവുമായി ഐഹബ് എന്നിവരും പ്രദർശനത്തിനുണ്ട്.
കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഫ്യൂസലേജ് ഇനോവേഷൻസ്, ട്രാവൻകൂർ ഏവിയേഷൻസ് ഡ്രോൺ എന്നിവയും ശ്രദ്ധയാകർഷിച്ചു. തെങ്ങ് ചെത്തുന്നതിനുള്ള ഉപകരണവുമായി നവ ടെക്നോളജീസും വേറിട്ടു നിന്നു.
വിവിധോദ്യേശ്യ ഉപരിതല വാഹനങ്ങളുമായി ഫ്ളോ മൊബിലിറ്റി, എഎൽആർ ബോട്സ്, ടെറോബോട്ടിക്സ് എന്നിവയും കൗതുകമുണർത്തി. ഫോർ ഡി പ്രിൻറിംഗുമായി സ്പേസ് ടൈം, ഉത്പന്ന പ്രചാരത്തിനായി സൂപ്പർമാർക്കറ്റുകളിൽ ഉപയോഗിക്കാവുന്ന റോബോ ആഡ് എന്നിവയും ഭാവിയിൽ ഈ മേഖലയിൽ എന്തൊക്കെ സംഭവിക്കാം എന്നതിൻറെ സൂചനകളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.