Sections

കെപിഐടി സ്പാർക്കിൾ 10ാം വാർഷിക എഡിഷനിൽ മൊബിലിറ്റി ഇന്നൊവേഷനായുള്ള 1000 ആശയങ്ങൾ

Saturday, Mar 09, 2024
Reported By Admin
KPIT

കെപിഐടി സ്പാർക്കിൾ 10ാം വാർഷിക എഡിഷനിൽ മൊബിലിറ്റി ഇന്നൊവേഷനായുള്ള 1000 ആശയങ്ങൾ

കൊച്ചി: സോഫ്റ്റ് വെയർ അധിഷ്ഠിത വാഹനങ്ങൾ യാഥാർത്ഥ്യമാക്കാൻ ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗങ്ങളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ സംയോജന പങ്കാളിയായി പ്രവർത്തിക്കുന്ന കെപിഐടി ടെക്നോളജീസ് തങ്ങളുടെ പതാക വാഹക മൊബിലിറ്റി സോഫ്റ്റ്വെയർ ഡിസൈൻ, ഡെവലപ്മെൻറ് ഇന്നൊവേഷൻ മൽസരമായ കെപിഐടി സ്പാർക്കിൾ 2024-ൻറെ വിജയികളെ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഏഴു മാസമായി 400ലേറെ കോളേജുകളിൽ നിന്നുള്ള 19,000ത്തിലേറെ വിദ്യാർത്ഥികളിൽ നിന്നായി 1000ലേറെ ആശയങ്ങളായിരുന്നു ലഭിച്ചത്. വാഹന മേഖലയ്ക്കായുള്ള സോഫ്റ്റ് വെയർ സാങ്കേതികവിദ്യയ്ക്ക് ഇവ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കെപിഐടി വിദഗ്ദ്ധർ ഇവ രണ്ടു ഘട്ടങ്ങളായി വിശദമായി വിശകലനം ചെയ്ത ശേഷം എട്ടു ടീമുകളെ ഫൈനലിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു.

ഡ്രൈ സെൽ ഇലക്ട്രോളിസിസ് രീതിയിലെ എസ്ഐ എഞ്ചിനായുള്ള ഫലപ്രദമായ തദ്ദേശീയ ഹൈഡ്രോക്സി (എച്ച്എച്ച്ഒ) ഗ്യാസ് ജനറേഷൻ സിസ്റ്റത്തിൻറെ രൂപകൽപ്പനയും വികസനവം എന്ന ആശയത്തിന് തമിഴ്നാട്ടിലെ പെരുന്തുറയിൽ നിന്നുള്ള കൊങ്കു എഞ്ചിനീയറിങ് കോളേജിലെ ടീം ജി-റെക്സ് 7 ലക്ഷം രൂപ സമ്മാനത്തുകയുളള പ്ലാറ്റിനം അവാർഡ് നേടി. റെഡി ചാർജിങിനായുള്ള പ്ലഗ്-ഇൻ കിറ്റ് എന്ന ആശയത്തിന് കോയമ്പത്തൂർ ശ്രീ കൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻറ് ടെക്നോളജിയിലെ ടീം ക്രെനോവിയൻറ്സ് 5 ലക്ഷം രൂപയുടെ ഗോൾഡ് അവാർഡ് നേടി.

KPIT Grand Finale

കെപിഐടി സ്പാർക്കിളിനോടൊപ്പം അക്കാദമിക്, വ്യവസായ മേഖലകളിൽ നിന്നുള്ള പിഎച്ച്ഡി ഗവേഷകർക്കായുള്ള ആഗോള വേദിയായ കെപിഐടി ശോധ് അവാർഡുകളും നൽകി.

മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുളള വിജയകുമാർ കാൻചെട്ല 10 ലക്ഷം രൂപയുടെ ഏറ്റവും മികച്ച ഗ്രൗണ്ട് ബ്രെയ്ക്കിങ് റിസർച്ച് അവാർഡ് നേടി. മെറ്റൽ ചാൽകോജെനൈഡിൽ ഉയർന്ന തെർമോ ഇലക്ട്രിക് പ്രകടനം കൈവരിക്കുന്നതിനുള്ള കെമിക്കൽ ബോണ്ടിങ് ഇലക്ട്രോണിക് ഘടന, ലാറ്റിസ് ഡൈനാമിക്സ് എന്നിവയുടെ ടൈലറിങ് എന്ന പ്രബന്ധത്തിന് ജവഹർലാൽ നെഹ്രു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ചിലെ ദേബട്ടം സർക്കാർ 9 ലക്ഷം രൂപയുടെ ഏറ്റവും മികച്ച റിസർച്ച് അവാർഡ് നേടി.

കെപിഐടി സ്പാർക്കിൾ ഇതുവരെയുള്ള 10 വർഷത്തെ യാത്രയിൽ ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് പ്രചോദനമായെന്ന് കെപിഐടി ടെക്നോളജീസ് ചെയർമാൻ രവി പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. മികവുറ്റ യുവാക്കളുടെ മനസിൽ പുതുമയുടേതായ ഒരു സംസ്ക്കാരം വളർത്തിയെടുക്കുകയാണ് തങ്ങളുടെ അചഞ്ചലമായ ലക്ഷ്യം. യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളിൽ അധിഷ്ഠിതമായ ഇവ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.