- Trending Now:
പ്രാഥമിക കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാർഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുക, കർഷകരുടെ വരുമാന വർദ്ധനവ് ഉറപ്പാക്കുക, കേരളീയ ജനതയ്ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന 'കൃഷി സമൃദ്ധി' പദ്ധതിക്ക് നാളെ (ഫെബ്രുവരി ഒന്ന്) തുടക്കമാവും. പാലക്കാട് തൃത്താല വി.കെ. കടവ് ലുസൈൽ പാലസിന് സമീപം സജ്ജീകരിക്കുന്ന വേദിയിൽ വൈകുന്നേരം 3:30 ന് നടക്കുന്ന പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാദേശിക സാമ്പത്തിക വികസനം കൃഷിയിലൂടെ സാധ്യമാക്കുന്നതിന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി കൃഷിഭവൻ തലത്തിൽ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെയാവും പ്രാഥമിക പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സംസ്ഥാനത്തെ കാർഷിക പ്രാധാന്യമായുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. ഉല്പാദന-സേവന-മൂല്യ വർധിത മേഖലകളിൽ വാർഡുതലത്തിൽ രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളിലൂടെ അതാതു മേഖലകളിലെ വികസന മൈക്രോ പ്ലാനുകൾ തയ്യാറാക്കലാണ് ഒന്നാം ഘട്ടം. കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മാതൃക കൃഷിയിടങ്ങളും, മികച്ച സംയോജിത കൃഷിയിടങ്ങളും ഒന്നാം ഘട്ടത്തിൽ തയ്യാറാക്കും. നൂതന കൃഷി രീതികൾക്കും, നൂതന കൃഷിക്കും, സമ്മിശ്ര കൃഷിരീതികൾക്കും, കാർഷിക യന്ത്രവൽക്കരണത്തിനും മുൻതൂക്കം നൽകും. മൈക്രോപ്ലാനുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഞ്ചായത്ത് തല കൃഷി സമൃദ്ധി പദ്ധതി കൃഷി ഓഫീസർ അവതരിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഉൽപ്പാദന വിള നിർണ്ണയ വിപണന രേഖ തയ്യാറാക്കുകയും ചെയ്യും. കൃഷി സംബന്ധിച്ച വിവരശേഖരണം കതിർ ആപ്പിലൂടെ നടപ്പിലാക്കും.
ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വാർഡിലും കൃഷിയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. അതാത് മേഖലകളിൽ ഏറ്റവും ആദായകരമായും അതെ സമയം ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനത്തെ നയിക്കാനും പ്രാപ്തമായ വിളകൾ ഓരോ പ്രദേശത്തും തിരഞ്ഞെടുക്കും. വിവിധ കാരണങ്ങളാൽ തരിശു കിടക്കുന്ന ഭൂമികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളും.
ഉൽപ്പാദന വിള നിർണ്ണയ വിപണന രേഖ അടിസ്ഥാനമാക്കി കൃഷി ചെയ്യേണ്ട വിളകൾ ഏതൊക്കെയാണെന്ന് നിശ്ചയിച്ച് കൃഷികൂട്ടങ്ങളെയും കർഷകരെയും ഉത്പാദക സംഘങ്ങളെയും സംഘടിപ്പിച്ച് ഉൽപ്പാദനം ആരംഭിക്കുക എന്നതാണ് മൂന്നാം ഘട്ടം.
തരിശു സ്ഥലങ്ങൾ കണ്ടെത്തി വിപണി ആവശ്യകത, പോഷക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കി വിള ഉൽപ്പാദന പ്ലാൻ തയ്യാറാക്കുക, ഉൽപ്പാദന/സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, വ്യക്തിഗത കർഷകർ എന്നിവർക്ക് ആവശ്യമായ യന്ത്രവൽക്കരണ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുക, പുതുതായി കണ്ടെത്തുന്ന കൃഷി സ്ഥലങ്ങളിൽ അനുയോജ്യമായ സംയോജിത കൃഷിരീതികളുടെ സാധ്യത ഫാം പ്ലാൻ വർക്ക് ഷോപ്പുകളിലൂടെ നിർണ്ണയിച്ച് നടപ്പിലാക്കുക തുടങ്ങിയവയും മൂന്നാം ഘട്ട പ്രവർത്തനങ്ങളാണ്.
ഉൽപ്പാദന വിള നിർണ്ണയ വിപണന രേഖ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാന, കേന്ദ്രാവിഷ്കൃത, തദ്ദേശ സ്വയംഭരണ പദ്ധതികൾ സംയോജിപ്പിച്ചാവും കൃഷി സമൃദ്ധി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.